Skip to main content
Srishti-2022   >>  Short Story - Malayalam   >>  സോളമന്റെ വചനങ്ങൾ

സോളമന്റെ വചനങ്ങൾ

സോളമന്റെ വചനങ്ങൾ

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു... പുഞ്ചപാടത്തിന്റെ മറുകരയിലുള്ള ഓടിട്ട ഒരു വീടായിരുന്നു സാറയുടെത്.. ഉമ്മറത്തിരുന്നാൽ കാണാം.. ഞാറ് നടീൽ കഴിഞ്ഞു മടങ്ങിപ്പോകുന്ന താഴ്ന്ന ജാതിക്കാരി പെണ്ണുങ്ങളെയും.. പണിക്കാരെയും...

ഉറങ്ങി എഴുന്നേറ്റതിന്റെ ക്ഷീണം സാറയുടെ മുഖത്തുണ്ട്... മുറുക്കിചുവപ്പിച്ചു അവൾ ഉമ്മറക്കോലയിൽ കാലും നീട്ടിയിരിപ്പാണ്... നേരം പോയിക്കൊണ്ടിരുന്നു... രാത്രി ചിറകുവിരിച്ചു വിരിയാൻ തുടങ്ങി... രാത്രി ചീവീടുകൾ അവളുടെ മച്ചിൻ പുറത്തു നേരത്തെ സ്ഥലം പിടിച്ചിരുന്നു...

ആൾമറയില്ലാത്ത കിണറിന്റെ മുകളിലോട്ട് പടർന്നു നിൽക്കുന്ന പഞ്ഞി മരത്തിന്റെ കൊമ്പിൽ തൂങ്ങി കിടക്കുന്ന കപ്പി, ശബ്ദമുണ്ടാക്കിക്കൊണ്ട് ചീവിടുകളോട് മത്സരിച്ചു...

വെള്ളം കോരിക്കഴിഞ്ഞു അലസമായി ഉപേക്ഷിച്ച പാളകൊണ്ടുള്ള കോരി അവളോട് പിണങ്ങി കമന്നു കിടന്നു... മേൽക്കൂരയില്ലാത്ത കുളിമുറിയിൽ നിന്നും സാറയുടെ പാട്ടും കേൾക്കുന്നുണ്ട്....

"സാറാമ്മേ... മോളെ... സാറാമ്മേ...."

കുടിച്ചു ലക്ക് കെട്ട് പാട്ടും പാടി ഒരാൾ പാടവരമ്പിലൂടെ സാറയുടെ വീടിനെ ലക്ഷ്യമാക്കി നടന്നുവരുന്നുണ്ടായിരുന്നു... ദൂരെ നിന്ന് തന്നെ അയാൾ അവളുടെ പേര് വിളിച്ചു കൂവുന്നുണ്ടായിരുന്നു...

"സാറാമ്മ കുട്ട്യേ......"

അയാളുടെ കയ്യിലുള്ള ഓലച്ചൂട്ടിന് ചുണ്ടത്തിരിക്കുന്ന ബീഡിയുടെ വെളിച്ചം പോലും ഇല്ലായിരുന്നു അന്ന്...

അവളുടെ വീട്ടിൽ എത്തിയതും അയാൾ ചൂട്ട് അണച്ച് അവളോട് പിണങ്ങിമാറിക്കിടക്കുന്ന കോരിയെടുത്തു വെള്ളം കോരി കാലു കഴുകി വരാന്തയിലോട്ട് കയറി...

"സാറാമ്മേ....."

"ആരാ ഗോപാലേട്ടനാ..."

"അതെ കുട്ട്യേ.... എത്ര നേരായി കിടന്ന് വിളിക്കുന്നു.. നീ ഇത് എവിടെപ്പോയി കിടക്കാ..."

"ധാ വരുന്നു ഗോപാലേട്ടാ.... ഞാൻ കുളി കഴിഞ്ഞു വസ്ത്രം മാറാൻ തുടങ്ങിയതേ ഒള്ളു..."

അയാൾ വരാന്തയിലെ ചാരുകസേരയിൽ കിടന്ന്കൊണ്ട് പാടവരമ്പിലോട്ട് നോക്കി എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്... അതിനിടയിൽ കയ്യിലുള്ള ബാഗിൽ നിന്ന് ചില കടലാസ് തുണ്ടുകൾ എടുത്ത് എന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ട്....

