Skip to main content
Srishti-2022   >>  Short Story - Malayalam   >>  ദളിതൻ

Athira Krishna

Ernst&Young

ദളിതൻ

ദളിതൻ

സുപ്രഭാതം.

 

ഞാൻ ദളിതൻ. നിങ്ങൾ എന്നെ ഇങ്ങനെ മാത്രമേ, ഒരുപക്ഷെ തിരിച്ചറിയുകയുള്ളു. കാരണം, ഇരുപത്തിയാറു വര്ഷങ്ങളുടെ ജീവിതത്തിനിടയിൽ, എന്റെ പേര് കൊണ്ടതിനേക്കാളേറേ, എന്നെ അഭിസംബോധന ചെയ്തിരുന്നത് ഇങ്ങനെയാണ്. കൂട്ടിയാലും കിഴിച്ചാലും നഷ്ടങ്ങൾ മാത്രം സംഭവിച്ച എന്റെ ജീവിതത്തോട്, ഞാനിന്ന് വിട പറയുകയാണ്. ജീവിച്ചു കൊതി തീർന്നത് കൊണ്ടല്ല, ഇനി എനിക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ്...!

 

പരാതിയില്ലെനിക് ആരോടും...! കാരണം, എന്റെ പ്രശ്നങ്ങളുടെ ഉറവിടം എന്നും ഞാനായിരുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറമുള്ള ലോകത്തിന്റെ ജീർണിച്ച മനസ്ഥിതി അറിയാതെ, എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ശ്രമിച്ചത്, തികച്ചും എന്റെ മാത്രം തെറ്റായിരുന്നു. എനിക്കൊപ്പമുള്ളവർ മനുഷ്യർ ആയിരുന്നപ്പോൾ, ഞാൻ മാത്രമായിരുന്നു അവരിൽ “ദളിതൻ”. “മനുഷ്യനും” “ദളിതനും” തമ്മിലുള്ള വ്യതാസത്തിന്റെ ആഴമറിയാതെ പോയ ഒരു മണ്ടനായിരുന്നു ഞാൻ. അങ്ങനെയുള്ള എനിക്ക്, ഈ ആത്മഹത്യ അനിവാര്യമാണ്.

 

ഒരു എഴുത്തുക്കാരനാകാനായിരുന്നു എനിക്കിഷ്ട്ടം. ഭൂമിയുടെ ഓരോ ചലനങ്ങളും എന്നെ അത്ഭുതപെടുത്തിയിരുന്നു. ഭൂമിയിൽ നിന്നും ഞാൻ നോക്കിക്കണ്ട ഓരോ കുഞ്ഞ് പുൽക്കൊടിക്ക് പോലും, എന്നിലെ സന്തോഷത്തിനു കാരണമാകാൻ കഴിഞ്ഞിരുന്നു. കാപട്യമില്ലാതെ ഞാൻ സ്നേഹിച്ച ഭൂമിയുടെ സ്നേഹത്തിൽ, പക്ഷെ പതിരുണ്ടായിരുന്നു. ഇല്ലെങ്കിൽ ഒരു പക്ഷെ, ഞാൻ മാത്രം “ദളിതനായി” ജനിക്കില്ലായിരുന്നു.

 

ഇതെന്റെ ആദ്യത്തേതും അവസാനത്തേതുമായ എഴുത്താണ്‌. ഒരിക്കലും ഇതായിരുന്നില്ല, എന്റെ എഴുത്തുകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ. എഴുതുമ്പോൾ ഭൂമിയിൽ ഉള്ള ഓരോന്നും എന്റെ വിഷയമാകുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. മനുഷ്യനെ ഞാൻ കണ്ടിരുന്നത് ഒരു മനസ്സായിട്ടായാണ്. ഓരോ മനുഷ്യനും ഓരോ മനസ്സാണ്. ഓരോ മനസ്സിനും ഒരു വേരുണ്ട്. ഓരോ വേരിനും പറയാൻ ഒരു കഥയുമുണ്ട്. പക്ഷെ മനുഷ്യനല്ലാത്ത, ദളിതനായ ഈ ഞാൻ, തേടിയ ഓരോ കഥയും പൂർണമാകാതെ നിലച്ചു പോയിരുന്നു.

