Skip to main content
Srishti-2022   >>  Short Story - Malayalam   >>  സങ്കീർണ്ണതകൾ

Amal Vijay V R

Oracle India

സങ്കീർണ്ണതകൾ

സങ്കീർണ്ണതകൾ

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം

 

തിങ്കളാഴ്ച, അലാറം കുറച്ചു നേരമായി അടിക്കുന്നു. പതിവില്ലാതെ ഞെട്ടിയുണർന്നു. സാധാരണ ആദ്യത്തെ മണിയോടൊപ്പം ഉണരുന്നതാണ്, ഇന്നെന്തോ ഉറങ്ങിപ്പോയി.

എന്റെ ജീവിതം കണക്കു കൂട്ടലുകളിൽ കൂടി മാത്രം കടന്നു പോകുന്ന ഒന്നാണ്. അത് ബിരുദവും ബിരുദാനന്തര ബിരുദവും കണക്കിൽ ആയതു കൊണ്ട് മാത്രം അല്ല, തുടർന്ന് രാജ്യത്തെ തന്നെ വളരെ ഗൗരവമേറിയ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷൻ ഇൽ അമൂർത്തമായ ഗണിതത്തിൽ അധിഷ്ഠിതമായ ജോലിയെ ചുറ്റി പറ്റി ജീവിക്കുന്നത് കൊണ്ടും കൂടി ആകാം. മിക്കപ്പോഴും ജോലി തന്നെയാണ് ജീവിതം, ജീവിതം തന്നെയാണ് ജോലി. എട്ടാം ക്ലാസ്സ് മുതൽക്കാണ് കണക്കിനോടും തുടർന്ന് ശാസ്ത്രവിഷയങ്ങളോടും അഭിനിവേശം തുടങ്ങുന്നത്. പഠിച്ചത് ഗണിത ശാസ്ത്രം ആയിരുന്നുവെങ്കിലും ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീവിഷയങ്ങളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു. പറഞ്ഞു വന്നത് - എന്റെ ജീവിതം കണക്കുകളിൽ അധിഷ്ഠിതമാണ്, അത് കൊണ്ട് തന്നെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ പാളം തെറ്റുന്ന പോലെ തോന്നുന്നതും. കണക്കുകൾ രാവിലെ എണീക്കുന്നതു മുതൽ തുടങ്ങുന്നു. വളരെ അടുത്ത സുഹൃത്തായ നവമി പറഞ്ഞിരുന്നത് പോലെ, “This is not life, this is just the execution of your plans”. അതെ, ആദ്യത്തെ അലാറം മുഴങ്ങന്നതിനോടൊപ്പം എഴുന്നേൽക്കും, 200 ML വെള്ളം കുടിക്കും, കൃത്യം 60 മിനുട്ട് വ്യായാമം, 10 മിനിറ്റ് നേരത്തെ കുളി. അങ്ങനെ തുടങ്ങി രാത്രി കിടക്കുന്നതും, ഒരു പരിധി വരെ ഉറങ്ങുന്നതും കൃത്യമായ കണക്കു കൂട്ടലിന്റെ Execution തന്നെ. അതിന്റെ ഭാഗമാകാൻ നവമി കഴിവതും ശ്രമിച്ചു, അവസാനം ഒരു ദിവസം  “I can’t live with a robot” എന്ന് എന്റെ മുഖത്തു നോക്കി അലറിയിട്ട് അവൾ വഴി പിരിഞ്ഞൊഴുകി.

 

അലസമായ ചിന്തകളിൽ മുഴുകുന്ന ചുരുക്കം ചില സമയങ്ങളിലൊന്നാണ് രാവിലെ ഷവറിന്റെ കീഴെയുള്ള അഞ്ചു മിനുട്ടുകൾ. ഇന്നത്തെ ആ അഞ്ചു മിനുട്ടുകൾക്കിടയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണിന്റെ റിങ് പതിഞ്ഞ ശബ്ദത്തിൽ കേട്ടു. കുളിച്ചു വന്നുടനെ ഫോൺ നോക്കി. 2 മിസ്ഡ് കാൾസ് ഉണ്ട്. ഷമീർ ആണ്, കാർ സർവീസിന് കൊടുത്തിരിക്കുന്ന ഗാരേജിൽ നിന്നാണ്. 

തിരികെ വിളിച്ചു.-

“ഷമീറെ, പറ. 9 മണിക്ക് തന്നെ കാറ് കൊണ്ട് വരുമല്ലോ അല്ലെ ? “ 

“അയ്യോ സാറേ, അത് പറയാനാ വിളിച്ചത്, സർവ്വീസ് കഴിഞ്ഞൊന്ന് ഓടിച്ചു നോക്കിയപ്പോ ഷോക്ക് അബ്സോർബർ ഇൽ ഒരു മിസ്സിംഗ്, അതുംകൂടി ശെരിയാക്കി ഇന്ന് വൈകുന്നേരം ഞാൻ വീട്ടിലെത്തിക്കാം”

“എന്താ ഷമീർ ഇത്, വണ്ടി സമയത്തിനു തന്നെ വേണമെന്ന് ഞാൻ പറഞ്ഞതല്ലേ, ഞാനിനി എങ്ങനെ ഓഫീസിൽ പോകുമെന്നാ ? “

“അത്, സാറേ, ഞാൻ കടയിൽ നിന്നൊരു പയ്യനെ വിടാം, അവൻ കൊണ്ടാകും”

“വേണ്ട, ഞാൻ വേറെ വഴി നോക്കിക്കോളാം”

 

നീരസത്തോടെ ഞാൻ ഫോൺ വെച്ചു. 