"ഇന്നെന്താ ഗോപാലേട്ടാ പതിവില്ലാതെ ഒരുപാട് കുടിച്ചിട്ടുണ്ടല്ലോ..."

"ഉം... സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോന്നറിയില്ല... നീ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ... പറയാനറിയാത്ത ഒരു പിടച്ചിലാ നെഞ്ചില്..."

"എനിക്കിപ്പോ 33 വയസ്സായി ഗോപാലൻ മോനെ... ഇന്ന് വരാന്ന് പറഞ്ഞ മൂപ്പരെ കണ്ടില്ലല്ലോ ഇതുവരെ... ഇനി വരാതിരിക്കോ... "

"അയാൾ ഒരു ട്യൂഷൻ മാഷാണ്... പിള്ളേരെ ഒക്കെ പറഞ്ഞു വിട്ട് കുറച്ചു വൈകിയേ വരൂ..."

"ഓ.... എന്ത് പ്രായം വരും... കാണാൻ എങ്ങനാ..."

"ഉം... എന്തെ പതിവില്ലാത്ത ഒരു ചോദ്യം... ഒരു 30 കാണും പെണ്ണെ.. കാണാനും തരക്കേടില്ല... എന്തെ ഇപ്പൊ ചോദിക്കാൻ..."

അയാൾ അവളെ തന്നെ നോക്കിയിരുന്നു.. അവൾ പതിവില്ലാതെ കിനാവ് കാണാൻ തുടങ്ങിയിരിക്കുന്നു.. നല്ല വസ്ത്രത്തിൽ ഇത്രെയും സുന്ദരിയായി അയാൾ അവളെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു...

"നിനക്കെന്തേ ഇപ്പൊ ഇങ്ങനെ തോന്നാൻ..."

അയാൾ അവളെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു...

"എങ്ങനെ തോന്നാൻ..??"

ഉമ്മറത്തെ തിണ്ണയിൽ ചാരിയിരുന്ന് മുടി ചീകിക്കൊണ്ട് അവൾ ചോദിച്ചു... അയാൾ കൂടുതൽ ഒന്നും ചോദിക്കാതെ ബാഗ് തുറന്ന് ഒരു കടലാസ് തുണ്ടും, ഒപ്പം ഒരുകെട്ട് നോട്ടുകളും അവൾക്ക് നേരെ നീട്ടി...

"ഇന്ന് എനിക്ക് പൈസയൊന്നും വേണ്ടെന്ന് ഞാൻ ഇന്നലെ പറഞ്ഞതാണല്ലോ.. ഇത് ഗോപാലേട്ടൻ എടുത്തോളൂ.. ചക്കീടെ ചികിത്സക്ക് ഇനിം വേണ്ടേ ഒരുപാട്...."

"വേണ്ട മോളെ.. ഇപ്പൊ തന്നെ ഒരുപാട് ആയി... ഇത് നിന്റെ കയ്യിൽ നിന്ന് പലപ്പോഴായി കടം വാങ്ങിയതും ചേർത്താണ്.. മോള് ഇത് വാങ്ങണം.."

"ദൂരെന്ന് ഒരു ചൂട്ട് വെളിച്ചം കാണുന്നുണ്ടല്ലോ.. അയാളായിരിക്കുമോ... നല്ല തിടുക്കത്തിലാണല്ലോ വരവ്.. ഗോപാലേട്ടൻ ഇതും കൊണ്ട് പൊയ്ക്കൊളു... നമ്മൾ തമ്മിൽ കടവും കണക്കും ഒന്നും വേണ്ട ഗോപാലേട്ടാ.."

"അത്.. ഇത് വാങ് മോളെ... ഇനി ഞാൻ ചിലപ്പോ ഇങ്ങോട്ട് വന്നേക്കില്ല... ഗോപാലേട്ടനോട് ന്റെ കുട്ടി ദേഷ്യം ഒന്നും വിചാരിക്കരുത്..."

"ഇല്ല ഗോപാലേട്ടാ.. അങ്ങേരോട് പോലും എനിക്കിപ്പോ ദേഷ്യം ഇല്ല.. പിന്നെയാണോ....

