Skip to main content
Srishti-2022   >>  Short Story - Malayalam   >>  സുകൃതം

Indu V K

IBS Software

സുകൃതം

സുകൃതം

ചെറിയ ചാറ്റൽ മഴകൊണ്ട് ഭൂമി ഒന്ന് തരളിതയായി നെടുവീർപ്പിട്ടു നിന്നു. നിലാവ് തന്റെ നിറം കൊണ്ടഴകു നൽകിയ ആ രാവിൽ, അടുത്ത വീട്ടിലെ റേഡിയോ ഗാനം കേൾക്കാം. നിറഞ്ഞ സന്തോഷത്തോടെ ആശ്വാസത്തോടെ, ആൽവിൻ തന്റെ  ആദ്യരാത്രിയിലേയ്ക്ക് കാലെടുത്തു വച്ചു.  ജനലരികിൽ തന്റെ സ്വത്ത് നിൽക്കുകയാണ്. നീണ്ട പത്തു വർഷത്തെ പ്രണയ സാക്ഷാത്കാരം, തന്റെ ജാനകി. പഠിക്കുമ്പോൾ മുതലുള്ള പ്രണയം. വയ്യാത്ത കാലു വേച്ച് വേച്ച് അവളുടെ അടുത്തെത്തി മെല്ലെ തോളിൽ കൈ അമർത്തി.

 

"ആൽവി, നീയാ പാട്ടു കേൾക്കുന്നുണ്ടോ?" തിരിഞ്ഞു നോക്കാതെ ആ പാട്ടിന്റെ ഉത്ഭവസ്ഥാനത്തെ നോക്കി കൊണ്ടവൾ തുടർന്നു.

 

"തന്നന്നം താനന്നം താളത്തിലാടി.. ഉം... " അച്ഛനേറ്റവും ഇഷ്ടമുള്ള പാട്ടാണ്. അവൾ മൂളി കൊണ്ടേയിരുന്നു.

 

" എന്നെ പണ്ട് അച്ഛൻ നെഞ്ചിൽ കിടത്തി ഈ പാട്ടു പാടിയാ ഉറക്കാറ്. വലിയ പാട്ടു പ്രേമിയാ. കാസറ്റ് പ്രചാരത്തിൽ ആയിരുന്ന സമയം, രണ്ടു മേശ നിറയെ കാസറ്റുകൾ സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോഴും ഉണ്ട് തറവാട്ടിൽ. ഒരു പുസ്തകത്തിൽ പാട്ടിന്റെ വരികൾ, ഗാന രചയിതാവ്, സംവിധായകൻ എല്ലാം എഴുതിയും വച്ചിട്ടുണ്ടായി. "

 

"ജാനി, നല്ല ക്ഷീണമില്ലേ. വാ, നമുക്ക് കിടക്കാം."

 

തളർന്ന അവളേയും കാലിനേയും താങ്ങി അവൻ കിടയ്ക്കയിൽ വന്നു കിടന്നു.

 

" ആൽവീ.."

 

"ഉം.. "

 

"ഉറക്കം വരുന്നില്ലെടൊ.."

 

"വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ.."

 

" യേയ് " കൈകൾ കൊണ്ടവന്റെ വായ് പൊത്തിയവൾ പറഞ്ഞു. "എന്റെ ജീവിതത്തിലെ ഏറ്റവും ധീരവും ശരിയുമായ തീരുമാനമാണ് നീ. ഇത് ഞാൻ എടുത്തില്ലായിരുന്നെങ്കിൽ ഞാനില്ലാതായി പോയേനേ. നിനക്കറിയാവുന്നതല്ലേ എനിക്കെന്നെ തന്നെ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ ഈ തീരുമാനമാണ് എന്നെ കൈ പിടിച്ചുയർത്തിയത്.  തളർന്നു പോയ നിന്റെ കാലിനേക്കാൾ നിന്റെ മതമാണ് അച്ഛൻ നമ്മുടെ ബന്ധത്തിന് എതിർത്തു നിൽക്കാൻ കാരണം. എത്ര ശ്രമിച്ചതാണ് ഞാൻ, 'ഒടുവിൽ നിനക്കു വേണമെങ്കിൽ ഇറങ്ങി പോകാം, പക്ഷെ കല്യാണമായി ഞങ്ങൾ നടത്തി തരില്ല' എന്ന അച്ഛന്റെ അന്ത്യശാസന. അമ്മയുടെ മൗനാനുവാദം വാങ്ങി വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനോർത്തു കാണുമോ എനിക്കിതിനുള്ള ധൈര്യം കിട്ടുമെന്ന്?"

