Skip to main content
Srishti-2022   >>  Short Story - Malayalam   >>  തലച്ചോറ് മരിക്കുമ്പോൾ

Anamika Radha

QuEST Global

തലച്ചോറ് മരിക്കുമ്പോൾ

തലച്ചോറ് മരിക്കുമ്പോൾ

ഇന്നലെ ഞാന്‍ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടിയത്?

വലിച്ചു കയറ്റിയ പൊടിയുടെയും മോന്തി തീര്‍ത്ത കുപ്പികളുടെയും ധൈര്യത്തിൽ എന്തായിരുന്നു പോരാട്ട വീര്യം. 

അങ്കിതയുടെ ചിത്രത്തോട് കൂടിയ എല്ലാ ഫ്ലക്സുകളും പൊളിച്ച് അടുക്കി തീയിട്ടു. "ഇനിയും വെല്ലുവിളിക്കുവാനാണ് ഭാവമെങ്കിൽ ഇതാകും നിന്‍റെയും അവസ്ഥ"- എന്നു വിളിച്ചു കൂകി. പക്ഷേ അതിനു ശേഷം എന്താണ് സംഭവിച്ചത്? 

തലയിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നു. ഒരു രാത്രി കൊണ്ട്‌ തനിക്കു ചുറ്റും എന്തൊക്കെയോ വലിയ മാറ്റങ്ങൾ സംഭവിച്ചതു പോലെ. ആകുന്നത്ര ശക്തിയിൽ കിടന്നിരുന്ന കട്ടിലില്‍ കൈകളൂന്നി എഴുന്നേല്ക്കുവാൻ ശ്രമിച്ചു. ഇല്ല, എനിക്ക് ഒരു വിരൾ പോലും അനക്കുവാൻ സാധിക്കുന്നില്ല. ശരീരത്തിലെ ശക്തി മുഴുവൻ ചോർന്നിരിക്കുന്നു.

 

" റാം..." ആകുന്നയത്ര ഉച്ചത്തിൽ നീട്ടി വിളിച്ചെങ്കിലും പുറത്തേക്കുവരാതെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. ജനാലയിലൂടെ പതിച്ച സൂര്യ രശ്മികൾ കാഴ്ചമറച്ചു കൊണ്ട് കണ്ണിലേക്ക് തുളച്ചു കയറി. കണ്ണുകളടച്ച് കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.

                           

*          *          *         *         *          *          *         *    

 

അർജുന്‍റെ വകയായിരുന്നു ഇന്നലത്തെ കലാപരിപാടികൾ. പുതിയ കോളേജ് ചെയർമാന്‍റെ വിജയാഘോഷം.

പഠനത്തിലും പ്രവര്‍ത്തനത്തിലും അതിലുപരി പ്രതികരിക്കുന്നതിലും മുന്നിലായിരുന്നു അർജുൻ, ഹരികൃഷ്ണൻ, റാം, ആലോപ്, ജഹാംഗീർ, രൂപ് എന്നിവരടങ്ങുന്ന ആറംഗസംഘം. 

രണ്ടു വർഷങ്ങൾക്കു മുമ്പാണ് രാജ്യത്തിലെ എല്ലാ സംസ്കാരങ്ങളും ഭാഷകളും ഒന്നിച്ചു കാണുവാനും കേൾക്കുവാനും കഴിയുന്ന ആ കലാലയത്തിൽ നിയമപഠനത്തിനായി അവർ എത്തുന്നത്. മത-രാഷ്ട്രീയ വാദങ്ങളുടെ എല്ലാ ദോഷവശങ്ങളും സമൃദ്ധമായി വളരാൻ ഉതകുന്ന ഫലഭൂയിഷ്ഠമായ വിളനിലമായിരുന്നു ആ കോളേജ്.

