Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഭിക്ഷക്കാരൻ

Sibin Koshy

IBS Software

ഭിക്ഷക്കാരൻ

ഭിക്ഷക്കാരൻ

ഒരു നീണ്ട ക്യൂവിൽ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കണ്ടത്.. ബിവറേജ് ക്യൂ ഒന്നുമല്ല.. ഏറെനാളുകൾക്കു ശേഷം റിലീസായ ഒരു സൂപ്പർസ്റ്റാർ പടത്തിന്റെ ടിക്കറ്റിനു വേണ്ടിയുള്ള ക്യൂ. അയാളെ ശ്രദ്ധിക്കാൻ ഒരു കാരണമുണ്ടായിരുന്നു.. ഒരേയൊരു കാരണം..എനിക്ക് മാത്രമല്ല, ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർക്കും ടിക്കറ്റ് കൗണ്ടറിലുള്ളവർക്കും പടം കഴിഞ്ഞിറങ്ങുന്നവർക്കുമെല്ലാം അയാളെ ശ്രദ്ധിക്കാനുള്ള ഒരേയൊരു കാരണം..അത്  അയാൾ ഒരു പിച്ചക്കാരൻ ആണെന്നതായിരുന്നു.. അതെ.. നല്ല ഒന്നാന്തരമൊരു പിച്ചക്കാരൻ.. പതിറ്റാണ്ടുകൾക്ക് മുമ്പെപ്പോഴോ വെള്ളം കണ്ടേക്കാവുന്ന മുഷിഞ്ഞു കീറിപ്പറിഞ്ഞ ഷർട്ടും പാന്റുമാണ് വേഷം.. എണ്ണമയമില്ലാതെ പാറിപ്പറന്നു കിടക്കുന്ന ചെമ്പൻ മുടിയും താടിയും.. ഒരു തുണിക്കടയുടെ പേരുള്ള പ്ലാസ്റ്റിക് സഞ്ചിയുണ്ട് കൈയിൽ.. ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തനെപ്പോലെ തോന്നുമെങ്കിലും അങ്ങനെയല്ല എന്ന് പെട്ടെന്നു തന്നെ മനസിലായി.. ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവർ അയാളുമായി കൃത്യമായി ഒരു അകലം പാലിച്ചു നില്ക്കാൻ  നന്നേ കഷ്ടപ്പെട്ടിരുന്നു.. 'ഓരോന്ന് ഇറങ്ങിക്കോളും', 'എവിടാണോ ഇരിക്കാൻ പോകുന്നത് ' തുടങ്ങിയ അടക്കംപറച്ചിലുകൾ കേട്ടുകൊണ്ട് അയാളുടെ കുറച്ചു പിന്നിലായി ഞാൻ നിന്നു.. എന്റെ മുമ്പിലുള്ള ആൾക്കാരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.. ഒടുവിൽ പിച്ചക്കാരൻ ടിക്കറ്റ് കൗണ്ടറിനു മുമ്പിലെത്തി. അയാൾ സഞ്ചിയിൽ നിന്നു കുറച്ചു പത്തു രൂപാ നോട്ടുകളെടുത്തു നീട്ടിയപ്പോൾ കൗണ്ടറിലിരുന്നയാൾ 'പോ' എന്നു ആംഗ്യം കാണിച്ചു.. അയാൾ പോകാൻ കൂട്ടാക്കാതെ  ആ പൈസ വീണ്ടും നീട്ടി.. ഇത്തവണ അയാളെ അവിടെ നിന്നോടിക്കാൻ മുൻപന്തിയിൽ നിന്നത് അയാളുടെ പിന്നിൽ നിന്നവരായിരുന്നു.. ഒരാൾ അയാളെ പിടിച്ചു തള്ളുകയും ചെയ്തു.. അന്നേരം ആദ്യമായി ആ ക്യൂവിൽ നിന്നയാൾ പുറത്തേക്കു പോയി. പക്ഷെ വിട്ടു കൊടുക്കാൻ അയാൾ  തയാറായില്ല.. 'എനക്ക് ഇന്ത പടം പാക്കണം' എന്ന് കട്ടായം പറഞ്ഞു അയാൾ വീണ്ടും ക്യൂവിലേക്കിടിച്ചു കയറി.. എന്നാൽ ഇത്തവണ പ്രശ്നം കുറച്ചു ഗുരുതരമായി.. ഒരാൾ അയാളുടെ കരണത്താഞ്ഞടിച്ചു..അടിയുടെ ശക്തിയിൽ ഒന്നു കറങ്ങി ആ സാധു മനുഷ്യൻ തറയിലിരുന്നു പോയി..ആ ഇരിപ്പ് കുറച്ചു നേരം തുടർന്നു..കൈയിലിരുന്ന സഞ്ചിയും അയാളുടെയടുത്തു തന്നെ വീണു..ഇത്രയൊക്കെയായപ്പോൾ എന്റെ സമനില തെറ്റുകയും ഉള്ളിലുള്ള സഹജീവിസ്നേഹം ഉണരുകയും ചെയ്തു. ഒരു തെറ്റും ചെയ്യാത്ത ഒരുത്തനെയാണ് പട്ടിയെപ്പോലെ കുറച്ചു 'മാന്യന്മാർ' തല്ലുന്നത്. ഞാൻ അവരുടെയടുത്തേക്കു ചെന്നു. 

