Skip to main content
Srishti-2022   >>  Short Story - Malayalam   >>  പേക്കൂത്ത്

പേക്കൂത്ത്

പേക്കൂത്ത്

കുറച്ചു കാലം മുൻപ് നടന്ന ഒരു സംഭവ കഥ പറയാം. ഞാൻ എഴുത്തിലേക്ക് പൂർണമായും തിരിയുന്നതിനു മുൻപ് കുറച്ചു കാലം തിരുവനന്തപുരത്ത് ഒരു സ്വർണ്ണ വ്യാപാര കടയിൽ സെയ്ൽസ്മാനായി ജോലി ചെയ്തിരുന്നു . വീട്ടിൽ പ്രാരാബ്‌ധങ്ങൾ കുറവായിരുന്നതിനാൽ നിത്യ ചിലവിനുള്ള വക കണ്ടെത്തുക എന്ന ഭരിച്ച ഉത്തരവാദിത്തം മാത്രമേ എന്റെ തലയിൽ ഉണ്ടായിരുന്നുള്ളു . സ്വന്തം വയറു നിറക്കുക സ്വന്തം ഉത്തരവാദിത്തം ആയതിനാൽ പരിഭവം കാണിക്കാതെ കുറച്ചുകാലം ഞാൻ ആ ജോലിയിൽ തുടർന്നു .

 

ജോലി ചെയ്യുക അത്ര സുഖമുള്ള ഏർപ്പാടല്ല . രാത്രി എട്ടു കഴിഞ്ഞാലേ സ്ഥാപനത്തിൽ നിന്ന് ഇറങ്ങാൻ കഴിയു . അത്രയും നേരം കോടികളുടെ കാവൽക്കാരനായി ഉള്ളിൽ എത്ര നീറുന്ന പ്രശ്നങ്ങൾ ഉണ്ടായാലും ചിരിക്കുന്ന മുഖവുമായി ഞങ്ങൾ ജീവനക്കാരിവിടെ ഉണ്ടാകും . തൊഴിലില്ലായ്‌മ വേതനത്തിൽ കാതലായ മാറ്റം ആഗ്രഹിക്കുന്ന എന്നെ പോലെ കഴിവുള്ള ഒരുപാട് ചെറുപ്പക്കാരുണ്ട് . ഇത്തരം കാര്യങ്ങളിൽ രാജ്യ പുരോഗതി വളരെ പിന്നിലാണെന്ന് തോന്നി . കയ്യിൽകിട്ടുന്ന കാശ് മിച്ചം വയ്ക്കാൻ ഞാൻ പലതരത്തിലും ശ്രമിച്ചുകൊണ്ടിരുന്നു . അതിലൊന്നാണ് റൂമിനടുത്തുള്ള നന്ദനം ഹോട്ടലിലെ രാത്രി ഭക്ഷണം . ഒരു വൃദ്ധ ദമ്പതികളായിരുന്നു ആ ഹോട്ടലിന്റെ മുതലാളിമാരും തൊഴിലാളികളും . വൃദ്ധന് എഴുപത്തിൽ കുറിയാത്തതും സ്ത്രീക്ക് അറുപതിനോടടുത്തും പ്രായമുണ്ട് . പ്രായത്തിന്റെ അവശത മറികടക്കാൻ അവർ നന്നേ പാടുപെടുന്നതായി തോന്നി . ഹോട്ടൽ എന്നതിനെ വിളിക്കാമോ എന്നെനിക്കറിയില്ല . അവരുടെ വീടിന്റെ ഒരു വശം പായ കെട്ടി രണ്ടു ബെഞ്ചും മേശയും ഇട്ടിരിക്കുന്നു . ആര് ഇരുന്നാലും ആ ബെഞ്ച് ദയനീയമായി ശബ്‌ദിക്കുമായിരുന്നു. കാലപ്പഴക്കത്തിന്റെ മങ്ങലൊഴിച്ചാൽ പാത്രങ്ങൾ വൃത്തിയുള്ളവ ആയിരുന്നു . പതിവുകാരെ ആശ്രയിച്ചാണ് അവരുടെ കച്ചവടം പൂർണമായും നിലനിന്നിരുന്നത് . അതുകൊണ്ടുതന്നെ ആളുകൾ കുറവുള്ള ശനി,ഞായർ ദിവസങ്ങളിൽ കടയും അവധി ആയിരുന്നു .

