Skip to main content
Srishti-2022   >>  Short Story - Malayalam   >>  വർത്തമാനം

Glady Selvaraj

Servntire Global Pvt Ltd

വർത്തമാനം

വർത്തമാനം

 

ആരാവാരങ്ങൾക്കിടയിൽ എവിടേയോ അവൾ നിദ്രയുടെ ഏകാന്ത സുഖത്തിലേയ്ക്ക് വഴുതി വീണിരുന്നു . എപ്പോഴും അവൾ സുരക്ഷിതയാകാറുള്ള തൻ്റെ ഉള്ളറയിലേയ്ക്ക്‌. ഉറക്കത്തിൻ്റെ തട്ടിലെവിടെയോ വീണ പഴുതിലൂടെ അവൾ അനുഭവങ്ങളുടെ കൊടുംകാട്ടിൽ തെന്നിവീണു. ഞരക്കത്തിലും തേങ്ങലിലും തുടങ്ങിയ ആ പ്രയാണം പിന്നെവിടെ വച്ചോ ഓർമകളെ അടർത്തിയെടുത്തു.

 

ഓർമ്മയുടെ ശകലം കുറിച്ച് വച്ച നാൾ മുതൽ ജീവിതത്തോട്‌ മല്ലയുദ്ധം ചെയ്തു വാങ്ങിയ വിജയങ്ങൾ വരെ അവൾ കണ്ടു.ജീവിത വഴിയിൽ കണ്ടുമുട്ടിയവർ,വിജയപാതകൾ വഴികാണിച്ചവർ, നാൾവഴിയിൽ പിച്ചിച്ചീന്തിയവർ, അങ്ങനെ പലരെയും അങ്ങ് ദൂരെ അവൾ കണ്ടു .എന്നാൽ ചിലർ മാത്രം, വളരെ ചിലർ മാത്രം ഓർമയിൽ ചേർന്നു നിന്നു.

 

ആ ജീവിതയാമം അങ്ങിങ്ങു മുറിപ്പെട്ടു നഷ്ടമായിരുന്നതിനാലാകാം ചിത്രങ്ങൾക്ക് ഒരു ഒഴുക്കില്ലായിരുന്നു.

 

ഇരുളിൻ്റെ മറവിൽ ആ ചെറിയ കൂരയിൽ ഇഴഞ്ഞു കേറുന്ന പുരുഷ മണത്തെ ഭയന്ന ബാല്യം. സ്വന്തം മാനവും നഷ്ടപ്പെട്ടേയ്ക്കാം എന്ന തിരിച്ചറിവിൽ ഒളിച്ചോടിയ കൗമാരം. തന്നോളം വേദന കൊണ്ട് വളർന്ന ഒരു സമൂഹത്തിലെ കണി ആയതിനാലാകാം തന്നെ കൈതാങ്ങാൻ സുരക്ഷിത താവളം ആകില്ല എന്ന തിരിച്ചറിവിൽ എത്തിയത്.

 

എന്നാൽ രാജ്യത്തിൻ്റെ തെരുവോരങ്ങൾ വീടിൻ്റെ ചുവരിനെക്കാൾ ക്രൂരമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് അനാഥാലയത്തിൻെ പടിയോരത്തെ അഭയം പ്രാപിക്കാൻ തീരുമാനിച്ചത് .അനാഥത്വത്തിൻ്റെ വില സമൂഹത്തിൽ കുറച്ചിൽ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയം പാതയിലെ ചരൽകല്ലുകളെ പൂമെത്തയാക്കി.

 

അനാഥാലയത്തിൻ്റെ ചുവരുകളിൽ വിപ്ലവത്തിൻ്റെ സ്വരം ഉയർത്തേണ്ടി വന്നപ്പോൾ തെരുവിൻ്റെ മകൾ ആകാൻ വീണ്ടും വിധി ചോദിച്ചു വാങ്ങി. സത്യധർമബോധത്തിനു ഹരിചന്ദ്ര കഥയോളം രുചി ഇല്ലാതാകുന്നതും ക്രൂരതയുടെ കാലൊച്ച ഭയന്ന് ജീവൻ ചുമന്നു ഓടുന്നതും ആയിരുന്നു പരിണാമം. ഓട്ടത്തിനൊടുവിൽ അഭയം തേടിയത് ഏതോ ഒരു നാടോടിക്കൂട്ടത്തിൽ ആയിരുന്നു. ഇരുട്ടിൻ്റെ മറവിലെ ക്രൂരതയ്ക്ക് ഇരയാകാതിരിക്കാൻ ആ പാതിരാത്രിയിൽ വഴിയോരത്തു അഭയം തേടിയ അവൾ സമാധാനം മിന്നൽ വേഗേ ഭയരൂപം പ്രാപിക്കുന്നത് തൊട്ടറിഞ്ഞു.

 

അഭയത്തിൻ്റെ അങ്ങേത്തലയ്ക്കൽ ഒരു പുരുഷൻ! സ്വന്തം ജീവിതം കാർന്നു തിന്നാൻ താൻ തന്നെ ഒരു അവസരം ഒരുക്കിയിരിക്കുന്നു. കരയാൻ ബാക്കി ഇനി കണ്ണീരില്ല.