"എന്താ ചേട്ടാ പ്രശ്നം?" അവിടെ നിന്ന ഒരു മാന്യനോട് ഞാൻ ചോദിച്ചു.. 

"താൻ ഈ ക്യൂവിൽ ഉണ്ടായിരുന്നതല്ലേ.. താൻ കണ്ടതല്ലേ ഈ തെണ്ടിയുടെ അഹങ്കാരം?" അയാൾ എന്നോട് കയർത്തു.. 

ഞാനും വിട്ടു കൊടുത്തില്ല. "ഞാനെല്ലാം കണ്ടതാണ്.. ഈ പാവത്തിനെ തല്ലാൻ മാത്രം എന്താണ് പ്രശ്നമെന്നാണ് ഞാൻ ചോദിച്ചത്." അന്നേരം അയാൾ ഒന്നും മിണ്ടിയില്ല.. ഞാൻ കൗണ്ടറിലിരിക്കുന്നവനോട് ചോദിച്ചു. "അയാൾക്കെന്താ നിങ്ങൾ ടിക്കറ്റ് കൊടുക്കാത്തത്? അയാൾ പൈസ തന്നില്ലേ?"

തീയറ്റർ ജീവനക്കാരൻ പറഞ്ഞു. "കണ്ട പിച്ചക്കാരനെയൊന്നും പടം കാണിക്കാൻ ഒക്കുകേല". 

"താൻ ഇവിടെ എഴുതി വെച്ചിട്ടുണ്ടോ ഇയാൾ പടം കാണാൻ പാടില്ലെന്ന്?. പൈസ തരുന്നവർക്ക് ടിക്കറ്റ് തരാനല്ലേ താനിവിടെ ഇരിക്കുന്നത്.. "

ടിക്കറ്റുകാരൻ ഒന്നയഞ്ഞു. "സാറേ ഇയാളെ കേറ്റിയാൽ ബാക്കിയുള്ളവര് പ്രശ്നമുണ്ടാക്കും..സാറ് കണ്ടതല്ലേ എല്ലാം.."ബാക്കിയുള്ളവർ വീണ്ടും ഓരോന്ന് പറഞ്ഞു തുടങ്ങി..പിച്ചക്കാരൻ പയ്യെ എഴുന്നേറ്റു വന്നു കൗണ്ടറിനടുത്തു തന്നെ നിലയുറപ്പിച്ചു.