 

ഓരോ മനുഷ്യനും ഓരോ കഥകളാണ്, ഒടുക്കമറിയാതെ തുടങ്ങി ഒടുവിൽ അവസാനശ്വാസമെന്ന് തിരിച്ചറിയാതെ ഒടുവിലത്തെ ജീവവായുവും ഉള്ളിലേക്ക് വലിച്ചെടുത്ത് എന്നന്നേക്കുമായി നിശ്ചലമാകുന്ന ഒരു അന്ത്യത്തോട് കൂടിയ കഥ. ജീവിതത്തിന്‍റെ കഴിഞ്ഞ ഭാഗങ്ങൾ ആയിരുന്നില്ല, എവിടുന്നു വന്നു എന്നതിലുപരി എന്തിനുവേണ്ടി നില കൊണ്ടു എന്നതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിനാധാരം.

 

'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന്' അവനെ ഓർമ്മപ്പെടുത്തിയത് ഞാനായിരുന്നു. 

ചരിത്രം അല്ല, ഒരു കെട്ടുകഥയിലെ  വാക്കുകൾ കടമെടുത്തെന്നു പറയാം. അന്ന് പാർത്ഥന് കൃഷ്ണനോതിയ വാക്കുകൾ ഇന്ന് ഈ ഹരികൃഷ്ണൻ മറ്റൊരു അർജുനനോട് ആവർത്തിച്ചെന്നു മാത്രം.

 

"കനിഷ്ഠ്" ആത്മാഭിമാനത്തിന്‍റെ പേരിൽ കഴുത്തറ്റു തൂങ്ങിയാടേണ്ടി വന്ന അവനായിരുന്നില്ലേ അർജുന്‍റെ ആ മാർഗ്ഗം? 

അതേ, ജാതി വെറി കയറിയ കക്ഷിയുടെ യുവനേതാക്കളെ ജയിക്കുവാൻ ഒരു പിന്നോക്ക സമുദായക്കാരന്‍റെ ആത്മഹത്യയല്ലാതെ മറ്റെന്താണ് ഏറ്റവും വലിയ ആയുധം. ആദ്യ വർഷതെരഞ്ഞെടുപ്പിൽ ‌അവരുടെ ജയത്തിന് എന്നെയായിരുന്നില്ലേ അവര്‍ മാര്‍ഗമായി സ്വീകരിച്ചത്? കക്ഷികളുടെ ജയപരാജയങ്ങൾക്ക് ഹേതുവാകുമ്പോൾ, അവന്‍റെ രോഗിയായ അനുജനും പ്രായമായ അമ്മക്കും അച്ഛനും ഇല്ലാതായത് അവരുടെ ജീവിതമായിരുന്നു, നാളെയുടെ പ്രതീക്ഷയായിരുന്നു. 

 

ഈ ലോകത്ത് എന്തിനെയും വളച്ചൊടിക്കാം, പല രീതിയിൽ വ്യാഖ്യാനിക്കാം. അതിനുള്ള സ്വാർത്ഥത വേണമെന്നു മാത്രം. "സ്വാർത്ഥത",  അതില്ലാത്തവർ ആരാണ്. ജനനവും ജീവിതവും മരണവുമുൾപ്പടെ എല്ലാം വാണിജ്യവത്ക്കരിക്കുന്ന ലോകത്തല്ലേ നാം ജീവിക്കുന്നത്. അധികാരത്തിനും പ്രശസ്തിക്കും ധനത്തിനും സുഖത്തിനും വേണ്ടിയുളള മത്സരമോ അതോ അത്യാർത്തിയോ എന്താണ് ഇന്ന് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്? വിതക്കുന്നവൻ വിളയിൽ വിഷം വിതറുന്നു. വലംകൈയാൽ ഊട്ടുന്നവൻ ഇടംകൈയിൽ ക്യാമറ കരുതുന്നു. വെളിച്ചത്തിൽ താലോലിക്കുന്നവൻ ഇരുട്ടിൽ ദൂഷണം ചെയ്യുന്നു. എന്തിനും രണ്ട് വശങ്ങൾ, രണ്ട് മുഖങ്ങൾ.