 

എന്നും കാറിലാണ് ഓഫീസിലേക്ക് പോവാറ്, കാലത്തേ തന്നെ കാർ എത്തിക്കാം എന്ന വ്യവസ്ഥയിലാണ് സർവീസിന് കൊടുത്തത് , രാവിലെ തന്നെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. പക്ഷെ ചെറുപ്പത്തിലേ എന്തിനും ഒരു പ്ലാൻ ബി കരുതുക എന്നതൊരു ശീലമാണ്, പ്ലാൻ ബി ആയി കരുതി വെച്ചിരുന്നത് പോലെത്തന്നെ ഞാൻ ഓഫീസിലെ ബാബുവിനെ വിളിച്ചു.

 

“ ബാബു, ട്രാവൽ ഡെസ്കിൽ വിളിച്ചിട്ട് ഇന്ന് ഞാനും ഓഫീസ് ബസ്സിന്‌ ഉണ്ടെന്നു പറയണം, കൃത്യം 8:20 ന് കരമനയിൽ ബസ്സ് എത്തുമ്പോൾ ഞാൻ കേറിക്കോളാം”

 

ബാബു ബസ്സിന്റെ കാര്യം ഏറ്റിട്ടുണ്ട്. കൃത്യനിഷ്ഠയും കർത്തവ്യ ബോധവുമുള്ള ഒരു റിട്ടയേർഡ് എയർ ഫോഴ്സ് സ്റ്റാഫ് ആയിരുന്നു ബാബു. ഇപ്പോൾ ഞങ്ങടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്നു, എന്തും വിശ്വസിച്ചു ഏൽപ്പിക്കാം എന്നുള്ളത് കൊണ്ട് തന്നെ, എന്റെ ഓഫീസിൽ ലെ പ്രിയപ്പെട്ടവരുടെ വളരെ ചെറിയ ലിസ്റ്റ് ലെ പ്രധാനിയാണ് ബാബു. 

ഇപ്പോൾ സമയം 7:45, വീട്ടിൽ നിന്നും 15 നടക്കാനുണ്ട് കരമന ജംഗ്ഷനിലേക്ക്. പതിവ് കണക്കു കൂട്ടലുകൾ പ്രകാരം പ്രാതൽ കഴിക്കുവാനുള്ള സമയം 20 മിനിറ്റ് വരെ ആണ്, വിശദമായ ഒരു ചായ കുടി കൂടെ അതിൽ പെടും, ഇന്ന് ധൃതി ആയതിനാൽ പ്രാതൽ പത്തു മിനുട്ടിൽ താഴെയാക്കി വെട്ടിചുരുക്കി. വളരെ വേഗം റെഡി ആയി, ബാഗുമെടുത്തു ഞാൻ ജംഗ്ഷനിലേക്ക് നടന്നു.

 

ഇങ്ങനെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ , അതല്ലെങ്കിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച വഴിക്ക് വരാതെയാകുമ്പോൾ നെഞ്ചിടിപ്പിന് ഒരു അപതാളമുണ്ട്, അതിങ്ങനെ ചെവിയിൽ മുഴങ്ങും. ചിന്തയെയും യുക്തിയെയും മറയ്ക്കും. ഇന്ന് രാവിലെ മുതൽ തന്നെ ആ അപതാളം തുടങ്ങിയിരിക്കുന്നു. വീട്ടിൽ നിന്ന് ജംഗ്ഷനിലേക്കുള്ള വഴി ഏറെയും കയറ്റമാണ്. നല്ല പോലെ കിതച്ചു തുടങ്ങി, സ്കൂളിൽ പഠിക്കുമ്പോൾ ഒറ്റയോട്ടത്തിനു കയറിക്കൊണ്ടിരുന്ന വഴിയാണ് - ഞാൻ മനസ്സിൽ ചിന്തിച്ചു, ഹാ, പിന്നെ വയസ്സിപ്പോൾ മുപ്പത്തിയഞ്ചു കഴിഞ്ഞല്ലോ, 15 മിനുട്ടുകൾ കൊണ്ട് ജംഗ്ഷനിൽ എത്താം എന്നുള്ള കണക്കു കൂട്ടലും തെറ്റി, വലിഞ്ഞു നടന്നു കിതച്ചവിടെ എത്തുമ്പോളേക്കും ബസ്സ് പോയിട്ടുണ്ടായിരുന്നു, നെഞ്ചടിപ്പിന്റെ അപതാളം വല്ലാതെ ഉച്ചത്തിലായി. ‘ഛെ ‘ എന്ന് ഉച്ചത്തിൽ നിശ്വസിച്ചു കൊണ്ട് ഞാൻ വിദൂരതയിലേക്ക് നോക്കി എന്തൊക്കെയോ പിറു പിറുത്തു, ഇതിനൊരു പ്ലാൻ ബി ഞാൻ കരുതിയിരുന്നില്ല, പക്ഷെ വലിയ വിഷയമൊന്നും അല്ല, ഞാൻ ജനിച്ചു വളർന്ന നാടല്ലേ, ഓഫീസിലേക്ക് പോകാനാണോ പാട്.

 

“എന്നടാ കണ്ണാ ആക ടെൻഷനാ ഇറുക്കെ “ - നല്ല പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. രാമസ്വാമി മാമൻ, അച്ഛന്റെ കൂട്ടുകാരനാണ്, കൂടാതെ ചേച്ചിയുടെ കൂടെ പഠിച്ച വേണി ചേച്ചിയുടെ അച്ഛനും.

