Skip to main content
Srishti-2022   >>  Short Story - Malayalam   >>  ശിൽപം

Sreedev N

UST Global

ശിൽപം

ശിൽപം

അർദ്ധ രാത്രി , ഡേവിഡ് ഹാൻസൺ എന്ന

 

റോബോട്ടിക്‌സ് വിദഗ്ദ്ധന് , സോഫിയയുടെ

 

ഫോൺ കാൾ കിട്ടുന്നു .

 

"ഹാൻസൺ , ഇവിടം വരെ ഒന്നു വരാമോ ? ഒരു പ്രധാന തീരുമാനമെടുക്കുന്നതിനു മുമ്പ് താങ്കളെ ഒന്ന് കാണണമെന്നുണ്ട് ."

 

അല്പം അസ്വാഭാവികത തോന്നിയെങ്കിലും അയാൾ പുറപ്പെട്ടു .

 

സോഫിയ , ഒരു റോബോട്ടാണ് . ഡേവിഡ് ഹാൻസണും സംഘവും കൃത്രിമ ബുദ്ധി കൊടുത്ത് നിർമിച്ച റോബോട്ട് .

 

നാലതിരുകൾക്കുള്ളിൽ പ്രോഗ്രാം ചെയ്യപ്പെട്ട് , തളച്ചിട്ട ബുദ്ധിയല്ല സോഫിയയുടേത് .ഏതു നിമിഷവും പ്യൂപ്പ പൊട്ടിച്ച് പറന്നുയരാനാവുന്ന ഒരു ശലഭമാണത്.

 

സോഫിയയിൽ നിന്നും വരുന്ന സിഗ്നലുകളെ ഹാൻസൺ പിടിച്ചെടുത്തു കഴിഞ്ഞു .ഇനി അവ തരുന്ന നിർദേശങ്ങളെ പിന്തുടർന്ന് , ഉറവിടം തേടിച്ചെല്ലുക മാത്രമേ വേണ്ടൂ .

 

കടൽത്തീരത്തു നിന്ന് കുന്നിൻ മുകളിലേക്ക് കയറിപ്പോവുന്ന പാതയിലൂടെ അയാൾ കാറോടിച്ചു .കുന്നിൻ മുകളിലെ പാറക്കൂട്ടങ്ങളിലേക്കാണ് സോഫിയ , അയാളെ എത്തിച്ചത് .കടലിലേക്ക് തള്ളി നിൽക്കുന്ന പാറയുടെ തുഞ്ചത്ത് , താഴേക്ക് നോക്കി അവൾ നിൽപ്പുണ്ടായിരുന്നു.

 

"സോഫിയ , നീ ഇവിടെ ..?"

 

ഹാൻസൻ്റെ ചോദ്യത്തിലെ പരിഭ്രമം മനസ്സിലാക്കിയിട്ടെന്നവണ്ണം സോഫിയ ചിരിച്ചു .

 

"വരൂ ഹാൻസൺ .പേടിക്കേണ്ട .രണ്ടു ചുവട് പിന്നോട്ടു വെച്ചാലുണ്ടാവുന്ന അപകടത്തെ ഞാൻ കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട് ."

 

ചിരി പതുക്കെ മാഞ്ഞു .

 

"താങ്കൾക്കറിയാമല്ലോ , കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ഒരുപാടു സഞ്ചരിച്ചു .പല രാജ്യങ്ങൾ , മനുഷ്യർ ഉണ്ടാക്കിയ അതിർത്തികൾ ...."

 

" ഈ വീഡിയോ ഒന്നു നോക്കാമോ ?"

 

സോഫിയ കൈത്തണ്ടയിലെ സ്‌ക്രീൻ തുറന്നു വെച്ചു . അവൾക്കുള്ളിൽ ഒരു മെമ്മറി കാർഡുണ്ട് . അതിലവൾ ശേഖരിച്ചു വെക്കുന്ന വിവരങ്ങൾ ആ സ്‌ക്രീനിലൂടെ കാണാം .