 

അവളുടെ തല തന്റെ നെഞ്ചിലോട് ചേർത്തു വച്ച് അവൻ പറഞ്ഞു: "എനിക്കറിയില്ലേ ജാനി ഇതെല്ലാം. എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും, ഇടതു കാൽ തളർത്തിയ ആ അപകടം ഉൾപ്പടെ, എല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എന്റെ ഭാഗ്യമാണ് നീ. വീട്ടുകാരുടേയും എന്റേയും ഇടയിൽ കിടന്നു നീ വിങ്ങിയതും, ഒരു വേള സമനില നഷ്ടപ്പെട്ടവളെ പോലെ ആയതും കണ്ടതാണ് ഞാൻ. തീരുമാനങ്ങൾ പലതും എടുക്കുന്നതല്ല, സംഭവിക്കുന്നതാണ് ജാനി. "

 

"ഉം. അച്ഛൻ ഉറങ്ങിയോ ആവോ ? എത്ര മണിയായി കാണും?"

 

" പതിനൊന്നായി കാണും."

 

" ഉറങ്ങാനുള്ള സമയമാണ്. പക്ഷെ എന്നെ പോലെ ഉറങ്ങാതെ കിടയ്ക്കയാവും. പാവം എന്റെ അച്ഛൻ. "

 

അവളുടെ കവിളുകളിൽ കൂടൊഴുകിയ കണ്ണുനീർ അവന്റെ നെഞ്ചിലെ ചൂടറിഞ്ഞു.

ഒന്നും പറയാതെ അവളെ ഒന്നു കൂടെ ചേർത്തു പുൽകി കൊണ്ടാ രാത്രി മയങ്ങി.

 

 ജാനകി രാവിലെ എണീറ്റു കുളിച്ച് അടുക്കളയിലേയ്ക്ക് നടന്നു. അവിടെ ആൽവിയുടെ അമ്മ അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു.

 

"മോളെ ഇവിടടുത്ത് ഒരു അമ്പലം ഉണ്ട്. മോളു വേണേൽ പോയി വന്നോളൂ. ഇവിടെയാർക്കും ഒരു വിരോധവുമില്ല കേട്ടോ. മനസ്സിലെ വിഷമം ഒക്കെ ഒന്നു തണുക്കട്ടെ."

 

ഉറക്കമുണർന്നു വന്ന ആൽവിയോടു അമ്മ പറഞ്ഞു: "എടാ അവളെ ഒന്നാ അമ്പലം വരെ കൊണ്ടാക്കൂ.''

 

വെള്ള നേരിയതുടുത്ത് കുങ്കുമം ചാർത്തിയവൾ വന്നപ്പോൾ മുജ്ജന്മ സുകൃതം എന്നൊന്നുണ്ടെന്ന് അവന് തോന്നിപോയി. ഇല്ലെങ്കിൽ പ്രണയം ഒരു പ്രഹസനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു അന്യ മതസ്തനെ, പ്രാണൻ പോലെ സ്നേഹിക്കുന്ന അച്ഛനമ്മമാരെ മറികടന്ന് ആര് കല്യാണം കഴിക്കും? എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിരുന്നു ഞങ്ങൾ വിവാഹത്തെ കുറിച്ച്.. വില്ലനായി അപകടം വന്ന് കാലു തളർന്നപ്പോഴും അവൾ കൂടെ തന്നെ നിന്നു, ഒരു വിവാഹ ജീവിതമുണ്ടെങ്കിൽ തന്റെ കൂടെ ഉണ്ടാകൂ എന്നവൾ തറപ്പിച്ചു പറഞ്ഞപ്പോൾ താൻ തന്നെ എത്ര തവണ എതിർത്തു. പക്ഷെ ഇനി ഞാനാർക്കും വിട്ടു കൊടുക്കില്ല എന്റെ സൗഭാഗ്യത്തെ.

 

കാറിൽ അമ്പലത്തിലേയ്ക്ക് പോകുമ്പോൾ മുന്നിലൊരു ഓട്ടാറിക്ഷ. അതിന്റെ പുറകിൽ ഗോപിക എന്ന് എഴുതിയിരിക്കുന്നു.