 

“പെരുസാ എതും ഇല്ല മാമ, ഓഫീസ് ബസ്സ് മിസ്സ് ആയിടിച്ചു് , വേറെ ഏതാവത് വണ്ടി പാക്കണം, കാലയിലെ ഇരുന്ത് എല്ലാമേ പോക്ക് താൻ” എനിക്കറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു, രാമസ്വാമി മാമനും കുടുംബവും ഇവിടെ താമസമാക്കിയിട്ട് ഒരു നാൽപ്പതു വർഷങ്ങളിലേറെയാകും, മലയാളം അറിയാമെങ്കിലും തമിഴ് മാത്രമേ സംസാരിക്കു,വീട്ടിലും പുറത്തുമെല്ലാം.

 

“എന്നടാ താടിയെല്ലാം ഇപ്പടി വെച്ചുക്കിട്ട് ? നീ ഇപ്പൊ റൊമ്പ സീരിയസ് , മുന്നാടി ദുർഗ്ഗാലക്ഷ്മി കൂടെ വീട്ടിൽ വിളയാട വരുമ്പോത് ഉൻ സിരിപ്പേ കേട്ടാലേ പോതും . ആമാ , ദുർഗ്ഗാലക്ഷ്മി  യൂ.എസ്സ് ലെ എപ്പിടിയിറക്ക് “ 

 

“നല്ലായിരുക്ക് മാമാ, ഇപ്പൊ രണ്ടാവതു കുളന്ത പുറന്തിരിക്ക്, അമ്മ അവ കൂടെ താൻ ഇരുക്ക് “

 

“ആഹാ, നല്ലായിര് കണ്ണാ, സരി അപ്പറം പാക്കലാം” - രാമസ്വാമി മാമൻ പതുക്കെ നടന്നു നീങ്ങി.

 

വേണിചേച്ചിയെ പറ്റി ഞാനൊന്നും ചോദിച്ചില്ല, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വേണി ചേച്ചിയുടെ വിവാഹം ഇത് വരെ കഴിഞ്ഞിട്ടില്ല, അത് ആ കുടുംബത്തിൽ എല്ലാവർക്കും വല്ലാത്ത വിഷമം ആണെന്ന് ചേച്ചി പറഞ്ഞത് ഞാനോർത്തു, വേണി ചേച്ചി മിടുക്കിയാണ്, ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ൽ കെമിസ്ട്രി ടീച്ചർ ആണ്, ചെറുപ്പത്തിലേ ഞങ്ങൾ എല്ലാരും വലിയ കൂട്ടായിരുന്നു. പാടത്തും കരമാനയാറിന്റെ തീരത്തുമൊക്കെ ആർത്തലച്ചു നടക്കാൻ എന്ത് രസമായിരുന്നു. ചിന്തകൾ പഴയ പായിക്കപ്പലിലേക്ക് കേറാൻ തുടങ്ങിയപ്പോളേക്കും ഓഫീസിലേക്ക് എത്തുന്ന കാര്യം മനസ്സിലേക്ക് വന്നു. ഇനി പ്രൈവറ്റ് ബസ്സ് കയറി കിഴക്കേകോട്ട ഇറങ്ങാം, അവിടുന്ന് ഓഫീസ് ന്റെ ഭാഗത്തേക്ക് ഇഷ്ടം പോലെ ബസ്സുകൾ ഉണ്ടാകും. പോക്കറ്റിൽ തപ്പി നോക്കി, പേഴ്സ് ഇൽ കാശൊന്നും എടുത്തത് ഇല്ല, തൊട്ടടുത്തുള്ള ATM ലേക്ക് കയറി, കിട്ടിയത് രണ്ടായിരത്തിന്റെ നോട്ട്കൾ മാത്രം. ഇതും കൊണ്ട് ബസ്സിൽ കയറിയാൽ മിക്കവാറും കണ്ടക്ടറിന്റെ മുറു മുറുപ്പ് കാണേണ്ടി വരും. പണ്ട് 25 പൈസ എസ്.ടി ക്ക് വേണ്ടി നീട്ടുമ്പോ കണ്ടക്ടറിന്റെ മുറുമുറുപ്പ് മനസിലേക്ക് വന്നു, ഇന്ന് രണ്ടായിരം നീട്ടാൻ പോകുമ്പോളുള്ള മുറുമുറുപ്പ് മനസ്സിൽ സങ്കൽപ്പിച്ചു, അപ്പോളേക്കും ഒരു പ്രൈവറ്റ് ബസ്സ് അവിടെ  സ്റ്റോപ്പിൽ എത്തിയിട്ടുണ്ടായിരുന്നു. 

 

ഫോണിൽ ബാബു വിളിക്കുന്നു. 

“സാറേ ബസ് കേറിയോ ?”

ഉത്തരവാദിത്വമുള്ള മനുഷ്യർ ഇങ്ങനെയാണ്, അയാൾക്ക് വേണമെങ്കിൽ ഒരു “ഫയർ ആൻഡ് ഫോർഗെറ്റ്” രീതി സ്വീകരിക്കാമായിരുന്നു, പക്ഷെ ബാബു അങ്ങനെയല്ല, ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. ഓഫീസ് ബസ്സ്  കിട്ടിയില്ലെങ്കിലും ഞാൻ മനസ്സിൽ അയാൾക്ക് മനസ്സിൽ നന്ദി പറഞ്ഞു.

“ഇല്ല ബാബു, ഞാനെത്തിയപ്പോളേക്കും വൈകി. സാരമില്ല, ഞാനെത്തിക്കോളാം.”

