Skip to main content
Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Glady Selvaraj

Servntire Global Pvt Ltd

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

വൈവിധ്യസമ്പൂർണമായ ഒരു നാടിൻ്റെ പിന്തുടർച്ചാവകാശികളാണെന്ന് അഭിമാനത്തോടെ ഉറക്കെ പറയുന്നവരാണ് നാം മലയാളികൾ. അടിപതറാത്ത ആത്മവിശ്വാസവും നിശ്ചയധാർഷ്ട്യവും എന്നും കൈമുതലായുള്ള നമുക്ക് പുതുമയെ സ്വീകരിക്കുന്നതും പരീക്ഷിക്കുന്നതും എന്നും ഉത്സുകകരമായ സംഗതിയാണ്.മലയാള തനിമയെ നുകരാൻ ലോകം ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കു വരുമ്പോൾ, പുതുമയെന്ന വാക്കിൽ മഥോമത്തരായി മലയാളി വശം കെട്ടിയിക്കുന്നു. സ്വന്തം ജീവിതത്തിൻ്റെ ശൈലി മറന്ന് ഏത് ശൈലിയെയും സ്വായത്തമാക്കാൻ അസ്ഥിര പാതകളെ കടമെടുത്തു, ജീവിതത്തിൻ്റെ കടക്കെണിയിൽ ഭാവിയുടെ ആശങ്കകളുമായി നിലകൊള്ളുകയാണ് ആധുനിക മലയാളി.

 

ഏതൊരു യൂറോപ്യൻ രാജ്യവുമായി കിടപിടിക്കാൻ കഴിയുന്നതാണ് കേരളത്തിൻ്റെ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങൾ. ജീവിതനിലവാരം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, നവീന ശാസ്ത്ര സാങ്കേതിക വിദ്യയിലെ മുന്നേറ്റം, ആയുർദൈർഘ്യം, സാമൂഹിക സമത്വം അങ്ങനെ ഏത് മേഖലയിലും കേരളത്തിന് അഭിമാനിക്കാൻ ഏറെ വക ഉണ്ട്.

 

കുടിയേറി വാണവരും, മലകേറി വെന്നവരും മണ്ണ് പൊന്നാക്കി പുതു തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമേകിയും , മണലാരണ്യത്തിൽ വിയർപ്പിൻറ്റെ വിലകൊടുത്തു കുടുംബത്തിൻ്റെ അഭിമാനമേന്തിയവരും, ലോകത്തിൻ്റെ മാലാഖാമാരായി കടൽ കടന്നു കാരുണ്യസ്പർശം വിതറി ഒരു തലമുറയെ രക്ഷപ്പെടുത്തിയവരും ഒത്തുചേർന്ന് പടുത്തുയർത്തിയതാണ് ഈ കേരളത്തിൻ്റെ അഭിമാനമാകുടം. എന്നാൽ ചില ബിന്ദുക്കൾ ചേർക്കാൻ എവിടൊക്കെയോ വിട്ടുപോയിരിക്കുന്നു. ആ ചേർച്ചയില്ലായ്മയ്ക്ക് ആധുനിക മലയാളി കനത്ത വില കൊടുത്തും തുടങ്ങിയിരിക്കുന്നു.

 

ആവശ്യത്തേക്കാൾ ആഡംബരത്തിനു പ്രാധിനിത്യം കൊടുത്തപ്പോൾ മലയാളിക്കിടയിൽ ഉപഭോക്ത്യവാദം കുന്നോളം വളർന്നു. കൈയും മെയ്യും മറന്നു കണ്ണിൻ്റെ കുളിർമകളെ പുണരുന്ന ആ പുതിയ ജീവിതശൈലിയെ മലയാളി തന്റേതാക്കി. പാശ്ചാത്യവത്കരണം എന്ന് പറഞ്ഞു നിസാരമായി കാണാൻ ആകാത്ത വിധം വേരിറങ്ങി ഉപഭോക്ത്യവാദത്തിൻ്റെ ചില്ലകൾ കൊഴുത്തു. പരിണിതഫലമായി അളവറ്റ പ്രകൃതി ചൂഷണം ഒളിമറയില്ലാതെ ചെയ്യാൻ മലയാളി ഗ്രഹസ്ഥമാക്കി.ആഡംബരവാതിലിൻ്റെ മറുപുറത്തു വലിച്ചെറിൻ്റെ രൂക്ഷഗന്ധം മനം പിരട്ടിയിട്ടും, മലയാളി പുതിയ ജീവിതശൈലിയെ കൈവിടാൻ തയ്യാറല്ല എന്നതാണ് ആച്ഛര്യം.

