Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചിലന്തി

Adarsh Narendran

Tata Elxsi

ചിലന്തി

ചിലന്തി

ആയിഷയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഒരു ദുൽക്കർ സൽമാൻ  സ്റ്റൈലിൽ  അവനൊരു ചിരി പാസ്സാക്കി. മൂന്നാം ക്ലാസ് ലീഡർ ശരണ്യ പരമശിവൻ മൂക്കിലെ കണ്ണട ഒന്നുടെ ശരിയാക്കി അവനെ നോക്കി കണ്ണുരുട്ടി. ഹോ , സംസാരിച്ചാലല്ലെ ഇവൾക്ക് സാറിന്ന് പേര് പറഞ്ഞു കൊടുക്കാനാവു. ചിരിക്കുന്നവരുടെ പേരെഴുതാനൊന്നും പറഞ്ഞില്ലല്ലോ. അല്ലേലും ശരണ്യക്ക് തന്നോട് ഭയങ്കര സ്നേഹമാണ്. എപ്പോൾ സംസാരിക്കുന്നവരുടെ പേരെഴുതി സാറിന്ന് കൊടുക്കുമ്പോഴും തന്നെ അവളതിൽ തിരുകി കേറ്റും. പിന്നെ ക്ലാസ് ലീഡർ ആയതു കൊണ്ടും സർവോപരി ടീച്ചർമാരുടെ കണ്ണിലുണ്ണി ആയത് കൊണ്ടും പ്രതികരിക്കാൻ പോവാറില്ല. പ്രേത്യാഘാതങ്ങൾ മാരകമായിരിക്കുമെന്നറിയാം ,

തൊട്ടടുത്തിരുന്ന് കൂർക്കം വലിച്ചുറങ്ങുന്ന ശുംഭനെ അവൻ നോക്കി . ശംഭു പ്രഭാകർ എന്നാണ് ശരിയായ പേരെങ്കിലും അവൻ ആദ്യം ക്ലാസ്സിൽ വന്നപ്പോൾ പരിചയപ്പെടുത്തിയത് " ഹായ് , മൈ നെയിം ഈസ് ശുംഭ പ്രഭാകർ " എന്നായിരുന്നു. ശരണ്യയും ക്ലാസ്സിലെ രണ്ടു മൂന്നു ബുദ്ധിജീവികളും പിന്നെ സാറും പൊട്ടിചിരിച്ചെങ്കിലും ശുംഭന്റെ അർഥം മാത്രം പിടികിട്ടിയില്ല . ഒടുവിൽ വൈകീട്ട് വീട്ടിലെത്തിയപ്പോൾ ന്യൂസ് ചാനല് വെച്ചിരിക്കുന്ന ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു .

" ഉപ്പാ, ഈ ശുംഭന്റെ മീനിങ് എന്താ ?"

ഹലാക്കിന്ന് ഇവനിതെവിടുന്ന് കിട്ടിയെന്ന മുഖഭാവത്തോടെ ഉപ്പ ഉമ്മയെ നോക്കി. പാല് അടുപ്പത്തു പൊന്തിനെന്ന തോന്നണെന്ന കള്ളവും പറഞ്ഞു ഉമ്മ എസ്‌കേപ്പുമായി.

" ഹെല്ല മോനെ , ഇജ്ജീ ന്യൂസൊന്നും കാണാറില്ലേ....ശുംഭന്ന് പറഞ്ഞാ...അതിപ്പോ..... പ്രകാശം പരത്തുന്നെവനെന്നാ അർത്ഥം"

മലയാളത്തിലെ വലിയൊരു പദത്തിന്റെ അർത്ഥം പറഞ്ഞു തന്ന് മാനം രക്ഷിച്ച ആ നേതാവിനോട് ഉപ്പ മനസ് കൊണ്ട് നന്ദി പറഞ്ഞു.

പ്രകാശം പരത്തുന്നവൻ . കൊള്ളാല്ലോ ...അങ്ങനെ ശംഭു പ്രഭാകർ ക്ലാസ്സിൽ ശുംഭനായി മാറി . എന്തു പ്രശ്നമുണ്ടാക്കിയാലും ഇല്ലെങ്കിലും കൂടെ നിൽക്കുന്ന ചങ്കാന്നവൻ . താൻ കഴിഞ്ഞാൽ ശരണ്യയുടെ രണ്ടാമത്തെ നോട്ടപ്പുള്ളി .

ഈ പീരീഡ് തീരാറായി . അടുത്തത് ജോൺ സാറിന്റെ സോഷ്യൽ ക്ലാസ്സാണ് .

" ഡാ ശുംഭാ എഴുന്നെൽക്കെടാ ...കടുവ ഇപ്പൊ ഇങ്ങെത്തും. "

ശുംഭന്റെ പുറത്തു രണ്ടിടിയും കൊടുത്തു.

മധുര സുന്ദരമായ സ്വപ്നം പാതി വഴിക്ക് തകർത്തതെന്തിനാടാ ദുഷ്ടാ എന്നവന്ന് ചോദിക്കണമെന്ന് തോന്നി . ഹാ അവനത് പറയാം. കടുവ കുടവയറും തടവി ചൂരലും പിടിച്ചൊരു വരവുണ്ട് . വന്നാൽ പിന്നെ വേട്ടയാണ്. ചൂരൽ കഷായം കുടിക്കാത്തവർ വിരളമായിരിക്കും . സകല മലക്കുകളെയും പോരാത്തതിന്ന് ഒരു സപ്പോർട്ടീന്ന് ശുംഭന്റെ ഇഷ്ട്ട ദേവനായ പരമേശ്വരനെയും പിന്നെ കുഞ്ഞേശോന്നെയും വിളിച്ചു പ്രാർത്ഥിച്ചാലേ രണ്ട് അടിയിലൊക്കെ ഒതുങ്ങു.

