Skip to main content
Srishti-2022   >>  Short Story - Malayalam   >>  സമത്വം

Vinu Sebastian

Infosys Limited

സമത്വം

സമത്വം

' ഡും ഡും .. ആരാണ് .....?'
'മാലാഖ...... '
'എന്തിനു വന്നു......?'
'നിറത്തിനു വന്നൂ ....'
'എന്ത് നിറം ....?'


കുട്ടികളുടെ ആ കലപില ശബ്ദം കേട്ട് ഞാൻ ഉറക്കം ഉണർന്നെങ്കിലും കണ്ണ് തുറക്കാതെയും പുതപ്പ് മുഖത്തുനിന്ന് മാറ്റാതെയും ഞാൻ കിടന്നിടത്തു തന്നെ കിടന്നു. അടുത്ത 'ഡും ഡും ' കൊട്ട് ഞാൻ കിടന്നുറങ്ങുന്ന മുറിയുടെ ജനൽ ചില്ലിലാണ് കേട്ടത്.


ഇവറ്റകൾ ഉറങ്ങാൻ സമ്മതിക്കില്ലന്നാണ് തോന്നുന്നത്. അയൽ വീടുകളിലെ കുട്ടികളാണ്. കമ്പ്യുട്ടർ , മൊബൈൽ ഫോൺ , ടിവി മുതലായവയുടെ മുന്നിൽ നിന്നും പഴയ നാടൻ കളികളിലേക്ക് തിരിച്ചുപോകാനായി കുട്ടികളെ അങ്ങിറക്കി വിട്ടിരിക്കുകയാണ്. എട്ടുപത്തെണ്ണം കാണും; ആൺകുട്ടികളും പെൺകുട്ടികളുമായി. ഉച്ചവരെ കിടന്നുറങ്ങണം എന്ന് കരുതി ഇന്നലെ രാത്രി കിടന്നതാണ് ഇനി അത് നടപ്പില്ല.


നൂറിൽ നിന്ന് പുറകോട്ട് എണ്ണുക, രണ്ടു - നാലു-എട്ടു എന്ന ക്രമത്തിൽ ശ്വാസം പിടിച്ച വെക്കുക എന്നിങ്ങനെ ഉള്ള പൊടികൈകൾ ഒന്ന് പരീക്ഷിച്ചു ഒന്നുടെ ഉറങ്ങാൻ ശ്രമിച്ചാലോ എന്ന് തോന്നിയതാണ് . പിന്നെ എന്തും വരട്ടെയെന്നു കരുതി എണിറ്റു .


കുട്ടികൾ  ഞായറാഴ്ച ദിവസത്തെ കളികൾ പൊടിപൊടിക്കുകയാണ്. ഗൃഹാതുരത ഉണർത്തുന്ന ബാല്യകാല സ്മരണകളിലേക്ക് ഒന്ന് പോയാലോ എന്ന് ഓർത്തതാണ് അപ്പോഴാണ് ടിവി ഇരിക്കുന്ന മുറിയിൽ ചില ചർച്ചകൾ വാഗ്‌വാദങ്ങൾ കേട്ടത് ....


ഞങ്ങൾ പലപല നാടുകളിൽനിന്നും ജോലിക്കായി ഇവിടെ വന്നവർ ഒന്നിച്ചു താമസിക്കുന്ന ഈ വാടക വീട്ടിൽ ഒഴിവു ദിവസങ്ങളിൽ ചില സന്ദർശകർ ഉണ്ടാവും. പിന്നെ കഴിഞ്ഞുപോയ ആഴ്ചയിലെ ചാനൽ ചർച്ചകളുടെ ബാക്കി ചർച്ചയാണിവിടെ.

സിനിമ മേഖലയിലെ ചില സമത്വ വിഷയങ്ങളും, സ്ത്രീ പ്രവേശന വാർത്തകളുടെ ചുവടു പിടിച്ചുള്ള ചില ചർച്ചകളും അവിടെ അരങ്ങു തകർക്കുകയാണ്. ഉറക്കച്ചടവ്‌ മാറാത്തത്കൊണ്ട് ചർച്ചയിൽ സജീവമായി പങ്കെടുക്കാതെ അൽപ്പനേരം കേട്ടുനിന്നശേഷം ഞാൻ മുഖം കഴുകാനായി പോയി. അപ്പോഴാണ് അലക്കാനായി വെള്ളത്തിൽ മുക്കി വച്ചിരിക്കുന്ന തുണി കണ്ടത്. 'ചെയ്യാൻ മടുപ്പുള്ള ജോലികൾ ദിവസത്തിന്റെ ആരംഭത്തിൽ തന്നെ ചെയ്ത തീർക്കണം' എന്ന് എവിടെയോ വായിച്ചതോർമ വന്നത് കൊണ്ട് തുണി കഴുകുന്ന ജോലി ആദ്യം തന്നെ തീർത്തേക്കാം എന്ന് കരുതി.