 

മണ്ണും മലയും വിറ്റ് , ഫ്ലാറ്റും കാറും വാങ്ങി, ആറും തോടും വറ്റിച്ച് പൊരിവെയിലിൽ കുപ്പി വെള്ളം വാങ്ങി , പുത്തൻ സമൃദ്ധിക്ക് മാറ്റുകൂട്ടാൻ കടലാസുകൂട്ടിൽ നിന്ന് പ്ലാസ്ടിക്കിലേക്ക് കുടിയേറി, സൂര്യൻെ കോപം തോൽപ്പിക്കാൻ തൊടിയിലെ മാവും മരങ്ങളും വെട്ടി ഇൻസ്റ്റാൾമെന്റിൽ എസി വാങ്ങി, മെഴുകിത്തണുത്ത തറയിലെ തണുപ്പിന് പത്രാസ് പോരാത്തതിനാൽ ടൈൽസും മാർബിളും വാങ്ങി,പൊങ്ങച്ചത്തിന്റെ വിഴുപ്പലക്കലിന്‌ മാറ്റ് കൂട്ടാൻ കൂറ്റൻ സൗധങ്ങൾ പണിതു,കാവലിനു ജരാനരകൾ ബാധിച്ച മാതാപിതാക്കളെയും കുടിയേറ്റി.അങ്ങനെ ആഡംബരത്തിൻ്റെ പുതിയ ജീവിതശൈലി പടുവൃക്ഷമായി പടർന്നു പന്തലിച്ചു

 

.ഇതിനോടൊപ്പം കാലത്തിൻ്റെ കുത്തൊഴുക്കിൽ കരകവിഞ്ഞു ഒഴുകിയെത്തിയ പുത്തൻ ആഹാരശീലങ്ങൾ ശരീരത്തെ കാർന്നു തിന്നിട്ടും അതിനെ നെഞ്ചോടു ചേർത്തുനിർത്തുന്ന മലയാളിയെ ആദരിക്കാതെ തരമില്ല.പെരിയാറിൽ കുളിച്ചു മലനാടിൽ വളർന്നു നറുമേനി വിളയിച്ച മലയാളി അടുക്കളകളെ ഇന്ന് പരിപോഷിപ്പിക്കാൻ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉപ്പു മുതൽ കർപ്പൂരം വരെ എത്തണം.അഥവാ ഇതിലേതെങ്കിലും പണിമുടക്കിയാൽ യൂബർ അല്ലെങ്കിൽ സ്വിഗ്ഗി വേണം ആധുനിക മലയാളിക്ക് വയറു നിറയ്ക്കാൻ.കൂൺ പോലെ കിളിർക്കുന്ന ഹോട്ടൽ ശൃംഖലകളും അതിനോടൊപ്പം മുളയ്ക്കുന്ന ആശുപത്രികളും എത്രയൊക്കെ മലയാളിയെ ഭയപ്പെടുത്താൻ ശ്രമിച്ചാലും മദ്യത്തിൽ അല്പം കോള കലക്കി കൈയ്യിൽ പിടിച്ചു നെഞ്ചും വിരിച്ചു ആശുപത്രി കിടക്കയിൽ കിടക്കാനാണ് പരിഷ്കാരി മലയാളിക്കിഷ്ടം .

 

വിദ്യാഭിവൃത്തിയുടെ പരകോടിയിൽ എത്തിനിൽക്കുമ്പോൾ , വിദ്യയെന്നാൽ ശാസ്ത്രസാങ്കേതിക വിദ്യയെന്നും അത് പണസമ്പാദനത്തിനും ജീവനോപാദിക്കും മാത്രമുള്ള ശ്രോതസ്സായും തെറ്റിദ്ധരിക്കപ്പെട്ടു. ശാസ്ത്രത്തോടുള്ള അമിതാഭിനിവേശം ജീവിതവും ശാസ്ത്രവും ഇഴചേർക്കാൻ പാകത്തിലുള്ള ഒരു ശൈലിക്ക് രൂപംകൊടുത്തു അത് ഇന്ന് പിരിച്ചെടുക്കാൻ ആകാത്തവിധം ഇഴപെട്ടു ജഡയായിത്തീർന്നു.മനുഷ്യന് മനുഷ്യനോട് മറയിട്ടു സംവദിക്കാൻ, അന്യൻറെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ , ആരെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ,കപടമുഖത്തിന്റെ ചാപല്യം പ്രദർശിപ്പിക്കാൻ,എന്തിനേറെ മേലനങ്ങാതെ പണി എടുക്കാൻ ഇതിനൊക്കെ മാത്രം സാങ്കേതികവിദ്യയെ കൂട്ട് പിടിക്കുന്ന ഒരു വലിയ കൂട്ടത്തിനു മലയാളി ജന്മം നൽകി. നന്മയുടെ നേരിയവെട്ടം കാത്തുസൂക്ഷിക്കുന്ന പലർക്കും അപമാനമാംവിധം ഈ ജീവിതശൈലി മലയാളിയെ ആശ്ലേഷിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം.

