Skip to main content
Srishti-2022   >>  Short Story - Malayalam   >>  പെന്‍ഡുലം

Lini Francis

H&R Block

പെന്‍ഡുലം

പെന്‍ഡുലം

"ഏട്ടാ, എഴുന്നേല്ക്ക്‌, നേരം വെളുത്തു... ടൈംപീസ്‌ എറിഞ്ഞതുകൊണ്ട്‌ സമയം നില്‍ക്കില്ല".  ഇന്നും അവന്റെ സുന്ദര സ്വപ്നം മുഴുവനാക്കാന്‍ അവള്‍ സമ്മതിച്ചില്ല.  ചില്ലിന്റെ ഇടയിലൂടെ വരുന്ന സൂര്യരശ്മികളെ തൊട്ടും തലോടിയും അവന്‍ കുറച്ച്‌ നേരം കൂടി പുതപ്പിനെ കെട്ടിപ്പിടിച്ചു കിടന്നു.. " നിങ്ങള്‍ ഇതുവരെ എഴുന്നേറ്റില്ലേ? അവളുടെ ചോദ്യം കേട്ടപാടെ ഞെട്ടിയെഴുന്നേറ്റു.ഇനിയും എഴുന്നേറ്റില്ലെങ്കില്‍ അവള്‍ തലയില്‍ വെളളം ഒഴിക്കും, അവന്‍ ഓര്‍ത്തു.  ഒരു യാന്ത്രികനായി അവന്‍ ഓഫീസില്‍ പോകാന്‍ തയ്യാറായി.


                                               "അച്ഛാ, ഇന്ന്‌ എനിക്ക്‌ എന്താ കൊണ്ടുവരിക?  അവന്‍ മകളെ കെട്ടിപ്പിടിച്ചു, അവളുടെ കുഞ്ഞികവിളില്‍ ഒരു ഉമ്മ കൊടുത്തു. ഒരുപക്ഷേ എന്തു കൊണ്ടുവന്നാലും ഈ മധുരത്തിന്‍ മുമ്പില്‍ ഒന്നുമല്ല.  ഇതാവരുന്നു, കെട്ട്യോളുടെ സര്‍പ്രൈസ്‌ സമ്മാനം, എന്നും സ്ഥിരം ഉള്ള പോലെ നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ വാങ്ങിക്കാന്‍.  അതു വാങ്ങി അവന്‍ തന്റെ പുരാതനവസ്തുവായ സ്കൂട്ടര്രില്‍ കയറി.  ഷൂ, ടൈ, ഇന്‍സൈഡ്‌ ചെയ്ത വടിവൊത്ത ഷറ്ട്ട്‌, പിന്നെ കൂളിങ്ങ്‌ ഗ്ളാസ്സും.  കണ്ടാല്‍ ഒരു സുമുഖന്‍.  അവന്‍ സ്വയം തന്നെ വര്‍ണ്ണിച്ചു.  

                                                  എന്നാല്‍ അധികം ദൂരം നീങ്ങിയില്ല,  വണ്ടിയുടെ ഭാഗ്യം കൊണ്ടോ അതോ അവന്റെ ഭാഗ്യം കൊണ്ടോ ഇന്ധനം തീര്‍ന്നു.  ഇന്ധനത്തിലുള്ള പൈസയും ഇല്ല.  പിന്നെ ഒന്നും നോക്കിയില്ല, ഒരു മരത്തിന്റെ ചുവട്ടില്‍ വണ്ടി വച്ചു അവന്‍ ഷിജുവേട്ടന്റെ കടയിലേക്ക്‌ നടന്നു ബയോഡാറ്റയുടെ പത്തു ഫോട്ടോകോപ്പിയും എടുത്ത്‌ അവന്‍ അവിടെനിന്ന്‌ ഇറങ്ങി. എല്ലാ ഐടി കമ്പനിയിലും കയറി തന്‍രെ ബയോഡാറ്റ കൊടുക്കുക എന്ന ദിനചര്യയുമായി മാറുന്ന പതിവുകാഴ്ചയിലേക്ക്‌ അവന്‍ മെല്ലെ നീങ്ങി.  എവിടെയും, "വി വില്‍ കൊള്‍ യു" എന്ന മറുപടിയും..