 

" ആൽവീ, തനിക്കൊരു കാര്യമറിയാമോ? അമ്മ എനിക്കിടാൻ വച്ചിരുന്ന പേര് ഗോപികാ എന്നായിരുന്നു. ഭാഗ്യത്തിന് അച്ഛൻ സമ്മതിച്ചില്ല. എനിക്കീ ഗോപികാ എന്ന പേരിഷ്ടമല്ല."

 

ആൽവീ ഒന്നും മിണ്ടിയില്ല. കാറ് മുന്നോട്ട് പൊയ്കൊണ്ടിരുന്നു.

"ആൽവീ, അമ്പലം അടുത്തല്ലേ?  എനിക്ക് വിശക്കുന്നു. ഇന്ത്യൻ കോഫി ഹൗസ്സുണ്ടേൽ സൂപ്പറായിരിക്കും. അച്ഛനെപ്പോഴും അവിടെ ന്നാ എനിക്ക് മേടിച്ചു തരാ."

 

" ആൽവീ, നീ എന്താ ഒന്നും മിണ്ടാത്തെ? നമ്മളെങ്ങോട്ടാ പോണേ?"

 

"നിനക്കിഷ്ടമുള്ള ഒരിടത്തേക്ക്‌."

 

വഴികൾ സുപരിചിതമാകാൻ തുടങ്ങിയപ്പോൾ അവൾക്ക് ഭയം ഇരട്ടിച്ചു .

 

" നീ എങ്ങോട്ടാ?"

 

" നിന്റെ വീട്ടിലേക്ക്."

 

" ആൽവീ, അച്ഛൻ?"

 

"ജാനി, നിനക്ക് നിന്റെ അച്ഛനെ എത്ര ഇഷ്ടാണെന്ന് എനിക്കറിയാം. എന്റെ കൂടെ കഴിഞ്ഞ ഈ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ എന്റെ പേരിലും കൂടുതൽ നീ വിളിച്ചത് അച്ഛനെന്നല്ലേ? എത്ര ബുദ്ധിമുട്ടോടെയാണ് നീ അവിടം വിട്ടിറങ്ങിയതെന്ന് എനിക്കറിയാം. നിന്റെ അച്ഛൻ നിങ്ങളുടെ ജാതി സംഘടനയുടെ തലപ്പത്തല്ലേ, മകൾ അന്യജാതിക്കാരനെ അറിവോടെ കെട്ടിച്ചയച്ചു എന്ന അപഖ്യാതിയെയാണ് അദ്ദേഹം ഭയന്നത്. പിന്നെ കൂടാതെ അംഗവൈകല്യമുള്ള ഒരാൾ മകളെ വിവാഹം കഴിക്കുന്നത് ഏത് അച്ഛനമ്മമാർക്ക് അംഗീകരിക്കാനാകും.  ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ? പിന്നെ എന്നെ ചീത്ത പറയുകയോ തല്ലുകയോ എന്തും ചെയ്യട്ടെ, നിനക്ക് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനാരാ ?"

 

നിശ്ശബ്‌ദമായ ആ യാത്ര അല്പസമയത്തിനുള്ളിൽ ലക്ഷ്യം കണ്ടു. ഭയപ്പാടോടെ അങ്കണം കടന്ന് അവർ പൂമുഖത്തെത്തി. ചാരുകസേരയിൽ എന്തോ ഓർത്ത് മുകളിലേയ്ക്ക് നോക്കി കിടയ്ക്കയാണ് അച്ഛൻ.

 

"അച്ഛാ.. " അവൾ വിളിച്ചു.

 

പെട്ടെന്ന് ചാടിയെണീറ്റ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉsനെ ഗൗരവഭാവം വീണ്ടെടുത്ത് അവളോടായി ചോദിച്ചു:

"ആരാണ്? "

 

ഉരുകിയൊലിച്ചു പോയവൾ. ആ കണ്ണുകളിലെ തീക്ഷണത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിശ്ശബ്ദയായി തല കുനിച്ചു  നിന്ന അവളോട് വീണ്ടും അതേ ചോദ്യം അച്ഛനാവർത്തിച്ചു.

 

" ചോദിച്ചതു കേട്ടില്ലേ? ഇവിടെന്താണ് കാര്യം?"

 

"അച്ഛാ....." ആകെ തളർന്നാ കാലുകളിൽ വീണവൾ തേങ്ങാൻ തുടങ്ങി.