തന്റേതല്ലാത്ത തെറ്റെങ്കിലും സോറി പറഞ്ഞിട്ട് അയാൾ ഫോൺ വെച്ചു , അപ്പോളേക്കും വന്ന പ്രൈവറ്റ് ബസ്സ് പോയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ ബസ്റ്റോപ്പിൽ ബെഞ്ചിൽ ഇരുന്നു, സ്കൂൾ കുട്ടികളൊക്കെ ഏതാണ്ട് പോയിക്കഴിഞ്ഞു, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഞാൻ റോഡിന്റെ അപ്പുറത്തെ വശത്തേക്ക് അലസമായി നോക്കിയിരുന്നു. 

 

തുടരെ തുടരെയുള്ള ഇന്നത്തെ കണക്കുകൂട്ടലുകളിലെ പിഴവ് എന്നെ വല്ലാതെ മടുപ്പിച്ചു. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ നിസ്സാരങ്ങളിൽ നിസ്സാരം ആയേക്കാവുന്ന ഒരു പ്രഭാതം ആണിത്, പക്ഷെ എന്നെ പൂർണ്ണമായും ക്ഷീണിപ്പിക്കാൻ അതിനു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ നൂല് കെട്ടിപ്പിടിച്ച പോലുള്ള ജീവിതം സമ്മാനിച്ച ശീലം ആകാം അത്.  അൽപ്പം മാറി നിന്ന് പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിക്കുന്നവരെ ഞാൻ നോക്കി. കോളേജ് ഇൽ പഠിക്കുമ്പോ ഒന്ന് രണ്ടു വട്ടം വലിച്ചിട്ടുണ്ട്, നിക്കോട്ടിൻ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്രിനാലിൻ ശ്രവിക്കുന്നതും ഹൃദയമിടിപ്പും ശ്വാസമെടുപ്പും കൂടുന്നതും, പരോക്ഷമായി ഡോപ്പമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉണർത്തി സന്തോഷം കണ്ടെത്തുന്ന ഏർപ്പാടിൽ താല്പര്യം തോന്നാതിരുന്നതിനാൽ പുകവലി തുടർന്നില്ല. എനിക്ക് ആ സന്തോഷം ഒരു തലവേദനയായി മാത്രമേ തോന്നിയിരുന്നുള്ളു. നവമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “why can't you just see smoking and drinking as they are and just go on with it ? “ ശ്രമിച്ചിട്ടുണ്ട്, കഴിഞ്ഞിട്ടില്ല. ഇത് രണ്ടും ബുദ്ധിയെ മരവിപ്പിക്കുന്ന ഒന്നായി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ബോധ മനസ്സിനെ തളർത്തി അതിനെ റിലാക്സേഷൻ ആയിട്ട് കാണാൻ എനിക്ക് കഴിയില്ല.  എനിക്ക് റിലാക്സേഷന്റെ ആവശ്യമില്ല എന്നാണ്, ചെറുപ്പത്തിലേ ഞാൻ എന്നെ തന്നെ പഠിപ്പിച്ചത്. അച്ഛന്റെ മരണത്തിനു ശേഷം തുച്ഛമായ പെൻഷൻ തുകയിൽ ആണ് എന്റെയും ചേച്ചിയുടെയും പഠിത്തവും വീട്ടിലെ ചിലവും ഒക്കെ കഴിഞ്ഞു വന്നിരുന്നത്, കണ്ണും പൂട്ടി മറ്റൊന്നും ശ്രദ്ധിക്കാതെ നന്നായി പഠിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും മുന്നിലുണ്ടായിരുന്നില്ല. ജോലി കിട്ടിയപ്പോഴും അങ്ങനെ തന്നെ, ഇടം വലം നോക്കാതെ കിട്ടുന്നതെന്തും ചെയ്തു തീർക്കുക എന്നത് മാത്രമേ മനസ്സിലുള്ളു, അതിനൊക്കെ ഇടയിൽ ബോധമനസ്സിൽ നിന്ന് മാറി ഒരു മണിക്കൂറു പോലും എനിക്ക് റിലാക്സ് ചെയ്യേണ്ടിയിരുന്നില്ല. പക്ഷെ ഇതിനിടയിലും എവിടെ നിന്നോ വന്നു കൂടിയതായിരുന്നു നവമി. അവളെന്റെ കാമുകിയോ ഭാര്യയോ അല്ല, വളരെ അടുത്ത സുഹൃത്തായിരുന്നു, വളരെ അടുത്ത എന്നുള്ളത് തികച്ചും ആപേക്ഷികമായൊരു സൂചനയാണ്. മറ്റുള്ള ആരോടും തീരെ അടുപ്പം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അടുപ്പത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, പരസ്പരം ഇഷ്ടങ്ങൾ പറഞ്ഞിട്ടില്ല. ചിന്തയിൽ ഒരുപാട് സമാനതകൾ വെച്ച് പുലർത്തിയിരുന്നുവെങ്കിലും അതെ സമയം തന്നെ ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു ഞങ്ങൾ. ISRO ഇത് ജോലി കിട്ടുന്നതിന് മുൻപ് ഞാൻ അഞ്ചു വർഷങ്ങളോളം ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ആയിരുന്നു, അവിടെ വെച്ച് പരിചയപ്പെട്ടതാണ് നവമിയെ. ഞങ്ങൾ മൂന്നു വർഷത്തോളം ഒരു മുറിയിലാണ് താമസിച്ചിരുന്നത്. എന്റെ കണക്കു കൂട്ടിയുള്ള ജീവിതം അവൾക്കാദ്യം കൗതുകമായിരുന്നു, പിന്നീട് തലവേദനയും. പിരിഞ്ഞതിന് ശേഷം ഇടക്ക് വിളിക്കും, കുറച്ചു നേരം സംസാരിക്കും, പിന്നെ മാസങ്ങളോളം ഒരു വിവരവും കാണാറില്ല. പക്ഷെ മിക്കവാറും എന്നും ചിന്തകളിലെപ്പോഴോ നവമി കടന്നു വരും, അവളുടെ ശബ്ദം തലക്കുള്ളിൽ മുഴങ്ങും, എന്റെ മനസ്സാക്ഷിക്ക് ചില നേരം അവളുടെ ശബ്ദമാണ്, പ്രത്യേകിച്ച് വിമർശന സ്വഭാവമുള്ള ചർച്ചകൾ മനസ്സാക്ഷിയുമായി നടക്കുമ്പോൾ.