ഗോപാലേട്ടൻ പൊയ്ക്കോ... ചക്കിയോട് ന്റെ അന്വേഷണം പറയണം.. എന്നെ കാണാൻ വാശിപിടിച്ചാൽ എന്തേലും പറഞ്ഞു സമാധാനിപ്പിക്കണം... അവളും വളർന്ന് വരല്ലേ.. ഇനി എന്റെ കൂട്ട് നല്ലതല്ല...."

"എന്തേലും ആവശ്യം വന്നാൽ വിളിക്കണം... പോട്ടെ മോളെ.... എല്ലാത്തിനും മാപ്പ്.."

"ഓ.... ശരി ഗോപാലേട്ട.. അയാൾ ഇങ് എത്താറായി... എനിക്ക് വിഷമം ഒന്നുല്ലല്ലോ.. എന്റെ മുഖത്തോട്ട് നോക്കിയേ... എനിക്കെന്തേലും വിഷമം കാണുന്നുണ്ടോ... ഹഹഹ...."

അയാൾ ഉമ്മറത്തെ മാവിൻ ചോട്ടിൽ കുത്തി നിറുത്തിയിരിക്കുന്ന ഓലച്ചൂട്ട് എടുത്ത് വീശി അതിനെ ജീവൻ വെപ്പിച്ചു.. ചൂട്ടിലെ ഒരു ഇതളിലെ പൂവിൽ നിന്നും ബീഡി കത്തിച്ചു അയാൾ പാടവരമ്പിലൂടെ ഇറങ്ങി നടന്നു.. അയാൾ നടന്നകലുന്നതും നോക്കി സാറ ഒരു അമ്പിളിയെപ്പോലെ ആ വീട്ടുമുറ്റത്തു തിളങ്ങി നിന്നു... ചൂട്ടിൽ നിന്നും കൊഴിഞ്ഞു വീഴുന്ന പൂത്തിരികൾ അവളെ വിട്ട് പോകാൻ മനസ്സില്ലാത്ത വണ്ണം പുഞ്ചപ്പാടത്തുനിന്നും വീശുന്ന ഇളം കാറ്റിനോടൊപ്പം സാറയുടെ വീട്ടു പടിക്കലേക്ക് ഓടിക്കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു...

അയാളെയും മറികടന്ന് ഒരാൾ പാടവരമ്പത്തിലൂടെ അവളുടെ വീട്ടിലേക്ക് വരുന്നത് അവൾക് കാണാമായിരുന്നു.. അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അവൾ ഓടി അകത്തുകയറി.. അവളുടെ ചുവപ്പ് സാരിയുടെ തുമ്പോലകൾ വാതിലിനെ തഴുകി അവളോടൊപ്പം അകത്തോട്ട് ഓടിക്കയറി... പുളകം കൊണ്ട വാതിൽ പാളികൾ വിറച്ചു വിറച്ചു പതിയെ അടഞ്ഞു...

"ഇവിടെ ആരും ഇല്ലേ... സാറ ചേച്ചി..."

അയാൾ പുറത്തുനിന്ന് പതിയെ വിളിച്ചു...

"സാറ ചേച്ചിയോ... ആരാടാ നിന്റെ ചേച്ചി...."

അവൾ മനസ്സിൽ പതിയെ പറഞ്ഞു...അവളുടെ മുഖം പിണങ്ങി..

"ആരും ഇല്ലേ..."

"ആരാ....."

അവൾ കടുപ്പത്തിൽ ചോദിച്ചു...

"ഞാൻ.. ഞാൻ സോളമൻ... ഗോപാലേട്ടൻ പറഞ്ഞിട്ട് വന്നതാ..."

"ഓ.. ഇങ് കയറിപ്പോര്.. വാതിൽ ചാരിയിട്ടേ ഒള്ളു..."

അവൾ വാതിലിന്റെ വിടവിലൂടെ അയാളെ ഒളിഞ്ഞു നോക്കി.. ഒരു പാവമാണെന്ന് തോന്നുന്നു.. അയാളുടെ വെപ്രാളവും പരവശവും അവളെ കുസൃതി പിടിപ്പിച്ചു...  അയാൾ ചവിട്ടുപടികൾ കയറാൻ തുടങ്ങിയപ്പോൾ  അവൾ തെക്കുവശത്തെ മുറിയിൽ കയറി ബൈബിൾ കയ്യിലെടുത്തു മുട്ടുകുത്തിയിരുന്ന് വായിക്കുന്നത് പോലെ അഭിനയിക്കാൻ  തുടങ്ങി...