 

എനിക്ക് ഏറ്റവും പേടി നിറഞ്ഞ ഓർമ്മകൾ വസിക്കുന്നത് എന്റെ കുട്ടികാലത്താണ്. ഇരുപത്തിയാറു വർഷങ്ങൾക്കിപ്പുറവും ഞാൻ ആ ഏകാന്തതയെ ഭയപ്പെടുന്നു. മനുഷ്യനല്ലാത്ത, ദളിതനായ ഞാൻ, എന്നും അംഗീകരിക്കപ്പെടാത്ത ഒരു ജീവനായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തോട് ഒരപേക്ഷയെ ഉള്ളൂ... "ഭൂമിയിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ഈയലായി എന്നെ ജനിപ്പിക്കുക..ഒറ്റപ്പെടൽ ഇല്ലാത്ത, ഒരു നിമിഷത്തെ സന്തോഷമെങ്കിലും അനുഭവിച്ചു ഞാൻ മരിച്ചോട്ടെ...".

 

ഒരു പക്ഷെ മനുഷ്യൻ അല്ലാതെ ദളിതനായി പോയത് കൊണ്ടാവും, ലോകത്തെകുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ തെറ്റിയത്. സ്നേഹവും, വേദനയും, ജീവിതവും, മരണവുമൊക്കെ മനസിലാക്കാൻ വേണ്ടി ഞാൻ ഈക്കാലമത്രയും ഓടുകയായിരുന്നു. "ദളിതന്", നിഷേധിക്കപെട്ടതാണെന്നു അറിയാതെ, ജീവിതം തുടങ്ങാൻ ഞാൻ വല്ലാതെ തിടുക്കം കൂട്ടി. ഒടുവിൽ എന്റെ കാലുകളുടെ ബലം ക്ഷയിച്ചു. ഞാൻ ഓടി തളർന്നു വീണു. പടുത്തുയർത്താൻ പറ്റാത്ത ജീവിതത്തെ കുറിച്ചോർത്തു ഞാൻ വിലപിച്ചു.എന്റെ ഏകാന്തതയെ ശപിച്ചു.

 

ഈ നിമിഷത്തിൽ ഞാൻ വേദനിക്കുന്നില്ല. ജീവനൊടുക്കാനുള്ള എന്റെ തീരുമാനത്തിൽ എനിക്ക് ദുഖമില്ല. മനുഷ്യനല്ലാതെ, ദളിതനായി ജനിച്ചിട്ടും, ഈ ഭൂമി എനിക്ക് നിഷേധിക്കാത്ത ഒരേയൊരു വരമാണ് ആത്മഹത്യ. ഈ നിമിഷത്തിൽ എന്റെയുള്ളിൽ നിറയുന്നത് ഒരുതരം അവജ്ഞയാണ്. എന്നോട് തന്നെയുള്ള അവജ്ഞ. അത് മാത്രമാണ് എന്നെ കാർന്നു തിന്നുന്നത്.

 

ആത്മഹത്യ ചെയ്യുന്നവൻ എന്നും ഭീരുവാണല്ലോ. ചിലപ്പോൾ നിങ്ങൾക്ക് ഞാൻ സ്വാർത്ഥനായി തോന്നിയേക്കാം. പക്ഷെ, ഞാൻ അത് വക വെക്കുന്നില്ല. “ആത്മാവ്” എന്ന പദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം അതൊക്കെ “മാനുഷികമാണ്”. ദളിതന് അത് അന്യമാണ്.ഒരു പക്ഷെ, മരണത്തിനു ശേഷം എനിക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, അത് നക്ഷത്രങ്ങളുടെ ലോകത്തേക്കാവണം എന്ന് ആഗ്രഹമുണ്ട്.

 

എന്റെ ജീവിതം പടുത്തുയർത്താൻ വേണ്ടി സർവവും ത്യജിച്ച ദളിതയായ എന്റെ അമ്മയോട് എനിക്ക് പറയാനുള്ളത് എന്റെ പരാജയത്തിന്റെ കഥകൾ മാത്രമാണ്. മനുഷ്യൻ അല്ലാത്തത്കൊണ്ട് എന്റെ അമ്മക്കെന്നെ മനസിലാകുമായിരിക്കും.

 

ഈ കത്ത് വായിക്കുന്ന ആർക്കെങ്കിലും ഈ ദളിതന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാൽ, എന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു കൊടുക്കുക.

 

“മനുഷ്യൻ” അല്ലാത്തത് കൊണ്ട്, “ദളിതന്റെ” അവയവങ്ങൾ ഇങ്ങനെയേ ഉപയോഗപ്പെടൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

 

എന്റെ ജനനം ഒരു കൊടിയ അപകടമായിരുന്നു. ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ഒന്ന്. എനിക്ക് വേണ്ടി ആരും കരയരുത്. കാരണം ഇതെന്റെ വിജയമാണ്. അനുദിനവും പരാജയപെട്ടു ജീവിച്ചവന്റെ ഒടുവിലത്തെ വിജയം.