 

റാം അങ്കിതയുടെ നാട്ടുകാരനായിരുന്നു. ആ ബന്ധമാണ് അവളുമായി പരിചയപ്പെടാൻ കാരണമായത്. അവന്‍റെ സഹോദരിയുടെ വിവാഹത്തിനായുള്ള ട്രെയിൻ യാത്ര അവളുമായി ഒരു ദീര്‍ഘ സംഭാഷണത്തിന് വഴിതെളിച്ചു. വ്യത്യസ്ത കക്ഷി അനുഭാവികളായിരിക്കുമ്പോഴും എന്തൊക്കെയോ സമാനതകൾ തങ്ങളുടെ വ്യക്തിതാല്പര്യങ്ങളിൽ ഉണ്ടെന്ന തിരിച്ചറിവ് ആ സൗഹൃദത്തെ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴികാട്ടി. പക്ഷേ ഒന്നാം വർഷതെരഞ്ഞെടുപ്പിൽ അങ്കിതയുടെ കക്ഷിക്കാർ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് വരെ മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. കൃത്യമായി പറഞ്ഞാൽ ഒന്നര മാസം.

                       

അത്യാവശ്യമായി നാട്ടിലേക്ക് പോകണമെന്നും അതിനായി റയില്‍വേ സ്റ്റേഷനിൽ കൊണ്ടെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് അങ്കിത എന്നെ അവൾ താമസിച്ചിരുന്ന ബന്ധു വീട്ടിലേക്ക് വിളിച്ചത്. ഗെയ്റ്റിനു പുറത്ത് കാത്തുനിന്ന എന്നെ ബാഗുകൾ എടുക്കുന്നതിനായി ഉള്ളിലേക്ക് ക്ഷണിച്ചതും അവളായിരുന്നു. പിന്നെ എല്ലാം മാറി മറിഞ്ഞത് ക്ഷണനേരത്തിലായിരുന്നു. അവൾ തന്നെ വാതിലടച്ച് സ്വന്തം വസ്ത്രം വലിച്ചു കീറി ബഹളമുണ്ടാക്കാൻ തുടങ്ങി. ഒന്നും മനസിലാകാതെ നിന്ന എന്നെ തള്ളിയിട്ട് ആളുകൾ കൂടിയതും അവൾ പുറത്തേക്ക് ഓടി. സ്വന്തം മാനം പണയം വെച്ച് അവൾ ആടിതീര്‍ത്തത് എന്നോടുള്ള പ്രണയനാടകത്തിന്‍റെ അന്ത്യഭാഗമായിരുന്നെന്ന തിരിച്ചറിവായിരുന്നു  തന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിച്ചത്.   

 

സ്വന്തം  മാനവും ജീവനും നഷ്ട്ടപ്പെട്ട സ്ത്രീകൾ നീതിക്കായി നിയമപീഠത്തിനു മുന്നിൽ കൈനീട്ടവേ അങ്കിതയെപോലുള്ളവർ പദവിക്കും അധികാരത്തിനുമായി സ്വന്തം മാനം പോലും പണയം വയ്ക്കുവാന്‍ തയ്യാറാകുന്നു. മനുഷ്യൻ അവന്‍റെ തലച്ചോറിനെ എപ്രകാരമാണ് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്? നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവർ തന്നെയാണ് അത് ദുരുപയോഗം ചെയ്യുന്നതും. നേട്ടങ്ങൾ നഷ്ട്ങ്ങളാക്കുന്നതും ശാസ്ത്രത്തെ മനുഷ്യന്‍റെ ഉന്മൂലനത്തിനു തന്നെ കാരണമാകുന്ന അണുബോംബുകളാക്കുന്നതും വിവേകം നഷ്ടപ്പെട്ട് മരവിച്ചു പോയ ഈ തലച്ചോറുകൾ തന്നെയല്ലേ? എന്താണ് ശരി? എന്താണ് തെറ്റ്? സാമൂഹികമായ കെട്ടുറപ്പിനുവേണ്ടി ആരോ പടച്ചു വെച്ച സത്യധർമ്മസംഹിതകളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു.