"എടോ അയാൾക്ക് ഏതേലും ഒരു മൂലയ്ക്ക്  ഒരു സീറ്റ് കൊടുക്കേടോ.. ഞാൻ ഉത്തരവാദിത്തം ഏൽക്കുന്നു". എന്തോർത്തിട്ടാണെന്നറിയാതെ ഞാൻ അവിടെ വെച്ച് പ്രഖ്യാപിച്ചു.. ടിക്കറ്റുകാരൻ മനസില്ലാമനസോടെ 'പോയി തുലയാൻ' പറഞ്ഞു കൊണ്ട് പൈസ വാങ്ങിച്ചു  പിച്ചക്കാരന് ടിക്കറ്റ് കൊടുത്തു.. മറ്റുള്ളവരുടെ പ്രതിഷേധം കുറച്ചു അടക്കം പറച്ചിലിൽ ഒതുങ്ങിപ്പോയി. അങ്ങനെ രംഗം കുറച്ചു ശാന്തമായി..പിച്ചക്കാരൻ മറ്റുള്ളവരെപ്പോലെ തീയേറ്ററിനുള്ളിലേക്കു പോയി..ഞാൻ ഒരു ചായയും വാങ്ങി സിനിമാ പോസ്റ്ററും നോക്കി കുറച്ചു നേരം നിന്നതിനു ശേഷം ഉള്ളിലേക്കു കയറി..തീയേറ്ററിലെ ഇരുട്ടിലൂടെ ടിക്കറ്റിലെ സീറ്റ് നമ്പർ നോക്കി ഞാൻ നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ എന്റെ സീറ്റ് കണ്ടെത്തി ഞാൻ അതിലിരുന്നു.. അപ്പോഴേക്കും പടം തുടങ്ങിയിരുന്നു..ഞാൻ പതിയെ അതിൽ മുഴുകിയിരുന്നു..ഇടയ്ക്കിടെ മൂക്കിലേക്കടിച്ചു കയറിയ ഒരു ദുർഗന്ധം ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല.. എന്നാൽ സമയം മുമ്പോട്ട് നീങ്ങുന്തോറും, ആ ദുർഗന്ധത്തിനു യാതൊരു കുറവുമുണ്ടാകുന്നില്ല എന്ന് ഞാൻ മനസിലാക്കി.. ഞാൻ ചുറ്റുപാടുമൊന്നു സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി.. ഒടുവിൽ ഞാനാ സത്യം മനസിലാക്കി.. എന്റെ തൊട്ടടുത്തിരിക്കുന്നത് അയാളാണ്.. ആ പിച്ചക്കാരൻ.. ടിക്കറ്റ് കൗണ്ടറിലിരുന്നവൻ അയാൾക്ക് ഒരു മൂലയിലുള്ള സീറ്റ് കൊടുക്കുകയും അതിനു തൊട്ടടുത്തുള്ള സീറ്റ്  എനിക്കും തരികയും ചെയ്തു.നന്നായിരിക്കുന്നു.. ആ ഒരു നിമിഷം കൊണ്ട് എന്റെ മനസിലെ സഹജീവിസ്നേഹം പമ്പ കടന്നു.. വർഷങ്ങളായി വൃത്തിയാക്കാതെ കിടന്ന ഒരു ഓടയിലിറങ്ങിയിരുന്നു സിനിമ കാണുന്ന പോലെയാണ് എനിക്കനുഭവപ്പെട്ടത്.. തീയേറ്ററിലെ സാമാന്യം ശക്തിയേറിയ AC കാര്യങ്ങൾ കുറച്ചു കൂടി വഷളാക്കി..ഈ അവസ്ഥ എന്റെ തിയേറ്റർ അനുഭവത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നായപ്പോൾ എന്റെ മുമ്പിൽ രണ്ടു വഴികൾ തെളിഞ്ഞു.. 

