Skip to main content

ഓർമ്മകൾക്കെന്ത്‌ സുഗന്ധം...

onakkurppu09

Entry No:009

Nandakishore K N [EY]

 

മീനച്ചിലാറിന്റെ തീരത്ത്, ഭരദേവതയെ കുടിയിരുത്തിയിരുന്ന നാലുകെട്ടിലെ ചന്ദനത്തിന്റെ ഗന്ധമായിരുന്നു എന്റെ ഓർമ്മയിലെ ഓണത്തിന്. സമപ്രായക്കാരും ചേട്ടന്മാരും ചേച്ചിമാരുമായി ഒത്തിരിപ്പേർ അച്ഛന്റെ തറവാട്ടിൽ ഒത്തുകൂടിയിരുന്ന ആ ഓണക്കാലത്തിന് ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. മീനച്ചിലാറ്റിൽ തിമർത്തു നീന്തിക്കുളിച്ചതും, തോർത്തുമുണ്ടുകെട്ടി ചെറുമീനുകളെ പിടിച്ചതും, തൊടിയിൽ പശുക്കിടാവിന്റെ പിന്നാലെ ഓടി നടന്നതുമെല്ലാം എല്ലാ ഓണക്കാലങ്ങളിലും എന്റെ ഓർമ്മയിൽ ഓടിയെത്താറുണ്ട്.

വിശാലമായ റബർ തോട്ടത്തിലൂടെ നടന്ന് തറവാട്ടിലേക്കുള്ള പടികൾ കയറുമ്പോൾ അരികിൽ നിന്നിരുന്ന നാഗലിംഗമരത്തിലെ പൂക്കളുടെ സുഗന്ധം ഓണക്കാലങ്ങളിൽ എനിക്ക് സുപരിചിതമായിരുന്നു. തൊടിയിൽ പഴുത്തു നിന്നിരുന്ന മൾബറി പഴത്തിന്റെയും, നിലവറക്കുള്ളിൽ മുത്തശ്ശി സൂക്ഷിച്ചു വെക്കുമായിരുന്ന ഉപ്പേരിയുടെയും, നാവിൽ വെള്ളമൂറിക്കുന്ന സ്വാദ് നാളിതുവരെ മറ്റൊരിടത്തും അനുഭവിച്ചറിഞ്ഞിട്ടില്ല. കാവിൽ ഭഗവതിക്ക് നിവേദിച്ചിരുന്ന ശർക്കരപ്പായസത്തിന്റെ രുചിയും, എപ്പോഴും തിരക്കായിരുന്ന വലിയ അടുക്കളയിലെ വെണ്ണയുടെ ഗന്ധവും മനസ്സിൽ ഇന്നും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തുന്നു.

അങ്ങനെ, കുറച്ചു നല്ല ദിവസങ്ങൾക്കുശേഷം എല്ലാവരോടും യാത്രപറഞ്ഞു പിരിയുമ്പോൾ അടർന്നുവീണിരുന്ന കണ്ണുനീരിന്റെ നനവുമുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്തെ ഓണത്തിന്. വീണ്ടും പാഠപുസ്തകങ്ങളിലേക്ക് മുഖവും മനസ്സും തിരിക്കുമ്പോൾ, അടുത്ത ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് പോലും മനസ്സിൽ കുളിർമ്മയായി നിറഞ്ഞിരുന്നു. കുടുംബബന്ധങ്ങളിലെ ചില അസ്വാരസ്യങ്ങൾക്കിടയിൽ തറവാട്ടിലേക്കുള്ള യാത്രകൾ നിലച്ചുപോയപ്പോൾ എനിക്കന്യമായത് സുന്ദരമായ എന്റെ ഓണക്കാലങ്ങളുടെ ഊഷ്മളതയും പിന്നീടൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത രുചികളും സുഗന്ധങ്ങളും ആയിരുന്നു.

ഓണമെന്ന വികാരത്തെ കുട്ടിക്കാലം മുതൽ ഉൾക്കൊണ്ടിട്ടുള്ളവർക്കാർക്കും തന്നെ ഇന്നും ആ പഴയ നല്ലകാലത്തേക്ക് ഒരുവട്ടം മനസ്സുകൊണ്ടെങ്കിലും തിരിച്ചുപോകാതിരിക്കാനാവില്ല. ഓണാഘോഷങ്ങളെല്ലാം ഒരു കുഞ്ഞുലാപ്ടോപ്പ്‌ സ്ക്രീനിലേക്ക്‌ ഒതുങ്ങിപ്പോയ ഈ കൊറോണക്കാലത്തും‌ വരാനിരിക്കുന്ന നല്ല ഓണക്കാലങ്ങൾക്കായി നമുക്ക്‌ പ്രതീക്ഷയോടെ കാത്തിരിക്കാം. കരുതലോടെ.