Skip to main content

മൂന്നുമുക്കുറ്റിയുടെ ഓണം

onakurippu11

Entry No :011

RIJI CP [INNOVAL DIGITAL SOLUTION]

 

 

വേനലിന്റെ വരവറിയിക്കുന്ന ഗുൽമോഹർ പോലെ,

ഓണത്തിന്റെ വരവറിയിച്ചു വഴിയരികിൽ എല്ലാം സ്വർണ്ണ നിറത്തിലുള്ള കുഞ്ഞു മുക്കുറ്റി പൂക്കൾ വന്നു തുടങ്ങും..

ഒരൊറ്റ തണ്ടിൽ മൂന്നുപ്പൂക്കൾ ഒരുമിച്ച് വിരിഞ്ഞു നിൽക്കുന്നതാണ് "മൂന്നുമുക്കുറ്റി ".

കുട്ടിക്കാലത്തെ എന്റെയും കൂട്ടുകാരുടെയും ഭാഗ്യചിഹ്നം.

സ്കൂളിലേക്ക് നടന്നു പോകും വഴി മൂന്നുമുക്കുറ്റികളെ തിരയലാണ് ഓണക്കാലത്തെ പ്രധാന ജോലി. മൂന്നുമുക്കുറ്റി കിട്ടുന്നയാൾക്ക് അന്ന് അയാൾ ആഗ്രഹിച്ചത് നടക്കും എന്നാണ് വിശ്വാസം. അങ്ങനെ,

കണക്ക് സർ വരാതിരുന്നിട്ടുണ്ട്, മിട്ടായികൾ കിട്ടിയിട്ടുണ്ട്, എന്തിനു ക്രഷിന്റെ ഒരു നോട്ടം വരെ കിട്ടിയവരുണ്ട്.

കുഞ്ഞികയ്യിൽ മുക്കുറ്റി പൂക്കളുമായി സ്കൂളിലേക്ക് പോകുമ്പോൾ, പിന്നെ നോക്കുന്നത് കുഞ്ഞിവിരലിലെ നഖത്തിലെ വെള്ളക്കുത്തുകളാണ് . ആ വെള്ളക്കുത്തുകളുടെ എണ്ണം നോക്കി വരുന്ന ഓണത്തിന് എത്ര ഓണക്കോടികൾ കിട്ടും എന്നുവരെ കണക്കാക്കിയിരുന്നു..

അങ്ങനെ അങ്ങനെ...കുറേ വിശ്വാസങ്ങൾ....

ഇന്നിപ്പോൾ കിട്ടുന്ന ഓണക്കോടികളെക്കാൾ കൊടുക്കാനുള്ള ഓണക്കോടികളുടെ എണ്ണം കൂട്ടി പ്രായം വന്നെത്തി നിൽക്കുമ്പോൾ, കുഞ്ഞുനഖത്തിലെ വെള്ളക്കുത്തുകൾ വിറ്റാമിൻന്റെ കുറവാണെന്നു തിരിച്ചറിഞ്ഞെങ്കിലും മൂന്നുമുക്കുറ്റിയോടുള്ള വിശ്വാസം ഇത്തിരി പോലും മാഞ്ഞുപോയില്ല .

ഒരിക്കെ, ഓഫീസിലെ ടീമിൽ ഒരു തമാശകണക്കെ എന്റെ ഈ കഥകൾ പറഞ്ഞതിനു ശേഷം, ഒരു ദിവസം എന്റെ പ്രൊജക്റ്റ്‌ മാനേജർ മെസ്സേജ് ചെയ്തു. "എനിക്കും കിട്ടിട്ടോ മൂന്നുമുക്കുറ്റി "...

അന്ന് ആ വ്യക്തി ആഗ്രഹിച്ചത് നടന്നോ ഇല്ലയോ എന്നറിയില്ല .. എന്നാലും

ഒരുപാട് സന്തോഷം തോന്നി.

എന്തു തന്നെ ആയാലും.. ഇന്നീ ഓണക്കാലത്തു കൊറോണക്ക് പിടികൊടുക്കാതെ വീട്ടുകാർക്കൊപ്പം ആരോഗ്യത്തോടെ ഓണം ആഘോഷിക്കാൻ കഴിയുന്നതാണ് വലിയൊരു ഭാഗ്യമെന്നു ഞാൻ കരുതുന്നു.

ആഗ്രഹങ്ങ‌ളുടെ വലുപ്പം കൂടിയെങ്കിലും ഇന്നും ഓണക്കാലമായാൽ എവിടെയെങ്കിലും മൂന്നുമുക്കുറ്റിയെ കണ്ടാൽ ആ പഴയ നാലാം ക്ലാസുകാരിയുടെ പ്രായത്തിലേക്ക് മനസ്സ് ചെന്നെത്തിനിൽക്കും.

അറിയാതെ എന്തെങ്കിലുമൊക്കെ ആഗ്രഹിച്ചും പോകും.