 

രാമസ്വാമി മാമൻ റോഡിൻറെ അപ്പുറത്തെ വശം വഴി തിരികെ നടന്നു പോയി, വേണി ചേച്ചി വീണ്ടും മനസ്സിലേക്ക് വന്നു. എന്നേക്കാൾ മൂന്നു വയസ്സ് മൂപ്പുണ്ട്, എന്റെ ചേച്ചിയേക്കാളും പൊക്കമുണ്ട്, നീണ്ട മൂക്കും മൂക്കിൽ തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയുമുള്ള എപ്പോളും മുല്ലപ്പൂ മണക്കുന്ന വേണി ചേച്ചി. എപ്പോളും ഞങ്ങൾ മൂന്നു പേരും ഒരുമിച്ചായിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ആദ്യ പ്രണയം വേണിച്ചേച്ചി യോട് ആയിരുന്നിരിക്കാം, പക്ഷെ വെളിയിൽ മിണ്ടുക പോയിട്ട് ആരെങ്കിലും കാണുന്ന രീതിയിൽ അതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. അവർക്കും എന്നെ വലിയ കാര്യമായിരുന്നു, പണ്ട് ഞങ്ങൾ കന്യാകുമാരിയിൽ ടൂർ പോയപ്പോൾ വേണി ചേച്ചി എന്റെ അടുത്താണ് ബസ്സിൽ ഇരുന്നത്. യാത്രയിൽ മൊത്തം കഥ പറച്ചിലായിരുന്നു. അന്നെന്തോ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല, നല്ല കാറ്റുള്ള സമയത്തു പറത്തിയ  പട്ടം പോലെ മനസ്സാകെ പറന്നു നടന്നു. 

സുന്ദരിയായിരുന്ന അവർക്ക് പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്ല്യാണആലോചനകൾ വന്നു തുടങ്ങിയതാണ്, പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ അതൊന്നും നടക്കരുതേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവർക്കും മനസ്സിൽ അധികം സ്ഥലം ഇല്ലാതായി, അവിടെയൊക്കെ ഇന്റഗ്രേഷനും ഡിഫറെൻഷ്യൽ ഇക്കുവേഷൻസും സ്ഥലം കയ്യേറി. വലുതായപ്പോൾ എല്ലാരും പരസ്പരം മറന്നു എന്ന് സാമാന്യവൽക്കരിക്കപ്പെടാവുന്ന, ആരും അറിയാത്ത ഒരു കൗമാര പ്രണയമായി അത് എവിടെയോ അലിഞ്ഞു പോയി.

 

അനൈച്ഛിക പ്രവർത്തിയായി പോക്കറ്റിൽ കിടന്ന ഫോൺ കയ്യിലെത്തിയിരുന്നു, എന്നെ മാനേജ് ചെയുന്ന ചീഫ് സ്റ്റാറ്റിസ്റ്റീഷനു മെസ്സേജ് അയച്ചു, “I’ll be late today”.

 

എന്തിനോ, അകാരണമായ ഒരു ഭയം നെഞ്ചിൽ തണുപ്പ് കലർത്തി വേഗം മിടിപ്പിച്ചു തുടങ്ങി, എന്തെങ്കിലും ജോലി ചെയ്തു തീർക്കേണ്ടതായി ഉണ്ടായിരുന്നോ, ഇന്ന് താമസിച്ചു എത്തുന്നത് കൊണ്ട് ഓഫീസിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നൊക്കെ പലകുറി തലങ്ങും വിലങ്ങും ചിന്തിച്ചു. കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി ഓഫീസിൽ ഇത് കാര്യമായി പണിയൊന്നും ഇല്ല, ദിവസേനയുള്ള കുറച്ചു റിപ്പോർട്ടുകൾ അയക്കണം, അതിപ്പോ ജൂനിയേഴ്സിന് ആർക്കെങ്കിലും ചെയ്യാനേയുള്ളു. ഓഫീസിൽ താമസിച്ചെത്തിയാലും കുഴപ്പമില്ല എന്ന് മനസ്സിനോട് പറഞ്ഞു, എന്നിട്ടും വലിയ മാറ്റമൊന്നുമില്ല, ഓഫീസിൽ എപ്പോൾ എത്തും, ചെന്നാൽ എന്തൊക്കെ ചെയ്യും എന്നൊക്കെ ആലോചിച്ചു, മാനേജർക്ക് അയച്ച മെസ്സേജ് എടുത്ത് ഒരു കാര്യവുമില്ലാതെ രണ്ടു മൂന്നു വട്ടം വായിച്ചു. ഇരുന്നു മടുത്ത ഞാൻ എണീറ്റു , അപ്പുറത്തെ പെട്ടിക്കടയിലേക്ക് പോയി നിക്കോട്ടിനിൽ താൽക്കാലിക ആശ്വാസം കണ്ടെത്തിയാലോ എന്ന് ചിന്തിച്ചു നടന്നു. കടയ്ക്കു മുന്നിൽ രണ്ടു കോളേജ് പിള്ളേർ പുകച്ചു തള്ളുന്നു, പുക കൃത്യമായും എന്റെ അടുക്കലേക്ക് വന്നു. അവരന്മാരുടെ ശ്വാസനാളം കരിഞ്ഞ മണമായി തോന്നി, മനസ്സിൽ ഓക്കാനം വന്നു. തലവേദന കൂടി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമ തിയേറ്ററിൽ കേൾക്കുന്ന ശബ്ദം മനസ്സിൽ മുഴങ്ങി.