അന്ന് ഞാൻ പതിവിലും നേരത്തെ കഴിക്കാനെത്തി ഹോട്ടലിനു മുന്നിലുള്ള സ്ട്രീറ്റ് ലൈറ്റ് മങ്ങിയും തെളിഞ്ഞും ചിരിച്ചു . കൈ കഴുകി പ്‌ളേറ്റെടുത്ത ബെഞ്ചിലിരുന്നു . വീടിനുള്ളിൽ നിന്നും ചാനൽ ചർച്ച മങ്ങിയ ശബ്ദത്തിൽ കേൾക്കാം . പതിവുകാർ എത്തുന്ന സമയം ആകുന്നതേ ഉള്ളു . ഞാൻ തനിച്ചു വളരെ ആസ്വദിച്ചു ആഹാരം കഴിച്ചുതുടങ്ങി . പെട്ടെന്ന് വലിയ ബഹളത്തോടുകൂടി ഒരു ആറംഗ സംഘം ഹോട്ടലിലേക്ക് കടന്നുവന്നു . പുതിയ ആളുകളെ കണ്ടപ്പോൾ വൃദ്ധന്റെ മുഖത്തെ പരിഭ്രമം ഞൻ ശ്രദ്ധിച്ചു . പാവം പതിവുകാർക്ക് ഉള്ളതല്ലേ അയാൾ ഉണ്ടാകാറുള്ളൂ . എന്നാൽ ഇവരെ ഇപ്പോൾ മടക്കിയാൽ ഭാവിയിലും അവർ വരില്ലെന്നുള്ള പേടികൊണ്ടാവാം അയാൾ അവരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു . അവരിൽ നാലുപേർ ഒരു ബെഞ്ചിലും ബാക്കി രണ്ടുപേർ ഞാൻ ഇരിക്കുന്ന ബെഞ്ചിലും സ്ഥാനം പിടിച്ചു . മദ്യത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറി . അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും വിലപിടിപ്പുള്ളതായിരുന്നു . കൂട്ടത്തിൽ ഒരാൾ ഉച്ചത്തിൽ സംസാരിച്ചു തുടങ്ങി .

ഒന്നാമൻ : എന്താ കാർണോരെ കഴിക്കാൻ ?

വൃദ്ധൻ : ഇവിടെ രാത്രി എന്നും ചപ്പാത്തിയും ഗ്രീൻപീസുമാണ് പതിവ് .

ഒന്നാമൻ : അതുമതി,ഇരുപത് ചപ്പാത്തിയും അതിനു കണക്കായി കറിയും .

വൃദ്ധൻ ഭക്ഷണം എടുക്കാനായി അകത്തുപോയി .

രണ്ടാമൻ : കിളവന് നമ്മളെയത്ര പിടിച്ചില്ല . ( രഹസ്യ രൂപത്തിലാണ് പറഞ്ഞതെങ്കിലും ശബ്‌ദം ഉച്ചത്തിലായിരുന്നു .)

ഒന്നാമൻ : പിടിപ്പിക്കാം .

അയാൾ കണ്ണിറുക്കികാണിക്കുന്നു . രണ്ടുപേർ ഇതിനോടകം പാട്ടുപാടാൻ ആരംഭിച്ചിരുന്നു . ഏതോ ഒരു സിനിമ ഗാനം വളരെ വികൃതമായി പാടുന്നു . കൂടാതെ ബലിഷ്ടങ്ങളായ കരങ്ങളാൽ അവർ മേശമേൽ താളം പിടിക്കുക കൂടായപ്പോൾ ആയ ചെറിയ സ്ഥലത്തു ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു . അവരുടെ കൈകഴപ്പു താങ്ങനുള്ള ശേഷി ആ മേശകുണ്ടോയെന്നു ഞാൻ ഭയപ്പെട്ടു .

