Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബലിച്ചോർ

ബലിച്ചോർ

ബലിച്ചോർ

നിളയുടെ തീരത്തെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഇരിക്കുകയാണ് നീലിമ. വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ സന്ധ്യ നേരത്തെ ഇവിടുത്തെ ഇരുത്തം സാധിക്കാറുള്ളൂ. നാളെ അമ്മയുടെ ഓർമ ദിവസം ആണ്.  എല്ലാ വർഷവും ഈ ദിവസം ഇവിടെ എത്തും. ഒരിക്കൽ ഉണ്ണും, ഇവിടുത്തെ കാറ്റേറ്റ് കുറച്ചു നേരം ഇരിക്കും, രാവിലെ എട്ടന്മാരുടെയും ചേച്ചിമാരുടെയും കൂടെ ബലി തർപ്പണം ചെയ്തു, തറവാട്ടിൽ പോകും. രാത്രി തന്നെ തിരിച്ചു തന്റേതായ തിരക്കുകളിലേക്കും. 

 

അമ്മക്ക് മൊത്തം 9 മക്കൾ ആയിരുന്നു. "മക്കൾ എത്രയുണ്ടായിട്ടും കാര്യല്യാ കുട്ട്യേ കാണാൻ കൂടെ കിട്ടാണില്ലല്ലോ അവരെ.." എന്നുള്ളത് എപ്പോഴും അമ്മയുടെ പരാതി ആയിരുന്നു. ശരിയാണ്, ഈ ഒൻപതു പേരെയും ഒരുമിച്ചു അമ്മ ഒന്ന് കണ്ടിട്ട് വര്ഷങ്ങൾ ആയിക്കാണും. വല്ലാതെ വയ്യാതിരിക്കുമ്പോഴാണ് അമ്മയുടെ 80ആം പിറന്നാൾ വന്നത്. അത് ആഘോഷിക്കണം എന്നത് തന്റെ ഒരു ആഗ്രഹം ആയിരുന്നു. അമ്മയിനി എത്രകാലമാണ് എന്ന് പറയാൻ പറ്റില്ലല്ലോ, അതിനു മുൻപ് എല്ലാരേം ഒരുമിച്ചൊന്നു കാണുകയും ആകാം.  മധുവും അപ്പുവും അതിനെ പിന്താങ്ങി,

 "ആ അമ്മേ.. , its been so long അല്ലെ.. അമ്മ എല്ലാരേം വിളിക്ക്. " അപ്പു പറഞ്ഞു. മധുവും നിർബന്ധിച്ചപ്പോൾ വലിയേട്ടനെ വിളിച്ചു. 

"ഓ നീലു.. വർക്കിംഗ് ഡേ ആണോ.. നമുക്ക് weekend നോക്കിയാലോ.. അതാണെങ്കിൽ 2 days നു വരാമല്ലോ.. " ആ മാസം ഒരു weekend മാത്രമേ ഫ്രീ ഉള്ളു, ആ ദിവസം നടത്താം എന്നായി. ആ ദിവസം വച്ച് മറ്റുള്ളവരെ വിളിച്ചപ്പോൾ ഓരോരുത്തർക്കും ഓരോ തിരക്കുകൾ. ട്രിപ്പുകൾ, പരീക്ഷകൾ, സീസൺ ആയതു കൊണ്ടുള്ള ടിക്കറ്റ് നിരക്ക്, ഓഫീസിലെ തിരക്ക്, ഏടത്തിയുടെ അരങ്ങേറ്റം, ചേച്ചിയുടെ മുട്ടുവേദന അങ്ങനെ അവരുടെ എല്ലാ തിരക്കുകളും ആ ദിവസം ആയി. തിയ്യതികൾ മാറ്റി മാറ്റി ഒരു പാട് തവണ പിന്നെയും പലരെയും വിളിച്ചു.. പിന്നെ അത് നടക്കില്ലെന്ന് തീർച്ചയാക്കി. പിറന്നാളിന് മധുവിനെയും അപ്പുവിനെയും കൂട്ടി വീട്ടിലെത്തി. ഒരു കുഞ്ഞു സദ്യ വച്ച് കഴിച്ചു. ഓരോ ടൈമ് സോണിൽ ജീവിക്കുന്ന മക്കളുടെയും പേരക്കുട്ടികളുടെയും വിളിയും കാത്തു അമ്മ രാത്രി ഉറങ്ങാതിരുന്നു. ഓരോരുത്തർ ഓരോരുത്തർ ആയി വിളി തുടങ്ങി. അവരെ കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കണ്ടു നീലിമയുടെ കണ്ണ് നിറഞ്ഞു. ഓരോ ഫോൺ കാൾ അവസാനിക്കുമ്പോഴും അമ്മയുടെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു. എല്ലാ വിളികളും കഴിഞ്ഞു, ഒരു മണിയോടടുത്തു അമ്മ ഉറങ്ങാൻ കിടന്നു.  

 

രാവിലെ 6 മണിക്ക് എഴുന്നേൽകുന്ന അമ്മ 7 മാണി ആയിട്ടും എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയില്ല, പക്ഷെ വിളിക്കാൻ പോയപ്പോൾ തണുത്തു മരവിച്ച ശരീരം തൊട്ട് അവൾ ഞെട്ടി പോയി. 

