Skip to main content
Srishti-2022   >>  Short Story - Malayalam   >>  വികൽപം

Vineetha Anavankot

Infosys

വികൽപം

'നന്ദാ......'

 

ചെമ്പകമണമുള്ള ആ ഉച്ചനേരത്തെ സുഖമയക്കത്തിൽനിന്ന് അയാൾ പിടഞ്ഞെഴുന്നേറ്റു. പാതിയും മുഴുവനുമെഴുതി ചുരുട്ടിയെറിഞ്ഞ ഇളംനീല കടലാസുകഷ്ണങ്ങളും ചിന്തകൾക്ക് ഊർജ്ജംപകർന്ന മൺകാപ്പിക്കപ്പുകളും കടന്ന് ശബ്ദത്തിന്റെ ഉറവിടംതേടി നന്ദൻ നടന്നു...

 

ഇലഞ്ഞിപ്പൂക്കൾ വീഴുന്ന നടുമുറ്റത്തെ ക്യാൻവാസിനരികിൽ നിറങ്ങൾ ചിതറിക്കിടന്നിരുന്നു. വരച്ചു പൂർത്തിയാക്കിയ സ്ത്രീരൂപം ആരോ ശ്രദ്ധാപൂർവം താഴെയെടുത്തുവെച്ചിരിക്കുന്നു. മറ്റാരും വരാനില്ലാത്ത അവിടെ ഇതെല്ലാം ആരുചെയ്യുന്നു എന്നോർത്തു പക്ഷേ, അയാൾ തെല്ലും പതറിയില്ല.

' ഇന്നെങ്കിലും എനിക്ക് നേരിൽ കാണണം.ഇതെന്തിനാണിങ്ങനെ..?' അയാൾ ചോദിച്ചു. പതിവുപോലെ നിശ്ശബ്ദതയായിരുന്നു മറുപടി.

 

ദിവസങ്ങൾ ഓടിയുമിഴഞ്ഞും പൊയ്‌ക്കൊണ്ടിരുന്നു. സ്വപ്നങ്ങളിൽമാത്രംവരുന്ന ആ നീണ്ടുവിടർന്ന കരിമഷിപടർന്ന കണ്ണുകളും, ജ്വലിക്കുന്ന നീലക്കല്ലുമൂക്കുത്തിയും, അതിവശ്യതതുളുമ്പുന്ന പുഞ്ചിരിയും 'നന്ദാ..' എന്നുമാത്രമുള്ള ഒറ്റവിളിയിൽ വീടകങ്ങളിലും മുല്ലപ്പൂക്കൾ കൊഴിഞ്ഞുവീണ മുറ്റത്തും ഉറക്കമുണരുമ്പോൾ ഉള്ളംകൈനിറയെ കാണുന്ന പാലപ്പൂക്കളിലും ഒതുങ്ങിനിന്നു...

                            ****

അന്നായിരുന്നു അയാൾ തന്റെ സ്വപ്നരൂപത്തെ ഒരായിരാമത്തെയാവർത്തി വരച്ചുതീർത്തത്. ഇത്രനാളുകളും ചേർക്കാൻമറന്ന രണ്ടു വെള്ളിക്കൊലുസുകൾ അവളുടെ കാൽപാദങ്ങളിൽ നാഗങ്ങളെപ്പോലെ പറ്റിച്ചേർത്തുവച്ചത്. വീണ്ടും നിലാവും നക്ഷത്രങ്ങളുംവന്ന് അതിസുഖദമായൊരു നിദ്രയിലേക്ക് അയാളെ കൂടെക്കൊണ്ടുപോയത്.

 

പതിവു വിളിയിൽ പിറ്റേന്നെഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുക്കാറായിരുന്നു. 

'യക്ഷികളായാൽ ഒരു നേരവും കാലവും ഒക്കെ വേണം. രാത്രിയുടെ അന്ത്യയാമങ്ങളിലോ കടലിൽനിന്ന് തണുത്തകാറ്റൊഴുകുന്ന വൈകുന്നേരങ്ങളിലോ പെരുമഴപെയ്യുന്ന പുലർകാലത്തോ ഒക്കെയാ സാധാരണ യക്ഷികള് വരിക. ഇവിടെയുണ്ടൊരാൾ.. ഉച്ചയ്‌ക്കൊക്കെ വന്നു വിളിക്കുന്നു!! ഇന്നും ശബ്ദംമാത്രം കേൾപ്പിച്ചു പോകാനല്ലേ.. ഞാൻ വിളികേട്ടു. ഇനി പൊയ്ക്കോളൂ..' എന്നുപറഞ്ഞു നന്ദൻ പതിയെ എഴുന്നേറ്റു കുളക്കടവിലേക്കു നടന്നു.