"ചേച്ചി എവിടെയാ...."

അയാൾ അകത്തുകയറി ചുറ്റും നോക്കി... അവൾ ഒന്നും മിണ്ടാതെ ബൈബിളിൽ നോക്കി വെറുതെ ചിരിച്ചു കൊണ്ടിരുന്നു...

"സോളമന്റെ വചനങ്ങൾ"

മേശപ്പുറത്തിരുന്ന പാതി തുറന്നുവച്ച അവളുടെ പുസ്തകത്തിൽ അവന്റെ കണ്ണുകൾ ഉടക്കി... സോളമന്റെ കൈകൾ പുസ്തകത്തിലേക്ക് നീണ്ടുതുടങ്ങി.. പക്ഷെ തൊട്ടടുത്ത മുറിയിൽ നിന്നും അവളുടെ ശബ്‍ദം കേട്ട് അയാൾ പിന്തിരിഞ്ഞു...

"പെറ്റമ്മ മറന്നാലും നിന്നെ ഞാൻ മറക്കുകയില്ല.. എന്റെ ഉള്ളം കയ്യിൽ നിന്നെ ഞാൻ  രേഖപ്പെടുത്തിയിട്ടുണ്ട്..."

സോളമൻ അവളെ തേടി തെക്കിനിയിലേക്ക് കയറി... സാറ അവളുടെ വെളുത്തു തുടുത്ത വലതുകൈവെള്ള അവന്റെ നേരെ ഉയർത്തിക്കാണിച്ചു...

"സോളമൻ"

അവളുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുങ്കുമം ചാലിച്ചെഴുതിയ  ആ ചുവന്ന വാക്കുകളെ അവൻ പതിയെ വായിച്ചു...

"സാറ ചേച്ചി.. ഞാൻ ആദ്യമായിട്ടാണ്...."

"ചെക്കാ.... ചേച്ചി അമ്മായി എന്നൊക്കെ വിളിച്ചാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം..."

നെറ്റിചുളിച്ചുകൊണ്ട് സാറ പറഞ്ഞു...

".............."

സോളമൻ മിണ്ടാതെ അവളെ നോക്കി മിഴിച്ചു നിന്നു... സാറ അവന്റെ കുപ്പായത്തിൽ  പിടിച്ചു വലിച്ചു അവളോട് ചേർത്ത് നിർത്തി അവന്റെ കണ്ണുകളിൽ എന്തിനെയോ പരതിനോക്കി... മൂക്കുകൊണ്ട് അവന്റെ താടിരോമങ്ങൾക്കിടയിൽ എന്തിനെയോ മണത്തുനോക്കി... അവളുടെ ഉണ്ടക്കണ്ണുകളോളം വലുപ്പമുള്ള ചുവന്ന പൊട്ട് അവനെ മാടി വിളിക്കുന്നത് പോലെ അവന് തോന്നി...

"എന്റെ പെണ്ണെ........"

അവൻ വികാരം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു...

"നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..."

സോളമൻ മനസുതുറന്നു....

"ഹഹഹഹ... ഹ ഹാ ഹാ..."

സാറ പൊട്ടിപൊട്ടി ചിരിച്ചു.. ഒരു കിലുക്കാം പെട്ടിയെ പോലെ...

"എന്താടി സാറാമ്മേ നീ ചിരിക്കൂന്നേ...."

"ഹഹ ഹാ... ചേച്ചി എന്ന് വിളിച്ചു ഇങ്ങോട്ട് കയറി വന്ന ആള് തന്നെയല്ലേ എന്നോർത്തു ചിരിച്ചു പോയതാ മാഷെ... ഹഹഹ..."

സാറ ചിരി നിർത്താതെ അവനെ നോക്കി കളിയാക്കി ചിരിച്ചു.... സോളമന്റെ നിയന്ത്രണം അവളുടെ  ചുണ്ടുകളിൽ നഷ്ടപ്പെട്ടു...