കടുവ പെട്ടെന്നൊരു മുരൾച്ചയോടെ ക്ലാസ്സിലേക്ക് കയറി ശരണ്യയുടെ കയ്യിലെ ലിസ്റ്റ് തട്ടി പറിച്ചു. ഭാഗ്യം അതിൽ തന്റെ പേരില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉത്തരക്കടലാസുകൾ പുറത്തെടുത്തത് . റോൾ നമ്പർ അനുസരിച്ചു വിളിക്കുമെന്നാണ് കരുതിയത് പക്ഷെ ആദ്യ മുരൾച്ച തന്റെ നേരെ നോക്കിയായിരുന്നു.

" എന്തുവാടെ ഷാനു, ഒന്നിങ്ങു വന്നെടാ..."

രണ്ടു കയ്യും തിരുമ്മി ചൂടാക്കി ഒരു പ്രൊട്ടക്ഷനും എടുത്ത് പതുക്കെ കടുവയുടെ അടുത്തേക്ക് ചെന്നു .

" പെൺകുട്ടികളുടെ വിവാഹ പ്രായമെത്രയാടാ?...."

ഒരു സംശയവുമില്ലായിരുന്നു . കഴിഞ്ഞാഴ്ചയാണല്ലോ മമ്മദിക്കയുടെ മകൾ നബീസത്താത്തയുടെ കല്യാണം കഴിഞ്ഞത്. ഏതോ ഒരറബിയായിരുന്നു ചെക്കൻ . നീണ്ട വെള്ള ഡ്രെസ്സും ഒരുഗ്രൻ തലപ്പാവും ചുറ്റി നിന്ന അയാൾക്ക് ഒരു നാൽപ്പത് വയസെങ്കിലും കാണും . നബീസു താത്തയുടെ പ്രായം തനിക്കെന്തായാലും അറിയാം . ഉച്ചത്തിൽ ശബരിമല സ്ത്രോത്രവും പതിനെട്ടാം പടി ശരണവും വിളിക്കുന്ന ശുംഭനെ അവഗണിച്ചു കടുവയുടെ മുഖത്തു നോക്കി പറഞ്ഞു.

" പതിനാല്....."

പറഞ്ഞു തീർന്നതും കണ്ണിൽ നിന്ന് പൊന്നീച്ച പറന്നതും ഒരുമിച്ചായിരുന്നു.

" പതിനെട്ടാണെന്ന് ആർക്കാണെടാ അറിയാത്തത്....!"

ക്ലാസ്സിലെ കൂട്ട ചിരിക്കിടയിലും പിൻഭാഗത്തു പതിച്ച ചൂരലിന്റെ വേദന കടിച്ചമർത്തി ചോദിച്ചു .

" പക്ഷെ...നബീസത്താത്തക്ക് കല്യാണം കഴിക്കുമ്പോൾ പതിനാലായിരുന്നല്ലോ സാർ....!!"

കടുവയുടെ മുഖത്തൊരു ഞെട്ടൽ രൂപപ്പെടുന്നതവൻ കണ്ടു.

" നബീസു ഇപ്പോൾ മിസ്സിംഗ് ആണ്....പോലീസ് അന്വേഷിക്കുന്നുണ്ട്....ഇന്ത്യയിൽ കല്യാണ പ്രായം പെൺകുട്ടികൾക്ക് പതിനെട്ടാണ്....നീ പൊക്കോ...."

ഇപ്പ്രാവശ്യം മുരൾച്ച കുറവായിരുന്നു ...

വേദനിക്കുന്ന പിൻഭാഗം ആഞ്ഞു തടവി ശുംഭന്റെ അടുത്തവനിരുന്നു.

" ഡാ അത് അറബി കല്യാണമാണ്...തെറ്റാണ്.."

ശുംഭൻ ചെവിയിൽ മന്ത്രിച്ചു.

പക്ഷെ അവനൊന്നും അപ്പോഴും മനസ്സിലായിരുന്നില്ല. കല്യാണം കഴിഞ്ഞാൽ എങ്ങനെയാ മിസ്സിംഗ് ആവുക..? മമ്മദിക്കക്ക് അറിയില്ലേ കല്യാണ പ്രായം പതിനെട്ടാണെന്നത് ....! നബീസു താത്ത ഒൻപതാം ക്ലാസ്സിലായിരുന്നല്ലോ . സ്കൂൾ ലീഡറുമായിരുന്നു . നബീസുതാത്തക്കു എന്തായാലും അറിയാമായിരിക്കുമല്ലോ!! അവന്റെ മനസ്സിൽ നിറയെ നബീസത്താത്തയുടെ കുഞ്ഞു വട്ട മുഖം മാത്രമായിരുന്നു .

ക്ലാസ്സിലെ ഒരു മൂലയിലിരുന്ന് ചിലന്തി ഇരകൾക്കായി വല നെയ്യുകയായിരുന്നു..അവനും ഉപ്പയോട്‌ ചോദിക്കുവാനുള്ള ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ നെയ്തു വെച്ചു ......