 

വികസനത്തിന്റെ പാത മലർക്കെ തുറന്നപ്പോൾ ഉപജീവനത്തിൻ്റെ പുത്തൻ മാർഗങ്ങൾ നിഷ്പ്രയാസം അഭ്യസ്തവിദ്യരായ മലയാളിക്ക് മുന്നിൽ നിഷ്പ്രയാസം തുറന്നു.മണ്ണിൻറ്റെ മണത്തിൽ നിന്ന് പാശ്ചാത്യജീവിതത്തിൻ്റെ സുഖലോലുപതയുടെ ഉപജീവനമാർഗ്ഗങ്ങൾ തണലായപ്പോൾ വന്നവഴികൾ ഭാരമായി തോന്നിയിട്ടാണോ അതോ അഭിമാനത്തിൻ്റെ, പുത്തൻ അന്തസിൻ്റെ കുടകൾ അർത്ഥരാത്രിക്ക് നിവിർത്തിയത് കൊണ്ടാണോ എന്നും നിശ്ചയമില്ല , ആധുനിക സമൂഹവ്യവസ്ഥയിൽ ശിതീകരിച്ച മുറിയിൽ ഇരിന്നു പണിയെടുക്കുന്നവന് അന്തസിൻ്റെ പട്ടികയിൽ ഉന്നതി കിട്ടി.ചുട്ടുപൊള്ളുന്ന വെയിലിൽ പോലും മണ്ണിനെ മാറോടണച്ചവർ തങ്ങളുടെ തലമുറ ഒരിക്കലും തങ്ങളെപ്പോലാകാതിരിക്കാൻ രാവും പകലും വിയർപ്പൊഴുക്കി അന്തസിൻ്റെ പുതിയ ആകാശം കീഴടക്കാൻ ശ്രമിക്കുന്നു.പിറന്നു വീഴുന്ന പൊന്നോമനയുടെ നാവിൽ ധാത്രിഭാഷകൾ അനസ്യൂതം അലയടിക്കാൻ മാതൃഭാഷയെ നാടുകടത്തുന്നു.

 

ഇതിനെല്ലാം പുറമെ അരക്ഷിതാവസ്ഥയുടെ മാനസികാവസ്ഥകളിൽ നിന്ന് ഉടലെടുക്കുന്ന വിവിധ രൂപ- ഭാവത്തിലുള്ള അക്രമാവസ്ഥകളും അതിനു കൂട്ടായി വന്നെത്തിയ മദ്യത്തിൻെയും മയക്കുമരുന്നിന്റെയൂം പുത്തൻ മാനങ്ങളും. കണ്ണടച്ച് ഇരുട്ടിച്ചാലും യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമുക്കാകില്ല. ജീവിതശൈലി പകർത്തുന്നത് നല്ലതാണ് , അത് വിശാലമനസുള്ളവരാൽ മാത്രം പര്യാപ്തമായ വസ്തുതയാണ്.എന്നാൽ പകർത്തുന്നത് നിലമറന്നുള്ള അനുകരണങ്ങൾ ആകുമ്പോൾ പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില പ്രളയവും, കൊലപാതകങ്ങളും,ആത്മഹത്യകളും,ജീവിതശൈലി രോഗങ്ങളും ആയിട്ടാണ്.

 

മലയാളി ദത്തെടുത്തു, സ്വന്തം മക്കൾക്കൊപ്പം എല്ലാ ചിട്ടയിലും ക്രമത്തിലും ഒട്ടും കറപുരളാതെ വളർത്തിയ നല്ല ജീവിത ശൈലികൾ നമുക്കുണ്ട്.നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം, സമൂഹത്തിൽ സ്ത്രീക്കുള്ള തുല്യപരിഗണന,ജാതി മത ചിന്തകൾക്ക് അതീതമായ സമത്വത്തിൻറെ സാമൂഹിക കാഴ്ചപാട് അങ്ങനെ പലതും.

 

ലോകം മലയാളിയെ അഭിമാനത്തോട് നോക്കികാണുമ്പോൾ,ഈ നാട് ദൈവത്തിൻ്റെ പറുദീസയായി വാഴ്ത്തുമ്പോൾ, നിബന്ധനകളും വ്യവസ്ഥകളും നോക്കാതെ കടമെടുത്തു കടക്കെണിയിൽ അകപെടുത്തിയ ശൈലികളെ പടിയടച്ചു, കേരളത്തിൻ്റെ വിശാലമായ തനതു ശൈലിയെ ആധുനികതയുടെ പുതിയ നല്ല അദ്ധ്യായത്തോടു ചേർത്ത് പടുത്തുയർത്താം.അതിനു പ്രാപ്തമായ ഒരു തലമുറ പ്രത്യാശയുടെ കിരണങ്ങൾ പരത്തി ജീവിക്കുന്നു എന്നതാണ് പ്രതീക്ഷയ്ക്ക് പൊൻവെളിച്ചം തൂകുന്നത്.