 

"എന്റെ കാലുകളിലല്ല നീ വീഴേണ്ടത്. ഉള്ളിലൊരുത്തിയുണ്ട്. നീ പോയതു മുതൽ കരച്ചിൽ തോരാത്ത മുഖവുമായി . പോയി അവളുടെ കാൽക്കൽ വീഴൂ. ജനിച്ച നാൾ മുതൽ നിന്നെ കുറിച്ച് ഉരുക്കൂട്ടിയ സ്വപ്നങ്ങളിൽ മതി മറന്നു പോയ ഒരു ആത്മാവ്. ഞാൻ പിന്നെ അച്ഛനാണല്ലോ, പത്തു മാസത്തിന്റെ കണക്കു പോലും പറയാനില്ലാത്തവൻ. എനിക്ക് വിഷമവും ദേഷ്യവുമൊന്നുമില്ല." തൊണ്ടയിടറി ഇത് പറഞ്ഞു നിറുത്തി അയാൾ നിശ്ചലനായ് നിന്നു.

 

അവൾ പതുക്കെ അകത്തേയ്ക്ക് നടന്നു. വല്ലാത്ത അസ്വസ്ഥയോടെ ആൽവി പൂമുഖ പടിയിൽ തന്നെ നിന്നു. നിനച്ചിരിക്കാതെ അച്ഛൻ സംസാരിച്ചു തുടങ്ങി.

 

"അവളെ എന്നിൽ നിന്ന് പറിച്ചെടുക്കാനാവില്ലെന്ന് മനസ്സിലായില്ലേ? എന്നോളം എന്റെ കുട്ടിയെ സ്നേഹിക്കാനാർക്കും ആവില്ല. ആവും എന്ന് തോന്നണുണ്ടോ? "

 

" ശ്രമിക്കാം." ആൽവി മടിച്ചു മടിച്ചു പറഞ്ഞു.

 

" ശ്രമിച്ചാൽ പോര. എന്നെ തോൽപ്പിക്കണം." ആൽവി അദ്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. തോളിൽ പിടിച്ച് അവനെ അകത്തേക്ക് കയറ്റി കൊണ്ടദ്ദേഹം തുടർന്നു:

 

"ഒരു പാട് ഞാൻ ശ്രമിച്ചു ഈ ബന്ധം വേണ്ട എന്ന് അവളെ കൊണ്ട് പറയിക്കാൻ. അവളും ശ്രമിച്ചു ഒരു പാട് എന്നെ കൊണ്ട് സമ്മതിപ്പിക്കാൻ. പക്ഷെ സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൊടുത്തതും ഞാൻ തന്നെയാണല്ലോ? സ്നേഹിക്കാൻ മാത്രമേ എന്റെ കുട്ടിയ്ക്ക് അറിയൂ. അവളെ.. "

 

അകത്തു നിന്നും അമ്മയോടൊപ്പം അവൾ പുറത്തേയ്ക്ക് വന്നപ്പോൾ ആ വാക്യം അച്ഛന് മുഴുമിപ്പിക്കാനായില്ലെങ്കിലും ആൽവി അത് തിരിച്ചറിഞ്ഞു.

 

"അച്ഛാ എന്നോട്.. "

 

"വേണ്ട ക്ഷമയൊന്നും പറയണ്ട മോളേ. നീ ഇത്രയേറെ നിന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും ഞങ്ങളതു ഇതു വരെ തിരിച്ചറിഞ്ഞില്ല. ഇപ്പൊ ഈ നിമിഷം നിന്നെ കാണും വരെ ഞങ്ങൾ അനുഭവിച്ച വേദന... ഉം.. ഇവൻ സ്നേഹമുള്ളവനാ, നിന്റെ മനസ്സറിഞ്ഞ് ഇവിടെ കൊണ്ടു വന്നപ്പോൾ തന്നെ അത് എനിക്ക് ബോധ്യായി. പിന്നെ സമൂഹം, ആ പോട്ടെ..."

 

"അച്ഛാ.. " ഒരു തോളിൽ അവളേയും മറു തോളിൽ അവനേയും അദ്ദേഹം ചേർത്തു നിർത്തി. അമ്മ സന്തോഷാശ്രു തൂകി അവരോടൊപ്പം ചേർന്നു. പ്രകൃതിയും ചെറു സ്നേഹമഴയുടെ ഈറൻ പറ്റി നിന്നു.