“എന്താ വേണ്ടേ?”

പെട്ടെന്ന് സിഗരറ്റ് വേണ്ട എന്ന് തീരുമാനിച്ചു.

“ചേട്ടാ, ഒരു നാരങ്ങാ സോഡാ. ഉപ്പും പഞ്ചസാരയും“ ഇപ്പോളത്തെ അവസ്ഥയിൽ അതാണ് നല്ലതെന്നു തോന്നി.

ഫോണിൽ മെസ്സേജ് വന്നു, മാനേജരാണ് - “ Okay, hope everything is fine”

“Sure, just need to take care of some personal commitments”, ഇങ്ങനെ ഒരു മെസ്സേജ് തിരികെ അയച്ചു. personal commitments എന്ന വാക്ക് പലപ്പോഴും ഒരു മറയാണ്, പ്രൊഫഷണലിസം എത്തി നോക്കാത്ത ഒരു ആൾമറ , കൂടുതൽ വിശദീകരിക്കാൻ താല്പര്യമില്ലാത്ത അധ്യായങ്ങൾക്ക് നല്കാൻ ഏറ്റവും സൗകര്യമുള്ള ടാഗ്. അപ്പോളേക്കും നാരങ്ങാ വെള്ളം റെഡി ആയി. വാടിയ നാരങ്ങാ ആണെന്ന് തോന്നുന്നു, വല്ലാത്ത ചുവ. തീരെ ഇഷ്ടപ്പെട്ടില്ല. പകുതിയേ കുടിച്ചുള്ളു. പകുതി കാലിയായ ഗ്ലാസ് തിരിച്ചു വെച്ചപ്പോൾ കടയിലെ ചേട്ടന്റെ മുഖം മങ്ങുമോ എന്ന് നോക്കി, അയാൾക്ക് ഒരു ഭാവ മാറ്റവുമില്ല. പേഴ്സ് എടുത്തു, രണ്ടായിരത്തിന്റെ നോട്ട് മാത്രമേയുള്ളു. കണ്ടക്ടറിന്റെ നീരസത്തിനു പകരം ഈ കടയിലെ ചേട്ടന്റെ നീരസം ആവും കാണേണ്ടി വരുക. 

പക്ഷെ പുള്ളിക്ക് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അയാൾ നൂറിന്റെയും അൻപതിന്റെയും നോട്ടുകൾ ബാക്കി തന്നു, പഴ്സ്ഇൽ ഇടുന്ന മുന്നേ ഞാൻ എണ്ണി നോക്കി. പുകച്ചു കൊണ്ട് നിന്ന കോളേജ് പയ്യന്മാർ ഞാൻ എണ്ണുന്നത് കണ്ട് വല്ലാതെ നോക്കി, പിള്ളേരൊക്കെ ബാക്കി കിട്ടുന്നതൊക്കെ അങ്ങനെ തന്നെ പേഴ്സ്ലേക്ക് മാറ്റുമോ എന്തോ, എനിക്കെന്തോ പണ്ടേയുള്ള ശീലമാണ്. എണ്ണി തിട്ടപ്പെടുത്തിയില്ലെങ്കിൽ അതും ഒരു സമാധാനക്കേട്.

 