പുറത്തു വരിക്കചക്ക വീഴുന്ന കനത്തിൽ മഴ പെയ്യുന്നുണ്ടായിരുന്നു.. മഴയുടെ ശബ്ദം അകത്തുകടക്കാതിരിക്കാൻ മരപ്പാളികൾ കൊണ്ടുണ്ടാക്കിയ ജനലുകലും വാതിലുകളും സാറ കൊട്ടിയടച്ചു... എങ്കിലും മഴയുടെ ഇരമ്പം ഒരു നിശാപക്ഷിയുടെ സംഗീതം പോലെ അവരെ തഴുകിക്കൊണ്ടിരുന്നു...

സോളമൻ സാറയുടെ  മടിയിൽ തലവച്ചു കിടന്നു... അവൾ സോളമന്റെ തലയിൽ തഴുകിക്കൊണ്ട് മഴയെ ആസ്വദിച്ചു...

"നീ ഭാഗ്യവാനാണ് മാഷെ...."

"എന്താ.....?"

"നീ ഭാഗ്യവാനാണെന്ന്....."

സാറ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു...

"എങ്ങനെ....!!!"

"ഇന്നത്തെ ദിവസം നിനക്കല്ലേ നറുക്ക് വീണത്..."

സാറ അവന്റെ മുകളിലേക്ക് മറിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു...

"നിന്നോട് എനിക്ക് പ്രണയം തോന്നുന്നു പെണ്ണെ.. പണ്ടൊരിക്കൽ അവളോട് തോന്നിയ അതെ പ്രണയം..."

സാറ സോളമന്റെ മാറിൽ തലചായ്ച്ചു കിടന്നു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു...

"പ്രണയം മരണം പോലെയാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... പ്രണയവും മരണവും ഒരിക്കലേ വരൂ..  ബാക്കിയെല്ലാം പാതി മരണങ്ങൾ പോലെയാണ്.. ഉറങ്ങുന്നത് പോലെ... ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് സോളമാ...."

"എങ്കിൽ നിന്നോട് മാത്രമാണ് എനിക്ക് പ്രണയം.... അവളോട് തോന്നിയത് ചിലപ്പോൾ ഉറക്കത്തിൽ കണ്ട സ്വപ്നംപോലെയായിരിക്കാം..."

സാറ സോളമനെ വാരിപ്പുണർന്നു.. അവർ കട്ടിലിൽ നിന്നും കരിയിട്ട് മിനുക്കിയ തറയിലേക്ക് ഉരുണ്ടു വീണു...

സോളമൻ സാറയെ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു....

"ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ..."

സോളമൻ സാറയെ ഞെട്ടിച്ചു...

കുറെ നേരം സോളമന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് സാറ അവിടെതന്നെയിരുന്നു.. അതിനുശേഷം കണ്ണുകളെ അവനിൽ നിന്നും പിഴുതുമാറ്റി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു...

"നീ ഒരു പാവമായി പോയല്ലോടാ ചെക്കാ...."

"എന്ത് പറ്റി പെണ്ണെ.. ഞാൻ കെട്ടിക്കോട്ടെ നിന്നെ.... "

സോളമൻ സാറയെ കാമുകിയെപ്പോലെ ചേർത്ത് നിർത്തി... കണ്ണുകൾ അടച്ചു സാറ അവളുടെ കൈകളെ ചേർത്ത് പിടിച്ചിരിക്കുന്ന സോളമന്റെ തണുത്തു വിറക്കുന്ന ചൂടുള്ള വിരലുകളെ ചുംബിച്ചു....

"അത് വേണ്ട സോളമാ... "

"എനിക്ക് ഇഷ്ടമാണ് പെണ്ണെ നിന്നെ... ജനിച്ചപ്പോൾ പെറ്റമ്മ പോലും ഉപേക്ഷിച്ച എന്നെ നിന്റെ ഉള്ളം കയ്യിൽ എഴുതി വച്ചവളല്ലേ നീ.. നിന്നെ എനിക്കും മറക്കാൻ പറ്റില്ല പെണ്ണെ.."

സാറ സോളമന്റെ കൈകൾ വിടുവിപ്പിച്ചു ജനലരികിലേക്ക് നടന്നു... പുലർച്ചകോഴി കൂവി... നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു... മഴപെയ്തൊഴിഞ്ഞതിന്റെ അവശേഷിപ്പുകൾ വീട്ടുമുറ്റത്തും അവളുടെ മുറിയിലും നിഴലടിച്ചു കാണാമായിരുന്നു....