വൃദ്ധൻ ചപ്പാത്തിയും കറിയുമായി പുറത്തുവന്നു .പാവം ആ വൃദ്ധ പതിവുകാർക്കുള്ള ഭക്ഷണം തികയ്ക്കുന്നതിൽ പാടുപെടുകയായിരിക്കുമെന്നു ഞാൻ ഓർത്തു .വൃദ്ധൻ ചപ്പാത്തി മേശമേൽ വെച്ചു . അയാൾ തന്നെ അവർക്കുള്ള പാത്രങ്ങളും നിരത്തി . ചപ്പാത്തി എടുക്കാൻ അവർ അടികൂടി . അവരുടെ മായാലോകത്തു അവർ കുട്ടികളായിരിക്കും എന്നോർത്തപ്പോൾ എനിക്ക് ഛർദിക്കാൻ വന്നു . വൃദ്ധന്റെ മുഖത്തും ഒരു അന്താളിപ്പ് പടർന്നു .

രണ്ടാമൻ : ഇനി എന്താ പരുപാടി?

ഒന്നാമൻ : ഇങ്ങനെ കള്ളും കുടിച്ചു നടന്നാൽ മതിയോ ?

നാലാമനും അഞ്ചാമനും ഉച്ചത്തിൽ ചിരിക്കുന്നു.

രണ്ടാമൻ : പോരാ,വയസ്സുകാലത്തു ഓർക്കാൻ എന്തെങ്കിലുമൊക്കെ വേണം.

നാലാമൻ : കഴിഞ്ഞ തവണത്തെ പോലെ ആകരുത് .

പിന്നെയും അട്ടഹസിക്കുന്നു .

ഒന്നാമൻ : അത് ചെറുത് 

ഒന്നാമൻ വൃദ്ധനോടായി പറയുന്നു .

ഒന്നാമൻ : കാർണോരെ വെള്ളം തീർന്നു .

വൃദ്ധൻ ജഗ്ഗുമായി വീട്ടിനകത്തേക്ക് കയറിപ്പോയി .

ഒന്നാമൻ : എല്ലാവരും റെഡിയല്ലേ ?

പെട്ടെന്നെല്ലാവരും എന്തോ വല്യ ഒരു സംഭവം നടക്കാൻ പോകുന്ന രീതിയിൽ തയ്യാറായി നിന്നു .

ഒന്നാമൻ : ഓടെടാ ....

പെട്ടെന്ന് ആറു പേരും ഒന്നിനു പിറകെ ഒന്നായി എഴുന്നേറ്റോടി . ഓട്ടത്തിനിടയിൽ ബെഞ്ചും പാത്രങ്ങളും അവർ തട്ടിയിട്ടു . വലിയ ശബ്ദത്തോടെ പാത്രങ്ങൾ വീണു. പാതിപോലും കഴിക്കാത്ത ഭക്ഷണങ്ങളും. ആ ബഹളത്തിൽ ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് പോയി .

വൃദ്ധനും വൃദ്ധയും ബലഹീനമായ കാലുകളാൽ ഓടിയെത്തുമ്പോളേക്കും അട്ടഹാസം ദൂരേക്ക് പോയിരുന്നു . അവരുടെ കണ്ണുകളിൽ ഭയമോ സങ്കടമോ ദയനീയതയോ ഒക്കെ തങ്ങിനിന്നിരുന്നു . ആ ദുഷ്ട സംഘത്തിനെന്നപോലെ വൃദ്ധ ദമ്പതികൾക്കും അത് മറക്കാനാവാത്ത രാത്രി ആയിരിക്കും. പേക്കൂത്ത് അല്ലാതെന്തു പറയാൻ .