 

ഇളംവെയിലത്തു മുങ്ങിക്കുളിക്കാൻ രാവിലത്തേതിലും സുഖമാണല്ലോ എന്നോർത്ത് മുങ്ങിനിവർന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ചുവന്നമണികൾകോർത്ത പാദസരം മയങ്ങുന്ന പൂപോലത്തെ കാൽപാദങ്ങളാണ്. അവിശ്വസനീയതയിൽ മിഴികളുയർത്തിയ അയാളുടെ മുന്നിൽ ഒരു പൊട്ടിച്ചിരിയോടെ നീലക്കല്ലുമൂക്കുത്തിയിട്ട ആ ദേവതാരൂപമിരുന്നു.

 

'ഓഹ്..ഇപ്പോൾ പ്രത്യക്ഷയാവാൻ തോന്നാനുംമാത്രം എന്താണുണ്ടായതാവോ' എന്ന് ചോദിച്ചുകൊണ്ട് തലതുവർത്തിക്കൊണ്ടയാൾ അവൾക്കരികിലിരുന്നു. 

 

'ഇത്രനാളും എവിടെയായിരുന്നു എന്റെ പാദസരം? ഇന്നലെയത് നീ തന്നു, ഇന്ന് ഞാൻ വന്നു...' എന്ന് അവളും. 

 

' നിന്റെയൊരുകാര്യം എന്റെ നീലിക്കുട്ടി... ഈ നന്ദാ എന്ന് ഇടയ്ക്കിടെ വിളിക്കുമ്പോ ഇതേപ്പറ്റി ഒരുവാക്ക് പറഞ്ഞുകൂടായിരുന്നോ.. എന്തായാലും നീ വാ..' എന്നുപറഞ്ഞു അവളെയും വിളിച്ചുകൊണ്ടായാൾ വീട്ടിലേയ്ക്കു നടന്നു.

 ചെന്നുനിന്നത് നടുമുറ്റത്തെ തുളസിത്തറയ്ക്കരികിൽ. 

 

'കണ്ണിൽ മഷിയെഴുതി പൊട്ടു തൊട്ടു വളകിലുക്കി നടന്നാൽമാത്രം പോരാ.. കുഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന ആ പനങ്കുലയിലേ ദാ ഇതുകൂടി വേണം..'എന്നുപറഞ്ഞു അവളുടെ മുടിയിഴകളിൽ ഒരു തുളസിക്കതിർ ചൂടിക്കുമ്പോൾ പണ്ടെങ്ങോ കൈവിട്ടുപോയ പ്രിയപ്പെട്ട കൂട്ടുകാരിയെ തിരിച്ചുകിട്ടിയ സന്തോഷത്തിരയിളക്കമായിരുന്നു അയാളുടെ കണ്ണുകളിൽ..

 

കൂടിയിരുന്നു കുന്നോളം വർത്തമാനങ്ങൾപറഞ്ഞും വെയിൽചായുന്ന നേരത്തു ജനലരികിൽനിന്നു മുടികോതുന്ന അവളെയുംനോക്കി മനംനിറയെ പാട്ടുകൾ പാടിയും ആ സ്വപ്നനിമിഷങ്ങളിൽ ജീവിക്കുകയായിരുന്നു അയാൾ..

 

'ഇന്നെനിക്ക് ഇരിങ്ങോൾ കാവിലെ വിളക്കുകാണണം' എന്നുപറഞ്ഞു കരിംപച്ച കസവുനേര്യതുംചുറ്റി പാലയ്ക്കാമാലയുമണിഞ്ഞു ഒരുങ്ങിനിന്ന അവളെയുംകൂട്ടി പോകുമ്പോൾ നടക്കുന്നതൊന്നും മിഥ്യയാവരുതേയെന്നയാൾ പ്രാർത്ഥിച്ചു. കാവിലെ വിളക്കുതൊഴുത് ചീവീടുകൾപാടുന്ന കാട്ടിലൂടെ രാവേറെ ചെല്ലുവോളം ഒരുനൂറ്‌ മിന്നാമിനുങ്ങുകളെക്കണ്ടുനടന്നു അവർ.

 

പാലപൂത്ത മണമൊഴുകിവരാൻതുടങ്ങിയത് പെട്ടന്നായിരുന്നു. ഇവിടെയെങ്ങും പാലമരമില്ലല്ലോ എന്നോർത്തുകൊണ്ടിരുന്ന അയാളുടെ മനസ്സറിഞ്ഞെന്നപോലെ 'ഞാനുള്ളിടത്തു പാലപൂക്കില്ലേ നന്ദാ..' എന്നുചോദിച്ചുകൊണ്ട് അവൾ അയാളെ കൈപിടിച്ചുകൊണ്ടുപോയത് ആകാശത്തോളം ഉയരമുള്ള, നിലാവത്തു നിറയെ തൂവെള്ളപ്പൂക്കൾ പൂത്തുതിളങ്ങിനിൽക്കുന്ന മരത്തിനടുത്തേയ്ക്കായിരുന്നു. ആ ഭംഗിയിൽ മനസ്സുകുളിർന്നു നിന്നുവെങ്കിലും സംശയത്തോടെ അടുത്തനിമിഷം അയാൾ അവളോട് ചോദിച്ചു. 