തിരിച്ചു ബസ്റ്റോപ്പിൽ വന്നു നിന്നു, കടയിൽ നിന്ന കോളേജ് പിള്ളേർ ബൈക്ക് ഇൽ ഉറക്കെ ശബ്ദം കേൾപ്പിച്ചു ചീറിപ്പാഞ്ഞു പോയി. വെയിലും ചൂടും കൂടി വരുന്നു, സ്കൂൾ , ഓഫീസ് സമയം കഴിഞ്ഞു വരുന്നത് കൊണ്ടാവും, അധികം ബസ്സുകൾ കാണാനില്ല. ഒരു കാര്യവുമില്ലാതെ മനസ്സിൽ sai1986@yahoo.com എന്ന മെയിൽ ഐഡി പൊങ്ങി വന്നു, എന്തിനാണ് മനസ്സിങ്ങനെ തീർത്തും ക്രമരഹിതമായ ഓരോ ഓർമ്മകൾ പൊക്കിയെടുത്തു കൊണ്ട് വരുന്നത്. മനസ്സിലെ ചിന്തകളും ഉറക്കത്തിലെ സ്വപ്നങ്ങളും ജീവിതത്തിലെ സംഭവങ്ങളുമെല്ലാം ഒരു പകിട കറക്കി എറിയുന്ന പോലെ random events ആണോ? അതോ സങ്കീർണ്ണമെങ്കിലും ഡാറ്റ സയൻസിനു നിർവ്വചിക്കാൻ കഴിയുന്ന ഒരു പാറ്റേൺ ആണോ? എന്നു എന്നോട് തന്നെ തമാശയായി ചോദിച്ചു കൊണ്ട്  sai1986 നെ പറ്റി പുഞ്ചിരിയോടെ ഓർത്തു. ഇമെയിൽ ഉപയോഗിച്ചു തുടങ്ങിയ സമയത്ത് പരിചയപ്പെട്ട അജ്ഞാതനായ ഒരാളാണ്. കുറെ ഇമെയിലുകൾ അയച്ചിട്ടുണ്ട്, യാഹൂ മെസഞ്ചറിൽ കുറെ ചാറ്റ് ചെയ്തിട്ടുണ്ട്, അയാൾക്ക് ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തിയത് ഒരു ശ്രീലങ്കൻ പെൺകുട്ടി ആയിട്ടാണ്. ശ്രീലങ്കൻ പെൺകുട്ടിയുടെ വ്യാജ വ്യക്തിത്വത്തിൽ അയാളോട് യാതൊരു സങ്കോചവുമില്ലാതെ എന്തിനെ പറ്റിയും ഞാൻ സംസാരിച്ചിരുന്നു, അയാൾ തിരിച്ചും. ചെന്നൈ ഇൽ താമസിക്കുന്ന സായി എന്ന് മാത്രമേ അയാളെ പറ്റി എനിക്കുമറിയൂ, വര്ഷങ്ങളായി ഒരു വിവരവുമില്ല, ഒരു പക്ഷെ അയാളും വ്യാജ വ്യക്തിത്വത്തിന്റെ മറവിൽ ആയിരുന്നിരിക്കാം സംസാരിച്ചിരുന്നത് എന്നിപ്പോൾ തോന്നുന്നു. Sai1986 പ്രത്യേകിച്ച് കാരങ്ങളൊന്നുമില്ലാതെ മനസ്സിലേക്ക് വന്നത് ഒരു  random event ആയിരുന്നോ പാറ്റേൺ ആയിരുന്നോ എന്ന് എന്റെ ഉള്ളിലെ ഡാറ്റ സയന്റിസ്റ്റിനോട് ഞാൻ ചോദിച്ചു. അപ്പോളേക്കും അടുത്ത ബസ്സ് വന്നിരുന്നു.

 

ബസ്സിൽ വലിയ തിരക്കില്ല. പുതിയതായി നിരത്തിൽ വന്ന പ്രൈവറ്റ് ബസ്സ് ആണെന്ന് തോന്നുന്നു. കുറച്ചു് അന്യ സംസ്ഥാന തൊഴിലാളികൾ ബസ്സിലുണ്ട്, അവർ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നു. ബസ്സ് നീങ്ങി. ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഹിന്ദി പാട്ട് ബസ്സിൽ നിന്ന് കേൾക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളിൽ ഒരു പയ്യൻ സീറ്റിൽ അൽപ്പം ഉറക്കെയായി താളം പിടിക്കുന്നുമുണ്ട്. അടുത്ത് വന്ന കണ്ടക്ടറോട് കിഴക്കേക്കോട്ട ടിക്കറ്റ് വാങ്ങി.കേൾക്കുന്ന ഹിന്ദി പാട്ട് നല്ല വ്യക്തതയുണ്ട്, ഏതാണ് സ്‌പീക്കർ എന്ന് നോക്കാനായി ആഞ്ഞു നോക്കി, ഒരു സ്പീക്കർ പോലും പുറത്തു കാണാനില്ല. സ്പീക്കർ കണ്ടു പിടിച്ചേ പറ്റു എന്നായി. ബസ്സിന്റെ സീലിങ്ങിൽ നോക്കി ഇല്ല. മുൻ ഭാഗത്തേക്കും പുറകിലേക്കും എത്തി നോക്കി - ഇല്ല. ഞാൻ അസ്വസ്ഥനായി.

 

സ്പീക്കർ കാണാനായി ഞാൻ സീറ്റിൽ നിന്നും എണീറ്റ് തലയ്ക്കു മുകളിൽ ഉണ്ടായിരുന്ന ബാഗ് വെക്കാനുള്ള റാക്ക് ഇൽ നോക്കി, എവിടെയുമില്ല. ചെവിയിലെ മൂളൽ കൂടിക്കൊണ്ട് വന്നു. തൊട്ടപ്പുറത്തെ സീറ്റിലുള്ളവർ താളം കൊട്ടി ആസ്വദിക്കുന്ന പാട്ട് എനിക്ക് തീരെആസ്വദിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല അതൊരു ശല്യപ്പെടുത്തുന്ന സമസ്യ ആയി മാറി, ആ ശബ്ദത്തിന്റെ ഉറവിടം ഒരു ചെറിയ നിഗൂഢതയും. തല വേദന കൂടി. പാട്ടിന്റെ വ്യക്തത പതുക്കെ പതുക്കെ ചെവിയിലെ മൂളലിന്റെ ആക്കത്തിന് വഴി മാറി. അപ്പോളേക്കും ബസ്സ് കിഴക്കേകോട്ട എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ ഇറങ്ങിപ്പോയി, ബസ്സിലെ ഭൂരി ഭാഗം ആൾക്കാരും ഇറങ്ങി. 

“ഈ ബസ്സ് ഇനി എങ്ങോട്ടേക്കാ ?” ഞാൻ കണ്ടക്ടറോട് ചോദിച്ചു.