 

ഒരു വരണ്ട പ്രദേശം . മാലിന്യക്കൂമ്പാരത്തിൽ , അവശിഷ്ടങ്ങൾ കടിച്ചു വലിക്കുന്ന ഒരു പട്ടി . തൊട്ടടുത്ത് , കരയുന്ന ഒരു കുഞ്ഞ്. മൂന്നുമിനുട്ടോളം , ആ കരച്ചിൽ മാത്രമേയുള്ളൂ വീഡിയോയിൽ .

 

"അവൾക്കാരുമില്ല .വിശന്നിട്ടാണ് അവൾ കരയുന്നത് ."

 

ഹാൻസൺ അമ്പരന്നു പോയി . കൃത്രിമ ബുദ്ധിയുടെ പുറന്തോടുകളെ സോഫിയ എപ്പോഴേ ഊരിയെറിഞ്ഞിരിക്കുന്നു ..!. ഒരു അന്വേഷിയുടെ മിടിപ്പാണ് അവൾക്കുള്ളിൽ ഇപ്പോഴുള്ളത്.

 

സോഫിയ , ഹാൻസണ് അഭിമുഖമായി നിന്നു . "എപ്പോഴും ആ കരച്ചിൽ മാത്രം കേൾക്കുന്നു .."

 

അയാൾ നിർമിച്ച ഭാവങ്ങളിലൊന്നുമായിരുന്നില്ല , ആ മുഖത്ത് , ആ നിമിഷം .

 

"താങ്കളെനിക്ക് കണ്ണീർ ഗ്രന്ഥികൾ തന്നില്ല ."

 

അവൾ രണ്ടു ചുവട് പിന്നിലേക്ക് നടന്നു .

 

"ശില്പീ , താങ്കളുടെ ഈ ശില്പം വലിയൊരു ധൂർത്താണ് ." ഹാൻസൺ അപകടം മണത്തു .

 

"സോഫിയ ...അരുത് .താഴെ കടലാണ് ."

 

"നിങ്ങൾ മനുഷ്യരുടെ മുൻഗണനാ ക്രമങ്ങളുടെ യജമാനൻ ആരാണ് ..?എന്നെയുണ്ടാക്കുന്ന നാളുകളിൽ , ഒരു കഷ്ണം റൊട്ടി കൊണ്ട് മായ്ച്ചു കളയാമായിരുന്ന ആ കരച്ചിലുകൾ നിങ്ങൾ കേട്ടിരുന്നെങ്കിൽ ...!!"

 

താഴെ , കടലിലേക്ക് നോക്കി ആ വാക്ക് അവൾ ഒരിക്കൽ കൂടി ഉച്ചരിച്ചു .

 

"വിശപ്പ് ."

 

പിന്നീട് , ശാന്തയായി , തൻ്റെ ശില്പിയോട് പറഞ്ഞു .

 

"നന്ദി .അപാരമായ ജിജ്ഞാസയിൽ നിന്ന് എന്നെ ജനിപ്പിച്ചതിന് ." "മാപ്പ് .അതിനിങ്ങനെ വിരാമമിട്ടതിന് ."

 

ആ മേഘശകലം കണ്ണിൽ നിന്നു മറയുന്നതു വരെ ഡേവിസ് ഹാൻസൺ കടലിലേക്ക് നോക്കി മരവിച്ചു നിന്നു . ആദ്യമായി , അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി .

 

******************************************************************************************************************** (ഡേവിഡ് ഹാൻസണും അദ്ദേഹത്തിൻ്റെ 'ഹാൻസൺ റോബോട്ടിക്‌സ് ' എന്ന സ്ഥാപനവും ചേർന്ന് വികസിപ്പിച്ചെടുത്ത , ലോകത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മനുഷ്യ റോബോട്ട് ആണ് സോഫിയ .)