'നിനക്ക് പോകാറായി അല്ലെ...?'

 

'ഇല്ല....'

പെട്ടന്നായിരുന്നു അവളുടെ മറുപടി.

'ശ്ശെടാ അത്രവേഗം പോകാൻമാത്രം ദുഷ്ടയൊന്നും അല്ല ഞാൻ....

എത്രസമയം കഴിഞ്ഞാണു പോവുകയെന്നും എനിക്കറിയില്ല.... ശരിക്കും ഈ നിമിഷംപോലും എന്റെകയ്യിലില്ല പൂർണ്ണമായും.....'

 

'മതി മതി.... എനിക്കൊന്നും അറിയണമെന്നില്ല.... ഒരു നിമിഷമെങ്കിലത്രയുംകൂടെ നിന്നെ അധികം കിട്ടുമ്പോഴുള്ള ഈ സന്തോഷംമാത്രം മതിയെനിക്ക്.... ' 

 

                       ****************

ഇടവമാസത്തിലെ ഒരു സന്ധ്യയായിരുന്നു അത്...  അന്തരീക്ഷം പതിയെ ഇരുണ്ടുതുടങ്ങിയിരിക്കുന്നു.... അല്പം നേരത്തെതന്നെ പോയി അടുത്തുള്ള സർപ്പക്കാവിൽ വിളക്കുംവച്ചു വരികയായിരുന്നു അവൾ.  പുളിയിലക്കരമുണ്ടുടുത്തു  മുടി തുമ്പുകെട്ടി നെറ്റിയിൽ മഞ്ഞൾക്കുറിമാത്രം വരച്ചു കൊടിവിളക്കുമായി നടന്നുവരുന്ന അവളെയും കണ്ടുകൊണ്ട് ഒരു മൂളിപ്പാട്ടുമായി നന്ദൻ  പൂമുഖത്തേയ്‌ക്ക്‌ നടന്നുകയറി.... 

 

അതു കാത്തുനിന്നെന്നപോലെ അടുത്തനിമിഷം മഴ തകർത്തുപെയ്യാൻതുടങ്ങി. മഴയെത്തുംമുൻപേ അകത്തേയ്ക്ക് ഓടിക്കയറിയ അവളെയുംകൂട്ടി അയാൾ പോയത് ആ എട്ടുകെട്ടിന്റെ മുകൾനിലയിലേക്കായിരുന്നു. ചെമ്പകത്തിന്റെ മണംനിറച്ചൊഴുകിവന്ന കാറ്റുമേറ്റ് മുഖത്തേക്ക് ചിന്നിച്ചിതറുന്ന മഴയുംകൊണ്ട് അവിടെയിരിക്കാൻ എന്തുരസമാണെന്നോ....  ഇടയ്ക്കിടെ കാതടപ്പിക്കുന്ന ഇടിയും  നിലത്തിറങ്ങിവരുമോയെന്നു തോന്നുന്ന മിന്നലും.... തൊട്ടടുത്തിരുന്ന് ഉറക്കെ  സംസാരിച്ചാൽപോലും ഒന്നും  കേൾക്കാൻപറ്റാത്തത്രയും തിമിർത്തുപെയ്യുന്ന മഴ....!

 

കുറേയെറെനേരം കഴിഞ്ഞപ്പോൾ മഴ കുറഞ്ഞുകുറഞ്ഞു നനഞ്ഞ കാറ്റുമാത്രം ബാക്കിയായി. അയാൾ പാടിത്തുടങ്ങി.. 

 

അപ്പോഴേക്കും രാത്രി നല്ലവണ്ണം വൈകി. മുല്ലപൂക്കുന്ന നേരമായി. അവൾ അയാളുടെ പാട്ടുംകേട്ടുകൊണ്ട് പതിയെ താഴെയിറങ്ങിപ്പോയി ഇലഞ്ഞിമരത്തിൽപ്പടർന്ന വള്ളിയിലെ മുല്ലമൊട്ടുകൾ പൊട്ടിച്ചുതുടങ്ങി. കൂടെ അയാളും....

 

അനിവാര്യവിരാമംമറന്നു സ്വച്ഛമായൊഴുകിത്തുടങ്ങിയിരുന്ന അവർക്കുമേൽ എങ്ങുനിന്നെന്നില്ലാതെ ഒരുനിമിഷത്തിൽ ആഞ്ഞുവീശിയ കാറ്റിൽ മുല്ലവള്ളികളും ഇലഞ്ഞിയും ആടിയുലയേ നിലത്തിറങ്ങാൻ മടിച്ചുനിന്ന മഴത്തുള്ളികളും പൊഴിഞ്ഞുവീഴാറായ പൂക്കളും മറ്റൊരു വർഷംതീർത്തു......

 

               ———-—————————