"നീ പൊയ്ക്കോ സോളമാ.. നേരം പുലരാറായി... ഇത് നിനക്കു കൂടി തരാൻ വേണ്ടി മാറ്റിവച്ചതായിരുന്നു.. പക്ഷെ നീ ഇത്രെയും പറഞ്ഞുതീർത്തപ്പോൾ എനിക്ക് വല്ലാത്ത ഒരു ദാഹം... ഇത് ഞാൻ തനിയെ കുടിച്ചോട്ടെ...!!"

മുറിയിലെ മേശപ്പുറത്തെ പാത്രത്തിൽ മൂടിവച്ചിരുന്ന പാൽ എടുത്ത്കൊണ്ട് അവൾ ചോദിച്ചു...

സോളമൻ ഒന്നും പറയാതെ അവന്റെ കുപ്പായതിനായി കട്ടിലിൽ പരതി... സാറ ആ പാൽ പാത്രം ഒറ്റവലിക്ക് കുടിച്ചു വറ്റിച്ചു.. കട്ടിലിനു താഴെ കിടക്കുന്ന അവന്റെ കുപ്പായം  എടുത്ത് നെഞ്ചോട് ചേർത്തുകൊണ്ട് അവൾ പറഞ്ഞു...

"നിന്നെ ഞാൻ ഒരിക്കലും മറക്കില്ല സോളമാ.. നീ ഒരു പാവമായി പോയല്ലോടാ..."

അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവന്റെ കുപ്പായത്തിലേക്ക് ഇറ്റു വീണു... സോളമൻ അവളിൽ നിന്നും കുപ്പായം തട്ടിപ്പറിച്ചു പുറത്തോട്ടിറങ്ങി നടന്നു...

പുലർകാലത്തെ ഇളം കാറ്റ് അവനെയും, പുലരാൻ കൊതിക്കുന്ന പുഞ്ചവയലിലെ ചെറു ഞാറുകളെയും തഴുകിക്കൊണ്ടിരുന്നു... അവളുടെ ചുവന്ന പൊട്ട് അവന്റെ കുപ്പായത്തിന്റെ പുറകിലിരുന്ന്, വാതിൽ പാളികളിലൂടെ അവനെയും നോക്കിയിരിക്കുന്ന സാറയെ നോക്കി അവനോടൊപ്പം ദൂരേക്ക് മറഞ്ഞു...

മേശപുറത്തിരിക്കുന്ന സോളമന്റെ വചനങ്ങൾ എന്ന പുസ്തകത്തിന്റെ അവസാനത്തെ ഇതളുകളിലെ വരികൾക്ക് മുകളിലൂടെ അവൾ എഴുതി...

"നിന്നെ കൂട്ടാതെ ഞാൻ പോവുകയാണ് സോളമാ.. അങ്ങ് ദൂരേക്ക്... മുന്തിരിവള്ളികൾ തളിർക്കുകയും, മാതളനാരകം പൂക്കുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ... ഈ യാത്ര ഞാൻ പോകുമ്പോൾ, ഒരു കാര്യം നിന്നിലൂടെ ഞാൻ മനസിലാക്കുന്നു... എന്നെ പിച്ചി ചീന്തിയവരും കൂട്ടിക്കൊടുത്തവരും മാത്രമായിരുന്നില്ല ആണുങ്ങൾ എന്ന്.. അതുകൊണ്ട് നിന്നെ ഞാൻ ഇവിടെ തനിച്ചാക്കി പോവുകയാണ്... ഇല്ലായിരുന്നെങ്കിൽ നിന്നെയും ഞാൻ കൂടെ കൊണ്ടുപോകുമായിരുന്നു... പ്രണയവും മരണവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്... ഒരാളോട് മാത്രം തോന്നുന്നതാണ്... നീയൊരു പാവമായി പോയല്ലോടാ ചെക്കാ...."

സാറയുടെ കൈകളിൽ നിന്നും തെറിച്ചു വീണ തൂലികയിലെ കറുത്ത മഷി രക്തപ്പുഴ പോലെ തറയിൽ പരന്നു കിടന്നു.. അവളുടെ പാതി മയങ്ങിയ ഉണ്ടക്കണ്ണുകൾ അതിൽ തിളങ്ങി കാണാമായിരുന്നു...

സോളമന്റെ വചനങ്ങൾ

ടി ജി