Skip to main content

പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് 2017 -19

PES2017-2019

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതിയായ "പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് 2017 -19" ൻറെ അവസാന ഗഡു വിതരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആദരണീയ ഗവർണർ ശ്രീ പി സദാശിവം ഇന്ന് (2019 മാർച്ച് 29, വെള്ളിയാഴ്ച) 11 : 30 മണിക്ക് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നിർവഹിച്ചു.

ടെക്‌നോപാർക് സി ഇ ഒ ശ്രീ ഋഷികേശ് നായർ, ശ്രീ അൻവർ സാദത്ത് ( വൈസ് ചെയർമാൻ, KITE), പ്രതിധ്വനി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് ജനറൽ കണ്വീനർ നിഷിൻ സ്വാഗതം പറഞ്ഞു. ശ്രീ അൻവർ സാദത്ത്, പ്രതിധ്വനി പ്രസിഡന്റ് ശ്രീ വിനീത് ചന്ദ്രൻ, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് ജോയിന്റ് കണ്വീനർ സിനു ജമാൽ നന്ദി പറഞ്ഞു.

തമിഴ് നാട്ടിലെ ഒരു സാധാരണ ഗവണ്മെന്റ് സ്കൂളിലും, ഗവൺമെന്റ് ലാ കോളെജിലും പഠിച്ചു, കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രം സുപ്രീം കോടതി ജഡ്ജിവരെയായ ഓർമ്മകൾ ഗവർണർ ശ്രീ പി സദാശിവം കുട്ടികളോട് പങ്ക് വച്ചു. കഠിനാധ്വാനത്തിലൂടെ വിചാരിക്കുന്ന ഏത് പദവിയിലുമെത്തിച്ചേരാനാകുമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.

2017 ഇൽ നടന്ന SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി വിജയിച്ച തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള BPL കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് Rs.24000/- രൂപയാണ് സ്കോളർഷിപ് വഴി നൽകുന്നത്. 155 കുട്ടികളാണ് ഇത്തരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഐ ടി ജീവനക്കാരിൽ നിന്നും സ്പോൺസർമാരെ കണ്ടെത്തിയാണ് പ്രതിധ്വനി സ്‌കോളർഷിപ്പിനുള്ള 38 ലക്ഷം രൂപ കണ്ടെത്തിയത്.

ആദ്യ ഗഡു ആയ Rs .9000 /- സ്കോളർഷിപ്പ് ഉദ്ഘാടനത്തോടൊപ്പം വിതരണം ചെയ്യുകയുണ്ടായി, തുടർന്ന് ഓരോ മൂന്നു മാസം കൂടുമ്പോഴും Rs . 3000/- രൂപവീതം നാലു തവണ ആയി കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. ചടങ്ങിനു ശേഷം സ്കോളർഷിപ് ൻറെ അവസാന ഗഡു വിതരണവും. കുട്ടികൾക്കായ്, കരിയർ ഗൈഡൻസ് വിദഗ്ദൻ ഡോ. ശ്രീ. രാജു കൃഷ്ണന്റെ കരിയർ ഗൈഡൻസ് ട്രെയിനിങ്ങും ഉണ്ടായിരുന്നു.

ഇത് രണ്ടാം തവണയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് നൽകുന്നത് . 80 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ തവണ (2015 -17) പ്രതിധ്വനി സ്കോളർഷിപ്പ്നൽകിയത്. ഇത് വരെ 235 കുട്ടികൾക്കായി 58 ലക്ഷം രൂപയാണ് പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് വഴി വിതരണം ചെയ്‌തത്‌.

തുടർച്ചയായി ഞങ്ങളോട് സഹകരിക്കുന്ന ഐ ടി ജീവനക്കാരായ സ്പോൺസർമാർക്ക് പ്രതിധ്വനിയുടെ ഹൃദയംഗമായ നന്ദി.