“വെട്ടുകാട് “ - ബാഗിലെ ചില്ലറ എണ്ണുന്ന തിരക്കിൽ മുഖത്തേക്ക് നോക്കാതെ അയാൾ ഉത്തരം പറഞ്ഞു.

“എന്നാൽ ഒരു വെട്ടുകാട് ടിക്കറ്റ് തരു “, ഞാൻ പറഞ്ഞു.  മുഖത്തേക്ക് നോക്കാതെ തന്നെ അയാൾ തലയാട്ടി. 

ഞാൻ എന്തിനാണ് വെട്ടുകാട് ടിക്കറ്റ് ചോദിച്ചതെന്നു എനിക്ക് തന്നെ മനസ്സിലായില്ല. തല്ക്കാലം ബസ്സിൽ നിന്ന് ഇറങ്ങാൻ തോന്നിയില്ല. 

“Is this really you ?” - നവമിയുടെ പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അത്ഭുതം നിറഞ്ഞ ചോദ്യം മനസ്സിൽ മുഴങ്ങിയ പോലെ തോന്നി.

പാട്ട് അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു, സീറ്റിന്റെ അടിയിലാണോ സ്പീക്കർ എന്ന് നോക്കാൻ എണീക്കാം എന്ന് വിചാരിച്ചു, ഡ്രൈവർ ബസ്സിന്റെ ബോർഡ് “വെട്ടുകാട് “ എന്ന് മാറ്റിയതും ആൾക്കാർ ഇരച്ചു കയറിയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങൾ കൊണ്ട് ബസ്സ് കുത്തി നിറഞ്ഞു. സൂചി കുത്താൻ പോലും സ്ഥലമില്ലാതായി. ഡബിൾ ബെൽ കൊടുത്ത ശേഷം കണ്ടക്ടർ എന്റെ നേർക്ക് ടിക്കറ്റ് നീട്ടി.

ഒരു കാരണവുമില്ലാതെ ഈ തിരക്കിൽ ഞെരുങ്ങേണ്ടി വന്നല്ലോ എന്നോർത്തു ഞാൻ അസ്വസ്ഥനായി. ബസ്സിൽ നിന്നിറങ്ങാതെ യാത്ര തുടരാൻ തീരുമാനിച്ചത്ഇത് ഒരു പാറ്റേൺ ഉം അല്ല, pure random event ആണ് എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. അപ്പോഴും പാട്ടു കേൾക്കുന്നുണ്ട്, പക്ഷെ വ്യക്തത തീരെയില്ല, ബസ്സിൽ തിക്കും തിരക്കും ബഹളവും ആയതു കൊണ്ടാവും. ഞാൻ പുറത്തേക്ക് നോക്കി , നഗരത്തിലെ കെട്ടിടങ്ങൾ പുറകിലേക്ക് ഓടി മറയുന്ന കാഴ്ച വർഷങ്ങൾക്ക് ശേഷം വീണ്ടും മനോഹരമായ പോലെ തോന്നി. പ്രീ ഡിഗ്രി പഠിക്കുമ്പോ സ്ഥിരമായി വന്നിരുന്ന ഈ വഴി ഓർത്തു, അന്ന് ബസ്സിൽ കൂടെ യാത്ര ചെയ്തിരുന്നവരെയും,  ക്ലാസ്സിൽ കൂടെ പഠിച്ചവരെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തു. മറന്നുവെന്നു കരുതിയ പല മുഖങ്ങളെയും ലക്ഷ്യമില്ലാത്ത ആ ചെറിയ യാത്ര കടഞ്ഞെടുത്തു. ചാക്ക ബസ്റ്റോപ്പ് കഴിഞ്ഞപ്പോളേക്കും ബസ്സിലെ തിരക്ക് കുറഞ്ഞു വന്നു. പാട്ടിനു വ്യക്തത കൂടി വന്നു, എന്തോ എന്റെ മനസ്സ് വല്ലാതെ ശാന്തമായി. ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് തോന്നിയില്ല. പാട്ട് പഴയ കാലത്തിലേക്ക് സഞ്ചരിച്ചു , “ഘർ സെ നികൽതേ ഹി “ എന്ന ഉദിത് നാരായൺ പാട്ടിലേക്ക് വന്നു.തല സീറ്റിലേക്ക് ചായ്ച്ചു വെച്ച് ഞാൻ ആ പാട്ട് കേട്ടു . ചെറുതായി ഒന്ന് കണ്ണടച്ച് മയങ്ങി. ഏതൊക്കെയോ നല്ല ഓർമ്മകളിലേക്ക് മനസ്സ് തെന്നി നീങ്ങി. പെട്ടെന്ന് ബസ്സ് നിന്നു . വെട്ടുകാട് പളളിയുടെ അടുത്തെത്തി . ബസ്സ് ഏതാണ്ട് കാലിയായി. ഞാൻ എഴുന്നേറ്റു .

“ എന്താ സാറേ, എന്തേലും കളഞ്ഞു പോയോ ? എന്തോ തിരയുന്നത് കണ്ടു “ കണ്ടക്ടർ ചോദിച്ചു .

ഇല്ല എന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി. സ്‌പീക്കർ ഏതാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു, മനഃപൂർവ്വം വേണ്ടെന്നു വെച്ച് ചെറു ചിരിയോടെ ഞാൻ ബസ്സിൽ നിന്നിറങ്ങി.

 

പൊള്ളുന്ന വെയിലിൽ പള്ളിയുടെ മതിലിൽ ഇപ്രകാരം എഴുതിയിരുന്നു.

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം