Skip to main content
banner
Srishti-2022   >>  Poem - Malayalam   >>  ഹിമകണം

Aparna Mohan

Tata Elxsi

ഹിമകണം

പുലരിതൻ  കമ്പിളിക്കുള്ളിൽ മയങ്ങുമൊരു

നേർത്ത വെൺഹിമകണമേ നിൻ

മൃദു തനുവിൽ ഞാനറിയുന്നു

പുലരിതൻ വിങ്ങലും നിൻ ദുഃഖവായ്പ്പും

ക്ഷണികമാം  നിൻ ജീവയത്നത്തിനൊട്ടുമേ

പരിഭവമില്ലെന്നായ്കിലും നീ

ശേഷിപ്പതില്ലയോ നിർമ്മലമാം ചെറു

കുളിരും മതിപ്പും എൻ അന്തരാത്മാവിലും

വെൺപുലരിയിൽ നിന്നെത്തിനോക്കുന്നൊരു

തേജസ്വിയാം കിരണത്തെ ശപിക്കുന്നതില്ല നീ

വിധിയെ പുണർന്നു നീ അസ്‌തമിക്കുന്നുവോ

നേർത്ത കുളിർമതൻ സ്മരണകൾ വഴിവെച്ചു

ഏന്തേ മഥിക്കുന്നു എൻ അന്തരാത്മാവ്

സ്വസ്ഥമാം നിൻ ജീവിതോപാസനയുൾകൊണ്ട്    

എത്രയോ മോഹാന്ധമായൊരു പാഴ്ക്കിനാ-

വാകുന്നു മർത്യാ നിൻ ജന്മവും വിദ്യയും  

ഏതോ ഏകാന്തയാമത്തിൽ  ജീവിക്കയോ നീ

പുല്കുന്നുവോ വ്യഥയാം വലയത്തെ തന്നിലും

സത്യമാം പ്രപഞ്ചത്തിൽ ഉത്ഭവിച്ചു നീ

ആദിമധ്യാന്തങ്ങൾ ഒന്നും അറിയാതെ

പാടിപ്പഠിച്ചതും തേടിപ്പിടിച്ചതും തന്നിൽ

നിന്നേറെ അകലത്തിലെന്നറിഞ്ഞിട്ടും

എത്താത്ത തീരങ്ങൾ പുൽകുവാൻ വെമ്പിയും

കാണാത്ത മാത്രകൾ താണ്ടുവാൻ മോഹിച്ചും

തൻ രക്തത്താൽ സ്വപ്‌നങ്ങൾ ചാലിച്ചെഴുതിയും

ലോകത്തിൻ  കാന്തിക ശേഷിയെ ഭേദിച്ചും

എത്തിപ്പെടും എന്നഹങ്കരിക്കുന്നൊരു നാളിനും

എത്രയോ ഇപ്പുറം നിൽക്കുന്നു നീ ഇന്നും...  

മോഹമാം അശ്വത്തിൻ ദ്രുതചലനത്തി-

നൊത്തു മുന്നേറാൻ നീ ശീലിക്കയല്ലയോ

തുച്ഛമാം ജീവിതയാത്രതൻ അന്ത്യത്തിൽ

മിച്ചമായ് എന്ത് ലഭിക്കുന്നു , നേടുന്നു ?