 

വിധി വീണ്ടും വഞ്ചിച്ചിരിക്കുന്നു !

 

സ്വന്തം മനസ്സിനോട് വെറുപ്പാണ്, അറപ്പാണ്.

 

തന്നെ തോൽപ്പിക്കാൻ താൻ തന്നെ മാധ്യമം ആക്കുമ്പോൾ ഉടലെടുക്കുന്ന ആത്മനൊമ്പരം.

 

ശ്വാസഗതി മന്ദീഭവിച്ചു! നേരം കഴിയുംതോറും തന്നോടു ചേർന്നിരുന്ന കൈകൾക്കു മനുഷ്യത്വത്തിൻ്റെ പുരുഷ്യസ്പർശം ആണെന്നു തിരിച്ചറിയാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നു. തെരുവ് വിളക്കിൻറെ നേരിയ വെളിച്ചത്തിൽ ആ മുഖം ഒന്ന് കണ്ടു, അവജ്ഞയല്ലാതെ ഒന്നും തോന്നാത്ത ഒരു മനുഷ്യ കോലം, ആ ശരീരത്തിൻ്റെ അവകാശിയിൽ നിന്ന് മനുഷ്യത്വത്തിൻ്റെ നേരിയ കണിക പോലും ദാനം വാങ്ങാൻ അവൾക്കു താല്പര്യം ഇല്ലായിരുന്നു .

 

ശരീരത്തിൻ്റെ തളർച്ചാധിക്യത്താൽ മനസ് അവളെ ഉറക്കത്തിൻറെ മട്ടുപ്പാവിൽ വിലങ്ങിട്ടു പൂട്ടി.ഭയത്തിൻ്റെ ബാഹ്യകൂട്ടിനുള്ളിൽ ഭയത്തിൻ്റെ കാറ്റ് തട്ടാതെ ഉള്ള് മയങ്ങിയ ആദ്യ ദിനം

 

നിദ്ര വിട്ടുണർന്ന അവൾക്കു, അവജ്ഞതയുടെ ശരീരാവകാശിയോട് ഒരു നേരിയ ബഹുമാനം. പിന്നീടവിടുന്നു ആ കഥാപാത്രം ഒരു കൗതുകമായി വളർന്നത് പെട്ടന്നായിരുന്നു. പ്രണയത്തിൻറെ മകുടത്തിനും അപ്പുറം, സുരക്ഷിതത്വത്തിൻ്റെ വേലിക്കുള്ളിലെ സമാധാനത്തിൻ്റെ ചിറകുകൾ ഉള്ള ഒരു ബന്ധം. പേരില്ല, അതിനൊത്ത വാക്കുകൾ ഭാഷയിൽ ഇല്ല . എങ്കിലും വിശ്വസിക്കണം, കാരണം, കാരണം ഇല്ലാത്ത ബന്ധങ്ങൾ ഭൂമിയിൽ ഉണ്ട്.

 

അവൻ്റെ ജീവിതാനുഭവങ്ങൾ എന്നും അവൾക്കു ഒരു അത്ഭുതം ആയിരുന്നു. ഒറ്റപെടലിൻ്റെ ബാല്യം നെയ്തു കൂട്ടിയ ബന്ധുത്വ മായാലോകത്തിൻറെ നിറം ഒട്ടും ഇല്ലാത്ത,,ദുർഗന്ധം വമിക്കുന്ന ഏടുകൾ.

 

മക്കളുടെ ഭാവി എന്ന ഭൂതത്തെകുറിച്ചുള്ള ആവലാതി ഹരിച്ചും ഗുണിച്ചും ഒടുവിൽ കൂട്ടികിഴിച്ചും വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ, വിദ്യയെ വിൽക്കുന്ന കാട്ടാളർക്കു മുന്നിൽ മക്കളെ വലിച്ചെറിയുകയാണെന്ന് തിരിച്ചറിയാൻ ആകാത്ത രക്ഷിതാക്കൾ. വിദ്യാ വാണിഭത്തിനോട് ചേർന്ന് പിഞ്ചു ബാല്യത്തിൽ കാമകണ്ണുകൾ നടനം ചെയ്തപ്പോൾ അസ്ഥിരമായ മനോനിലയിലേക്ക് തള്ളപ്പെട്ടതാണ് അവനും.

 

അസുരന്മാർ പിച്ചിച്ചീന്തിയ താളുകൾ ഒട്ടിച്ചു ചേർക്കാൻ ആ ദേവൻ വാതിലുകൾ മുട്ടി,സമൂഹത്തിൻ്റെ സദാചാര മുഖംമൂടി ചൂടി, പക്ഷേ എവിടേയോ ആരോ ഒരു നേരമ്പോക്കിന്, മുഖം മൂടിക്ക് പിന്നിലെ അവനെ സോഷ്യൽ മീഡിയയിലെ ചുവരുകളിൽ തുറന്നിട്ടു.