 

കാമവെറിപൂണ്ട ഒരു പറ്റം ധാർമ്മികവാദികൾ അവസാനിപ്പിച്ചതാണ് ജഹാംഗീറിന്റെ കുഞ്ഞനുജത്തിയുടെ ജീവിതം. അവനും അതേ നാണയത്തിൽ തിരിച്ചടിക്കാമായിരുന്നില്ലേ? ഇല്ല, കാരണം അവൻ മനുഷ്യനായിരുന്നു. തനിക്കു കിട്ടേണ്ട നീതി നിയമത്തിന്‍റെ മാർഗ്ഗത്തിലൂടെ ആകണമെന്ന വാശിയാണ് അവനെ നിയമവിദ്യാർത്ഥിയാക്കിയത്. മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ അവയെ അവൻ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിലാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ആ ഘടകമിരിക്കുന്നത്.

 

കർഷകമരണങ്ങൾ ബ്രേക്കിങ് ന്യൂസിന്റെ ഒരു ഓരത്തുകൂടി മിന്നിമാഞ്ഞു പോകുകയും അത്രയും തന്നെ പ്രാധാന്യം മാത്രം അതിനു നല്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിലെ എത്ര കുട്ടികൾക്കറിയാം എങ്ങനെയാണ് തനിക്ക് മുമ്പിൽ വിളമ്പി കിട്ടുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നതെന്ന്? കോടികളുടെ കട ബാദ്ധ്യതകളുമായി ലഹരി രാജാക്കൻമാർ നാടുചുറ്റി സ്വൈരവിഹാരം നടത്തുമ്പോൾ യഥാര്‍ത്ഥ അന്ന ദാതാക്കൾ പതിനായിരങ്ങളുടെ ബാധ്യത തർക്കുവാനാകാതെ ആത്മാഹൂതി ചെയ്യുന്നു. ബാധ്യതകളുടെ ഭാണ്ഡമിറക്കാൻ വിഷം കുടിച്ചിറക്കിയൊരച്ഛന്‍റെ മകനായിരുന്നു ആലോപ്.

 

"റാം" - ജന്മം നൽകിയവർ പാതി ജീവനാക്കി മരിച്ചുവെന്ന വിശ്വാസത്തിൽ കുപ്പയിൽ ഉപേക്ഷിച്ചതാണവനെ. തെരുവിന്‍റെ മക്കൾക്ക് തണലാവാൻ തന്‍റെ ജീവിതം മാറ്റി വെച്ചവൻ. അവനായിരുന്നു തന്‍റെ സന്തഹ സഹചാരി.

                            

*          *          *         *         *          *          *         *    

 

ഇന്നലെ രാവിലെ പോയതാണ്‌ റാം, അവന്‍റെ അമ്മമാര്‍ക്ക് അടുത്തേക്ക്. അനാഥമന്ദിരത്തിന്‍റെ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. കണ്ണിലേക്ക് വീണ്ടും പ്രകാശം കടന്നു. ഇന്നലെ എന്തു പൊടിയാണ് അവർ തന്നത്? വിജയാഘോഷത്തിന് എത്തിയ കക്ഷിയുടെ മറ്റുചില യുവനേതാക്കളായിരുന്നു അത് എന്‍റെ കൈകളിലേക്ക് വച്ചുതന്നത്. മദ്യത്തിന്‍റെ  ലഹരിയില്‍ അത് അപ്പാടെ വലിച്ച് കയറ്റുകയായിരുന്നു. അതിന്‍റെ പരിണിത ഫലമാകാം സര്‍വ്വം തളര്‍ന്ന ഈ അവസ്ഥ. 