 

ഒന്ന് - തീയേറ്ററിൽ നിന്നിറങ്ങിയോടുക 

രണ്ട് - ഉള്ളിൽ എവിടെയെങ്കിലും ഒഴിഞ്ഞ സീറ്റുകളുണ്ടോ എന്ന് തപ്പിയിട്ട് അവിടെയിരിക്കുക

 കൂടുതൽ പ്രായോഗികമായതു എന്ന നിലക്ക് ഞാൻ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു..രാത്രിയിൽ ചൂട്ടും കത്തിച്ചു വഴിയിൽ പാമ്പുണ്ടോയെന്നു നോക്കി നടക്കുന്നത് പോലെ മൊബൈലിൽ ടോർച്ചും തെളിച്ചു ഒരൊഴിഞ്ഞ സീറ്റും തപ്പി ഞാൻ നടന്നു.. കുറെ നേരത്തെ തിരച്ചിലിനൊടുവിൽ തിരശീലയിലുള്ള സിനിമാ താരങ്ങളെ ഏറ്റവും അടുത്തു കാണാൻ സൗകര്യമുള്ള, തീയേറ്ററിലെ ആദ്യ വരിയിൽ ഒരു സീറ്റു കണ്ടെത്തി അതിലിരുന്നു...ശക്തമായ കഴുത്തുവേദനയെ തൃണവല്ഗണിച്ചു കൊണ്ട് രണ്ടര മണിക്കൂറോളം 45 ഡിഗ്രി ചെരിഞ്ഞു നോക്കിക്കൊണ്ടിരിക്കുമ്പോഴും ഒരു സഹജീവിയോടു കരുണ കാണിച്ച ചാരിതാർഥ്യമായിരുന്നു മനസ്സിൽ. ഞാൻ ഇരുന്നതിനു ശേഷം കുറേപ്പേർ കൂടി ഓടി വന്നു എന്റെ കൂടെ ആദ്യ വരിയിലിരുന്നു. അവരും പിന്നിൽ എന്നോടൊപ്പമിരുന്നവരാണെന്നു ഞാൻ വെറുതെ അനുമാനിച്ചു..സാധാരണയായി ഒരു ബോറൻ സിനിമയാണ് കാണുന്നതെങ്കിൽ മറ്റു പല കാര്യങ്ങളെക്കുറിച്ചും ആലോചിക്കാനുള്ള അവസരം എനിക്ക് ലഭിക്കാറുണ്ട്.. ഇടക്കെപ്പോഴോ അങ്ങനൊരവസരം കിട്ടിയപ്പോൾ ഞാൻ പഴയൊരു സംഭവമോർത്തു.. ആദ്യമായി ജോലിയിൽ കയറിയ കാലം.. ശമ്പളം കിട്ടിയതിനു ശേഷമുള്ള ആദ്യ നാളുകളിൽ രാജാവിനെപ്പോലെയും മാസാവസാനം അഷ്ടിക്കു വകയില്ലാതെ ദിവസങ്ങൾ തള്ളിനീക്കാൻ പാടുപെടുന്ന ഏതൊരു ജോലിക്കാരനെയും പോലെയുള്ള ജീവിതം..ഇനിയുമുണ്ട് രണ്ടു മൂന്ന് ദിവസം കൂടി, അടുത്ത ശമ്പളം കിട്ടാൻ.. ഒരു രാത്രി കൈയിലുള്ള വെറും നാൽപ്പതു രൂപയുമായി ഞാൻ പുറത്തേക്കിറങ്ങി..മടിശീലക്കു കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന പ്രമാണത്തിൽ വിശ്വസിച്ചു കൊണ്ട് വഴിയോരത്തുള്ള ഒരു തട്ടുകടയിൽ നിന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു.. നാല് ദോശ ഓർഡർ ചെയ്തു... ഒരു ഡബിൾ ഓംലെറ്റ് കഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തെ ഞാൻ ചവിട്ടിയൊതുക്കി.. ആ പൈസക്ക് നാളെയും വന്നു നാല് ദോശ കഴിക്കാമെന്നു മനസിനെ പറഞ്ഞു സമാധാനിപ്പിച്ചിട്ടു  ദോശയിലേക്കു ഞാൻ കുറച്ചു സാമ്പാറും ചമ്മന്തിയുമൊഴിച്ചു പയ്യെ കഴിച്ചു തുടങ്ങി.. അൽപനേരം കഴിഞ്ഞപ്പോൾ എന്റെ തോളിൽ ആരോ തട്ടുന്നതായി തോന്നി.. അതെ... തോന്നലല്ല.. ഒരു ചെറിയ ചെക്കൻ.. ഒരു നിക്കർ മാത്രമാണ് വേഷം.. കണ്ണുകളിൽ ദൈന്യത.. 