തുണികൾ നിറഞ്ഞ ബക്കറ്റുമായി അലക്കു കല്ലിനടുത്തേക് നടന്നു. ചർച്ച ഇപ്പോഴും സ്ത്രീ സമത്വത്തിൽ തന്നെ ഉടക്കിക്കിടക്കുകയാണ്.


തുണി നിറഞ്ഞ ബക്കറ്റു അലക്ക് കല്ലിനടുത് വച്ച് ഞാൻ തുണികൾ ഓരോന്നായി എടുത്ത് അലക്കി തുടങ്ങി. അലക്കുന്ന ശബ്ദം കുട്ടികളുടെ 'ഡും ഡും മാലാഖ' പാട്ടിനു ശല്യം ആയതുകൊണ്ടാണോ എന്നറിയില്ല ; കളിസംഘത്തിൽ നിന്നും ഒരുകുട്ടി ഓടിവന്ന് ശബ്ദം എവിടെനിന്നാണ് എന്ന് നോക്കി. തുണി അലക്കുന്ന എന്നെ അവൾ കുറച്ച സമയം തുറിച്ചുനോക്കി നിന്നു. അവൾ പെട്ടന്ന് ഓടിപ്പോയി. അതിനു പുറകെപുറകേ കുട്ടികൾ ഓരോരുത്തരായി വന്നു നോക്കിയിട്ട് പോയി. ചിലർ തുറിച്ചുനോക്കി, ചിലർ ചിരിച്ചുകാട്ടി ഓടിമറഞ്ഞു. അല്പസമയത്തിനു ശേഷം അവർ സംഘമായി വന്നു ഞാൻ കല്ലിൽ തുണി തിരുമ്മുന്നത് നോക്കിനിന്നു ചിരിക്കുന്നു.


ഇതിൽ എന്താണിത്ര ചിരിക്കാൻ എന്ന് മനസിലാവാതെ ഞാൻ "നിങ്ങൾ എന്താ ചിരിക്കുന്നത്?" എന്ന് ചോദിച്ചു
കൂട്ടത്തിൽ ഒരു കൊച്ചുകുട്ടി ചോദിച്ചു "അങ്കിള് തുണി കഴുകുവാണോ ?"


ഞാൻ "അതെ "  എന്ന് പറഞ്ഞു.


കുട്ടി : "അങ്കിള് തുണി കഴുകുന്നോ? തുണി കഴുകുന്നത് പെണ്ണുങ്ങടെ ജോലി അല്ലെ?"
'കൂയ് കൂയ്' എന്ന് കൂക്കിവിൽവച്ചുകൊണ്ട് കുട്ടികൾ കളിസ്ഥലത്തേക്ക് ഓടിപ്പോയി.

'സമത്വം മലമുകളിൽ നിന്നല്ല മറിച്ചു അലക്കു കല്ലിൽ നിന്നും , അടുക്കളയിലെ പയിപ്പിൻ ചുവട്ടിൽ കുമിഞ്ഞു കൂടുന്ന എച്ചിൽ പത്രങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടത്' എന്ന് പറയാനായി ഞാൻ കുട്ടികളുടെ കളിസ്ഥലത്തേക്ക് ചെന്നു. 


കുട്ടികൾ ആണ് പെൺ വ്യത്യാസം ഇല്ലാതെ ഐക്യത്തോടെ നിന്ന് കളിക്കുകയാണ്. തങ്ങൾ പ്രബുദ്ധരും വിദ്യാസമ്പന്നരും ആയി എന്ന് അഹംഭാവം ഉടലെടുക്കുന്ന പ്രായം വരെയെങ്കിലും അവരിൽ ഈ ഐക്ക്യം നിലനിൽക്കട്ടെ എന്ന് മനസ്സിൽ ആശംസിച്ചു ഞാൻ ഒന്നും മിണ്ടാതെ തിരികെ അലക്കുകല്ലിനടുത്തേക്ക് നടന്നു....