തിരികെ മുറിയിലെത്തിയത് പുലര്‍ച്ചെ ആറുമണിക്ക് ആയിരുന്നു. അടപ്പ് തെറിച്ച കുപ്പികള്‍ തറയില്‍ ഉരുണ്ടു കിടന്നിരുന്നു. അച്ചടക്കമില്ലാത്ത തന്‍റെ ജീവിതം തന്നെയാണ് ചുറ്റും ചിതറികിടക്കുന്നത്. അലമാരിയില്‍ ബാക്കിയിരുന്നതും എടുത്തു കുടിച്ചിറക്കി കട്ടിലിനരികെ എത്തിയതു വരെ ഓർത്തെടുക്കുവാനായി. അപ്പോഴേക്കും ചുമരിലിരുന്ന ക്ലോക്കിൽ ഏഴടിച്ചു. കൂടുതൽ ഭാരം ശരീരത്തിന് പുറത്തേക്ക് കയറ്റി വച്ചതു പോലെ. ശ്വാസം കിട്ടുന്നില്ല അവസാന ശ്രമമെന്നോണം ഒന്നുകൂടി ശ്വാസം വലിച്ചെടുത്തു. 

 

 ഹരികൃഷ്ണൻ പിന്നെ കണ്ണുകൾ തുറന്നില്ല. മുറി വൃത്തിയാക്കുവാനെത്തിയ ജാനകിയമ്മയാണ് ബോധമറ്റ് നിലത്തു കിടന്ന അവനെ ആദ്യം കണ്ടത്. റാം ഒഴിക്കെ എല്ലാവരും ആസ്പത്രിയിൽ എത്തവേ ഡോക്ടർ വിധി എഴുതി 'മസ്തിഷ്ക മരണം'.

 

*          *          *         *         *          *          *         *    

  

 '.... വിവേകമില്ലാത്ത മനുഷ്യൻ ജീവനുള്ള തലച്ചോറുമായി ജീവിക്കുന്നതും അവൻ മൃഗമായി പരിണമിക്കുന്നതും ഒരുപോലെയാണ്. തലച്ചോറ് കൊണ്ട് ചിന്തിക്കുമ്പോഴും ഹൃദയം കൊണ്ട് ആ ചിന്തകൾക്ക് വെളിച്ചമേകാൻ മനുഷ്യന് കഴിയട്ടെ. 

മനുഷ്യൻ എന്നും മനുഷ്യനായിരിക്കട്ടെ. 

നീതിന്യായ വ്യവസ്ഥയിലും നീതി പീഠത്തിലും ജനങ്ങൾക്ക് നഷ്ടമായിരിക്കുന്ന വിശ്വാസം തിരികെ വീണ്ടെടുക്കുവാൻ നമുക്ക് ഏവര്‍ക്കും സാധിക്കട്ടെ എന്ന വിശ്വാസത്തോടെ...

'സത്യമേവ ജയതേ' 

             

 അത്രയും പറഞ്ഞ് റാം തന്‍റെ വാക്കുകൾ അവസാനിപ്പിച്ചു. 

 എൻട്രോൾമെന്‍റ് ചടങ്ങുകൾ കഴിഞ്ഞിറങ്ങവേ റാം കണ്ടു അർജുനൊപ്പം അവനുണ്ട് 'വസിഷ്ഠ്' സവർണ്ണ വിഭാഗത്തിന്‍റെ ആക്ഷേപങ്ങള്‍  താങ്ങാനാവാതെ ജീവനൊടുക്കിയ കനിഷ്ഠിന്‍റെ അനുജൻ. അവനെ ചേർത്തു പിടിച്ചു ആശ്ലേഷിക്കവേ റാം അറിഞ്ഞു അവനുള്ളിൽ ജീവിക്കുന്ന ഹരികൃഷ്ണന്റെ ഹൃദയമിടിപ്പുകൾ