'വിശക്കുന്നു' എന്നവൻ ആംഗ്യം കാണിച്ചപ്പോൾ ഞാനൊന്നാലോചിച്ചു..ഇന്ന്  ഓംലെറ്റ് വാങ്ങാതെ നാളേക്ക് ദോശ വാങ്ങാൻ സൂക്ഷിച്ചു വെച്ച കാശേയുള്ളൂ കൈയിൽ.. അതെടുത്താൽ.... ? ഒന്നു കൂടി ചിന്തിച്ചപ്പോൾ എന്റെ സഹജീവിസ്നേഹം ഉണർന്നു..ഇന്നീ കുരുന്നു വയറു നിറയുന്നതല്ലേ നാളത്തെ ദോശയെക്കാളും സംതൃപ്തി നൽകുന്നത്.. പിന്നെ ഒന്നും ആലോചിച്ചില്ല.. തട്ടുകടക്കാരനോട് "ചേട്ടാ ഇവന് 4 ദോശ കൊടുക്ക് " എന്ന് പറഞ്ഞു.. പയ്യൻ ആർത്തിയോടെ അയാളുടെ അടുത്തേക്ക് ചെന്നു.. അയാൾ സംശയത്തോടെ എന്നെ ഒന്ന് നോക്കി.. ഞാൻ അയാളോട് വീണ്ടും പറഞ്ഞു "അവന്റെ പൈസ ഞാൻ തന്നേക്കാം.. ചേട്ടൻ ദോശ കൊടുക്ക്. " ഇത്തവണ അയാൾ അനുസരിച്ചു.. ചെക്കന് ദോശ കിട്ടി.. അവൻ എന്റെയടുത്തു വന്നിരുന്നു.. ആക്രാന്തത്തോടെ ദോശ കഴിക്കുന്ന അവനെ വാത്സല്യത്തോടെ നോക്കി  "എന്താ നിന്റെ പേര് " എന്ന് ഞാൻ  ചോദിച്ചതും ചെക്കൻ തട്ടുകടക്കാരന് നേരെ തിരിഞ്ഞു "ചേട്ടാ ഒരു ഡബിൾ ഓംലെറ്റ്"എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.. ഞെട്ടിത്തരിച്ചു പോയ എന്നെ കുറച്ചു കൂടി ഭീകരാവസ്ഥയിലേക്കു തള്ളിയിട്ട് ചെക്കൻ അവന്റെ പോക്കറ്റിൽ നിന്ന് ഒരിരുപതു രൂപയുടെ നോട്ടെടുത്തു കടക്കാരന് കൊടുത്തിട്ട് ഓംലെറ്റിന് വേണ്ടി കാത്തു നിന്നു.. ഞാൻ സമർത്ഥമായി കബളിക്കപ്പെട്ടു എന്നെനിക്കു മനസിലായി.. ദോശ കൊടുക്കാൻ പറഞ്ഞപ്പോഴുള്ള കടക്കാരന്റെ ആ നിസ്സംഗതയുടെ അർഥം എനിക്കന്നേരമാണ് പിടി കിട്ടിയത്.. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.. ഞാൻ ദോശ കഴിച്ചു തീർത്തതും, ചെക്കന്റെയും കൂടി ചേർത്ത് കടക്കാരന് പൈസ കൊടുത്തതും ചെക്കന്റെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി അവിടുന്ന് സ്ഥലം വിട്ടതുമെല്ലാം.. വളരെക്കാലം മുമ്പത്തെ ആ സംഭവത്തിന്റെ 

ഓർമയിൽ നിന്നുണർന്നപ്പോഴും അറുപതു കഴിഞ്ഞ സൂപ്പർസ്റ്റാർ സ്‌ക്രീനിൽ ഇരുപതുകാരിയോടൊപ്പം  ആടിത്തിമിർക്കുന്നുണ്ടായിരുന്നു.. സിനിമ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ഒരു വിഐപി ക്കു അകമ്പടിക്കാർ എന്ന പോലെ പിച്ചക്കാരനിൽ നിന്ന് കൃത്യമായ അകലം പാലിച്ചു മറ്റുള്ളവർ നടക്കുന്ന കാഴ്ച കണ്ടു.. അന്നേരം എനിക്കൊരു കൗതുകം തോന്നി.. അയാളെ കുറച്ചു നേരം ഒന്നു പിന്തുടർന്നാൽ എങ്ങനെയിരിക്കും.. ഞാൻ തീരുമാനിച്ചു.. തീയേറ്റർ പരിസരത്തു നിന്ന് എല്ലാവരും റോഡിലേക്കെത്തി.. ബാക്കിയുള്ളവർ പല വഴിക്കു തിരിഞ്ഞെങ്കിലും ഞാൻ പിച്ചക്കാരന്റെ വഴിയേ നടന്നു.. അയാൾ ഒരു പ്രത്യേക താളത്തിൽ ഒരേ വേഗതയിൽ നടന്നു നീങ്ങുകയാണ്.. ചുറ്റുമുള്ള തിരക്കുകളൊന്നും അയാളെ ബാധിക്കുന്നേയില്ല.. സമയം നീങ്ങുകയാണ്..  അയാൾ നാട്ടിലെ പഴയ ബസ് സ്റ്റാന്റിലെത്തി.. അവിടെയൊരു കടത്തിണ്ണയിലിരുന്ന മറ്റു ചില പിച്ചക്കാരുടെയടുത്തേക്കു ഇയാൾ നടന്നു. അവരുടെയടുത്തെത്തി എന്തോ സംസാരിച്ചതിന് ശേഷം അവരുടെയിടയിൽ നിന്നു നാലഞ്ചു വയസു തോന്നിക്കുന്ന ഒരു കുട്ടിയേയും എടുത്തു കൊണ്ട് അയാൾ നടന്നു.. ഞാൻ വീണ്ടുമെന്റെ പിന്തുടരൽ തുടർന്നു... അയാളുടെ ആ നടപ്പ് അധികം നീണ്ടു നിന്നില്ല.. ഒരു ചെറിയ ചായക്കടയുടെ മുമ്പിൽ അതവസാനിച്ചു.. അയാൾ തന്റെ സഞ്ചിയിൽ നിന്നൊരു പ്ലാസ്റ്റിക് ഗ്ലാസ്സെടുത്തു.. അതിൽ ചായ വാങ്ങിയിട്ട് കുഞ്ഞിനേയും കൊണ്ടൊരു മരത്തണലിലിരുന്നു..അയാൾ കാണാതെ ഞാനും സമീപത്തു നിലയുറപ്പിച്ചു..ആ കുഞ്ഞിനെക്കൊണ്ട് ചായ കുടിപ്പിക്കുന്നതിനിടയിൽ അയാൾ ഞങ്ങൾ ഒരുമിച്ചു കണ്ട സിനിമയുടെ കഥയും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.. എന്തു കൊണ്ടയാൾ ആ കുഞ്ഞിനെ തീയേറ്ററിലേക്ക് കൊണ്ടു വന്നില്ല എന്ന ചോദ്യത്തിനുത്തരവും എനിക്കപ്പോൾ തന്നെ കിട്ടി.. ഇരു കൈകളും കൊണ്ട് ആ ചായഗ്ലാസ്സിൽ മുറുകെപ്പിടിച്ചു കൊണ്ട് അയാളുടെ കഥയും കേട്ട് ദൂരെ എവിടേക്കോ നോക്കിയിരിക്കുന്ന ആ കുരുന്നു കണ്ണുകൾക്ക് കാഴ്ചയുടെ തിളക്കമുണ്ടായിരുന്നില്ല.. ചായ തീർന്നപ്പോൾ പിച്ചക്കാരൻ തന്റെ കഥ പറച്ചിലും നിർത്തി.. ഗ്ലാസ്സെടുത്തു സഞ്ചിയിലിട്ടു കുഞ്ഞിനേയുമെടുത്തെഴുന്നേറ്റപ്പോൾ അയാൾ എന്നെ കണ്ടു.. തിയേറ്ററിൽ വെച്ച് കണ്ട പരിചയമൊന്നും ഞാനാ കണ്ണുകളിൽ കണ്ടില്ല.. "കൊഴന്തക്കു സാപ്പിടവേണം.. യെതാവത് കൊടുങ്കയ്യാ" ഒരു പിച്ചക്കാരന്റെ പതിവു പല്ലവി അയാളെന്നോടും ആവർത്തിച്ചു.. 

"ഇവന്റെ അമ്മാ എങ്കെ ?" അറിഞ്ഞിട്ടു പ്രത്യേകിച്ച് കാര്യമിന്നുമില്ലെങ്കിലും ഞാൻ ചോദിച്ചു.. 

"ഈരണ്ടു വർഷത്തുക്കു മുന്നാടി യെരന്തു പോച്ചു സാർ" 

ഞാൻ പിന്നെയൊന്നും ചോദിയ്ക്കാൻ നിന്നില്ല..കൈയിലുണ്ടായിരുന്ന കുറച്ചു കാശെടുത്തയാൾക്കു കൊടുത്തിട്ടു ഞാൻ നടന്നു.. ചെറിയൊരു ചാറ്റൽമഴ പെയ്തു തുടങ്ങിയിരുന്നു..മുഖത്തേക്കു വീഴുന്ന മഴത്തുള്ളികൾ പോലെ ഒരു പിടി ചിന്തകൾ എന്റെ ഉള്ളിലേക്ക് ചിന്നിച്ചിതറി വീണു. 'അയാൾ പറഞ്ഞതൊക്കെയും കള്ളമായിരിക്കാം.. ചിലപ്പോ ഏതെങ്കിലും വീട്ടിൽ നിന്നു തട്ടിയെടുത്തു കൊണ്ടു വന്നു കണ്ണു കുത്തിപ്പൊട്ടിച്ചു പിച്ചക്കിരുത്തിയതാവാം.. പോട്ടേ.. ഞാനെന്തിനതിനെക്കുറിച്ചോർത്തു ബേജാറാവണം..എനിക്ക് ഭിക്ഷക്കു വേണ്ടി കൈ നീട്ടാൻ ദൈവങ്ങളും ആരാധനാലയങ്ങളും ആൾദൈവങ്ങളും, മുതലാളിമാരും ബാങ്കുകളും എ ടി എമ്മുകളും ഗവണ്മെന്റ് ഓഫീസുകളും രാഷ്ട്രീയക്കാരുടെ വീട്ടു വരാന്തകളുമുള്ളപ്പോ ഞാനെന്തിനീ പിച്ചക്കാരനെക്കുറിച്ചോർക്കണം, അവന്റെ കൈയിലുള്ള കണ്ണുകാണാത്ത കുഞ്ഞിനെക്കുറിച്ചോർക്കണം...'

അയാൾ നടന്നു നീങ്ങി...