                                                   തന്നെ അഗ്നികുംഭമാക്കി മാറ്റുംവിധം സൂര്യദേവന്‍ അവനെ നോക്കി കണ്ണ്‌ ചിമ്മിക്കാണിച്ചു.  വിശപ്പിന്റെ ഉള്‍വിളി വന്നുതുടങ്ങി.  കാന്‍റ്റിനില്‍ ഇരുന്നു പ്രിയതമയുടെ ഉച്ചഭക്ഷണം അവന്‍ ഉരുളകള്‍ ആക്കി കഴിച്ചു.  ലേശം ഉപ്പ്‌ കൂടുതലാണ്‌, ചിലപ്പോള്‍ കണ്ണീരിന്റെ നനവ്‌ കാരണമാകാം.  


                                                  അവന്‍ പിന്നെയും നടന്നു, അപ്പോള്‍ ഇതാ പോകുന്നു രാജേഷ്‌, അവന്റെ ബുള്ളറ്റില്‍.  തന്നെ കണ്ടതും ബുള്ളറ്റിന്റെ സ്പീഡങ്ങ്‌ കൂടി.  "ന്യൂ രജിസ്റ്റേഡ്‌ വണ്ടി".  1000 രൂപ പോലും കടം തരാന്‍ ഇല്ലാത്ത പാവം എന്റെ കൂട്ടുകാരന്‍.  അവന്‍ ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞു നോക്കി.  അയ്യോ! സമയം പോയി, മൂന്നുമണിക്ക്‌ ഒരു ഇന്റര്‍വ്യൂ ഉണ്ട്‌.  അവന്‍ തിടുക്കത്തില്‍ നടന്നു.  

                                                      

                                                    മുക്കോടി ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ച്‌ അവന്‍ ഇന്റര്‍വ്യൂ അറ്റന്ഡ്‌ ചെയ്തു. ദാ... വരുന്നു..., നമ്മുടെ സുന്ദരി മോള്, പള്ളിപെരുനാളിന്‌ ചുവന്ന മിഠായി കഴിച്ച്‌ ചുണ്ട്‌ ചുവപ്പിച്ച്‌ നടക്കുന്ന പിള്ളേരെപ്പോലെ, കിരണ്‍... അവള്‍ വിളിച്ചു.  എന്തു നല്ല മധുരമായ സ്വരം.  യെസ്‌, മാഡം.  " വി വില്‍ ഇന്‍ഫൊര്മെ യു, യു കെന്‍ ലിവ്‌  നൗവ്".  സ്ഥിരം ഡയലോഗ്‌. അതിന്‌ പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നുമില്ല. "എച്‌അര്‍" ന്റെ ഭംഗി പോലെ അതും ഒരു ഭംഗിവാക്കുകള്‍ ആണ്‌.  

                                                      കുറച്ച്‌ നേരം ബസ്സ്‌ സ്റ്റോപ്പില്‍ ഇരുന്നു, ഹ്റ്ദയത്തിന്റെ ശ്രുതിയും താളവും എല്ലാം ശരിയാക്കി.  രണ്ടു പാക്കറ്റ്‌ കപ്പലണ്ടിയും വാങ്ങി അവന്‍ വീട്ടിലേക്ക്‌ നടന്നു.  എവിടെയോ കത്തിച്ച്‌ വച്ചിരിക്കുന്ന വെളിച്ചത്തിന്റെ അടുത്തേക്ക്‌.  ലയൊഫ്ഫ് എന്ന ഇരുട്ടിനെ അവന്‍ വെളിച്ചം കൊണ്ട്‌ ഇല്ലാതാക്കും എന്ന ആത്മവിശ്വാസത്തോട്‌ കൂടി.