 

വിവരം അറിഞ്ഞ ഉടൻ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും എല്ലാ തിരക്കുകളും മാറ്റി വച്ചു സന്ധ്യയോട് നാട്ടിൽ എത്തി. അവരെ കണ്ട നീലു അമ്പരന്നു പോയി, ഒരു ദിവസം മുൻപ് വന്നിരുന്നെങ്കിൽ എന്നവൾ ഓർത്തു.  നാട്ടു നടപ്പനുസരിച്ചു  അവരെല്ലാം 15 ദിവസം തറവാട്ടിൽ നിന്ന്, കർമങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു പോയി. "അതേയ് ആത്മാക്കളുടെ കാര്യല്ലേ.. നിൽക്കാണ്ട് പറ്റോ.." എന്ന് ഏടത്തി ആരോടോ പറയുന്ന കേട്ടു. ജീവനുള്ളവർക്കുള്ളതിനേക്കാൾ വിലയോ ആത്മാക്കൾക്ക്.. എന്ന് നീലിമ അത്ഭുതം കൂറി.  

അമ്മ പോയി 10 വര്ഷം ആയിരിക്കുന്നു.  അമ്മാവൻ ഏതോ ജ്യോത്സനെ കണ്ടപ്പോൾ എല്ലാവരും ഒരുമിച്ചു ഒരിടത്തു ബലിതർപ്പണം ചെയ്യണം, ഒരിക്കലും മുടക്കരുതെന്നു പറഞ്ഞത്രേ, അത് പേടിച്ചു എല്ലാ വർഷവും എല്ലാവരും മുടങ്ങാതെ ബലിതർപ്പണം ചെയ്യാൻ വരാറുണ്ട്.  

കഴിഞ്ഞ തവണ അവരെത്താൻ വൈകിയപ്പോൾ നീലു പതിയെ നിളാ തീരത്തു നടക്കാൻ ഇറങ്ങി.

പുലർച്ചെ ആയതു കൊണ്ട് നല്ല തണുപ്പുണ്ട്. ഇപ്പോഴേ നല്ല തിരക്കുണ്ട്. കുറെ പേർ തിരിച്ചു പോകാൻ ഒരുങ്ങുന്നു, പുഴ തീരത്താകെ നാക്കിലകളും ബലി ചോറും ആണ്. കുറെ ആളുകൾ കൈ കൊട്ടി കാക്കയെ വിളിക്കുന്നു. ഇവരെല്ലാം വിശ്വാസം കൊണ്ടാണോ അതോ ജ്യോത്സനെ പേടിച്ചാണോ ചെയ്യുന്നുണ്ടാകുക.. നീലു മനസ്സിൽ ഓർത്തു. പെട്ടന്നാണ് ഒരു കാഴ്ച നീലുവിന്റെ ശ്രദ്ധയിൽ പെട്ടത്, കുറച്ചകലെ മാറി ഒരു ചെറിയ പെൺകുട്ടി, മണൽ പുരണ്ട ബലിച്ചോർ ആർത്തിയോടെ കഴിക്കുന്നു..!!

ആ കാഴ്ച്ച കണ്ട അവൾ ആകെ അസ്വസ്ഥയായി. ഓടി പോയി അവളെ പിടിച്ചു മാറ്റി.

"വെശന്നിട്ടാ.. " അവൾ ദൈന്യതയോടെ പറഞ്ഞു. ആരോരുമില്ലാത്ത അവളെ അവിടെ വിട്ടു പോരാൻ നീലുവിനായില്ല. അവളെ കൂട്ടി ഫ്ലാറ്റിൽ പോയി ബാഗ് എടുത്ത് ഇറങ്ങി. ഏട്ടനും മറ്റും വിളിച്ചപ്പോൾ തിരക്കാണ് വരുന്നില്ലെന്നു മാത്രം പറഞ്ഞു. 

 

"അമ്മേ.. ഫോൺ.." എന്നുള്ള വിളി കേട്ടാണ് നീലു ചിന്തയിൽ നിന്നുണർന്നത്. നീലു അവളുടെ മുഖത്തു നോക്കി.. അതെ ആ ബലിച്ചോർ ഉണ്ട കുട്ടിക്ക് ഇവളുടെ മുഖമായിരുന്നു.. അല്ല അത് അവൾ തന്നെ ആയിരുന്നു തന്റെ അമ്മു... 

 

അമ്മുവിനെ കൊണ്ട് ചെന്നപ്പോൾ മധുവും അപ്പുവും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് എതിർപ്പൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, അവളെ സ്വന്തമായി കാണാനും തുടങ്ങി. 

 

ആ വര്ഷം ബലി മുടങ്ങിയപ്പോൾ മനസ്സിൽ കുറിച്ചതാണ്. ഇനിയില്ല.. ഇനിയുള്ള ഓരോ ഓര്മ ദിവസവും ഒരു അനാഥാലയത്തിൽ പോയി, അവർക്ക് ഒരു നേരത്തെ ഊണ്.. അതാണ് അമ്മക്ക് ചെയ്യാവുന്ന ഏറ്റവും ഉചിതമായ ബലിയൂട്ടൽ.. നീലു അമ്മുവിൻറെ കൈ പിടിച്ചു ഫ്ലാറ്റ് പൂട്ടി താഴെ ഇറങ്ങി. സ്നേഹാലയത്തിലേക്ക് പോകാൻ തയ്യാറായി മധുവും അപ്പുവും താഴെ നിൽപ്പുണ്ടായിരുന്നു.