 

അരക്ഷിതാവസ്ഥയുടെ അന്തരാത്മാവിൽ ഊളിയിട്ടിരുന്ന അവനു അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.പിന്നെ കൂടും കൂട്ടരും വിട്ടുള്ള ഒരു ഒളിച്ചോട്ടം.വിശപ്പും ദാഹവും വിരഹവും ഏകാന്തതയും അതിൻ്റെ ഉൽക്കടമായ തീക്ഷ്ണതയോടെ വലയം ചെയ്ത നാളുകൾ ആയിരുന്നു പിന്നീട്.

 

വേദനയുടെ കാഠിന്യം ശരീരം അറിഞ്ഞപ്പോഴും പൊയ്‌മുഖത്തിൻറ്റെ വിഴുപ്പലക്കലുകളിൽ നിന്ന് മോചിക്കപെട്ട ഒരു ഏകാന്ത പഥികന്റെ ചിറകുകൾ അവനിൽ കിളിർക്കുന്നുണ്ടായിരുന്നു.

 

ബാല്യവും കൗമാരവും യവ്വനവും വലിച്ചെറിഞ്ഞ തൻ്റെ ജീവിതം ഓടയിൽ നിന്ന് കണ്ടെടുത്തു. ശുഷ്കിച്ചു ശോഭ നശിച്ച ജീവിത്തിനു പുഷ്ടിയും നിറവും വീണ്ടെടുക്കുന്നതിനായിരുന്നു പിന്നീടുള്ള യാത്രകൾ. ആ യാത്രക്കിടയിൽ അവൻ്റെ ജീവിതത്തിലെ ഒരു അഭയാർത്ഥി ആവുകയായിരുന്നു അവൾ.

 

ദേവ് ഇന്ന് അരിക്ഷിതാവസ്ഥയുടെ ആൾരൂപം അല്ല, മറിച്ചു മനുഷ്യത്വത്തിൻ്റെ പുരുഷരൂപം ആവാഹിച്ചവൻ ആണ്.എന്നാൽ ജീവിതത്തിൻ്റെ ഭൂതകാലം വർത്തമാനത്തെ മൗനി ആക്കുന്നത് വിധിയുടെ ഒരു തരം വിളയാട്ടം ആണ് .അതിൽ നിന്ന് ദേവും അന്യൻ അല്ലായിരുന്നു. അപ്പോഴും തന്നിലെ മനുഷ്യനെ മൃഗമാകാൻ അവൻ ഒരുക്കമല്ല എന്ന് തെളിയിക്കാൻ പാകം ആയിരുന്നു അവൻ എപ്പോഴും പറയാറുള്ള ചില വാക്കുകൾ

 

"ഭർത്താവിനെ നഷ്ടപെട്ട ഭാര്യയുടെയും, മാതാപിതാക്കളെ നഷ്ടപെട്ട മക്കളുടെയും, ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുന്ന ദുർബലരായ രോഗികളുടെയും കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് ജീവിതത്തോട് തോൽക്കാൻ മനസില്ലാത്തതിൻ്റെ ധാർഷ്ട്യം. കാർമേഘം മറഞ്ഞു പേമാരിയെ കാത്തു, പെരുമ്പറ കൊട്ടി, കണ്ണും നെഞ്ചും നിന്നാലും, ഒരു തുള്ളി പോലും പെയ്യാൻ അനുവദിക്കാതെ ചുട്ടുപൊള്ളുന്ന ആയിരം സൂര്യൻറ്റെ ആർജവം വീണ്ടെടുക്കുന്ന സാധാരണ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. അടഞ്ഞു പോയ അദ്ധ്യായങ്ങൾ നോക്കി വിതുമ്പാതെ, പുതിയ അദ്ധ്യായങ്ങൾ രചിക്കാനുള്ള സമയമാണ് ജീവിതത്തിൻ്റെ വർത്തമാന പുസ്തകം. എല്ലാം പുഞ്ചിരിയോടെ അടക്കി വാഴുന്നവനാണ് മനുഷ്യൻ.അതിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ തയ്യാറല്ല."

 

ആ തിരിച്ചറിവിൽ നിന്നായിരുന്നു പിന്നീടുള്ള അവളുടെ യാത്രകൾ. പഴയ താളുകളുടെ ദുർഗന്ധം അവൾ ചികഞ്ഞു പോയിട്ടില്ല, തന്നെ തോൽപ്പിച്ചവരോട് തെല്ലും പരിഭവവും ഇല്ല. ജീവിതം കാത്തു വച്ച പുതിയ നിധി തേടിയുള്ള പുഞ്ചിയുടെ യാത്ര ആയിരുന്നു അത്.

 

ഉറക്കത്തിൻ്റെ ആലസ്യം മാറുന്നതിനു മുൻപേ ആൾക്കൂട്ടത്തിന്റെ കോലാഹലം അവളെ വിളിച്ചുണർത്തി.അപ്പോഴും ദേവിൻ്റെ കൈകൾ അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു.