Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചിറകുകൾ

Remyamol EM

Quest global Pvt LTD

ചിറകുകൾ

ചിറകുകൾ

ഞാൻ മീനു. മാളവികയുടെ അനിയത്തി. 

 

പൂക്കളെയും പൂമ്പാറ്റയെയും കിളികളെയുമൊക്കെയാണ് എനിക്കിഷ്ട്ടം.വാനത്തിലൂടങ്ങിനെ പാറിപ്പറന്നു നടക്കാൻ എന്തു  രസമായിരിക്കും. എനിക്കും രണ്ട് കുഞ്ഞിച്ചിറകുകൾവച്ചങ്ങിനെ പറന്നുയരാൻ കൊതിയാണ്. വാശിപിടിച്ചു കരഞ്ഞപ്പോൾ ഒരിക്കൽ മുകളിലേക്കുചൂണ്ടി അമ്മ പറഞത് വലുതാകുമ്പോ എനിക്കും ആകാശത്തിലൂടെ വിമാനം പറപ്പിക്കാമെന്നാണ്. ഇടക്കൊക്കെ ശബ്‍ദം കേൾക്കുമ്പോൾ ഞാനും  മാളുചേച്ചിയും കൂടി വിമാനം നോക്കി കണ്ണിൽ നിന്നുമായുന്നവരെ ഓടാറുണ്ട്.

 

എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവില്ല. പക്ഷെ മാളവികയെ, എന്റെ മാളുച്ചേച്ചിയെ നിങ്ങൾക്കറിയാം. മറവിയുടെ ഭണ്ഡാരത്തിൽ പരതിനോക്കിയാൽ നിങ്ങൾക്കൊരുപക്ഷേ മാളവികയെ കാണാൻ പറ്റും. ഓർമയില്ലേ..അന്നു നിങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, ആശ്വസിപ്പിക്കാൻ..എന്റെ കൂടെ കരയാൻ. 

 

അതെ ശരിയാണ് കുഞ്ഞേ. ഞങ്ങൾ അവളെ മറന്നിരിക്കുന്നു. വളയിട്ട ആ കൈകൾ, വാനോളം ഉയരേണ്ട കൈകൾ, പിച്ചിച്ചീന്തിയതറിഞ്ഞപ്പോൾ ഞാനും പ്രതികരിച്ചിരുന്നു,  തിരിനാളങ്ങൾ തെളിയിച്ചും മൗനപ്രാർത്ഥനയിൽ പങ്കുകൊണ്ടും സഹതപിച്ചും. അതിലൊക്കെ ഉപരി പൊട്ടിചിരിച്ചുകൊണ്ട് ഓടിക്കളിച്ചു നടക്കുന്ന എന്റെ പൊന്നുമോളെകുറിച്ചോർത്തു ഞാനും വ്യാകുലപ്പെട്ടു. അവളെ ഞാൻ വീണ്ടും വീണ്ടും പൊതിഞ്ഞു വച്ചുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ പുതിയതും മുന്തിയതുമായ വാർത്തകളിൽ കണ്ണും മനസ്സും ഉടക്കിയപ്പോൾ, ഞാനും അവളെ മറന്നു തുടങ്ങിയിരുന്നു.

 

നിങ്ങൾക്കറിയുമോ മാളുചേച്ചിയായിരുന്നു എനിക്കെല്ലാം. പാട്ടുപാടിത്തരുന്നതും അണിയിച്ചൊരുക്കുന്നതും സ്കൂളിലേക്ക് കൈപിടിച്ചുനടത്തിയതും എല്ലാം ചേച്ചിയായിരുന്നു. അമ്പിളിമാമന്റെ കൈയിലെ വെള്ളിപാദസരവും ഉദയസൂര്യന്റെ സ്വർണക്കിണ്ണവും കാട്ടിത്തന്നത് ചേച്ചിയായിരുന്നു. ചേച്ചീടെ പാട്ടിനു വാഴപ്പൂവിന്റെ തേനിനേക്കാളും മാധുര്യമുണ്ടായിരുന്നു. ഒരു രഹസ്യം കൂടിയുണ്ട്. അമാവാസിനാളിൽ മച്ചിന്മേൽ കേറി നിന്നാൽ വാൽനക്ഷത്രം പായുന്നത് കാണാമത്രെ. പിന്നെ കണ്ണടച്ച് എന്ത് ആഗ്രഹിച്ചാലും കിട്ടും. ചേച്ചി കണ്ടിട്ടുണ്ട്. ഈത്തവണ എനിക്ക് കാട്ടിത്തരാമെന്ന് ഉറപ്പുപറഞ്ഞതാ. കുട്ടേട്ടന്റെ കൈയിലുള്ളപോലെ ഒരു സെറ്റ് കളർ പെൻസിൽ എനിക്കും സ്വന്തമാക്കണം.

 

വൈകിയിട്ടും ഞാൻ എത്ര കാത്തിരുന്നെന്നോ.. ചേച്ചി വന്നതേയില്ല. കഴിക്കാനും ഉറങ്ങാനും ഒന്നും കൂട്ടാക്കിയില്ല. വാശിപിടിച്ചു കരഞ്ഞിട്ടും ആരും  കേട്ടില്ല. പക്ഷെ എല്ലാരും കരയുന്നുണ്ടായിരുന്നു. അമ്മയും അപ്പൂപ്പനുമൊക്കെ. കാത്തുകാത്തു വന്നപ്പോളൊ.. ഞാൻ വിളിച്ചിട്ടൊന്നും മിണ്ടുന്നില്ല. ഉറക്കം തന്നെ. ഇനീപ്പോ ഉറക്കം നടിച്ചു പറ്റിച്ചതാണോ. അമ്മ പറയുന്നത് ചിറകുകൾ വച്ചു സ്വർഗത്തിലേക്ക് പറന്നുപോയെന്ന്. അവിടെ ചെന്നാൽ പിന്നെ വേദനകളേയില്ലാന്ന്. എപ്പോഴും സന്തോഷമാണെന്ന്. കളർപെൻസിൽ കിട്ടുമോന്നു ചോദിച്ചിട്ട് അമ്മ ഒന്നും പറഞ്ഞില്ല.

 

മാളുച്ചേച്ചിയെപ്പോലെ ആകണമെന്നായിരുന്നു അവളുടെയും ആഗ്രഹം. പാറിപ്പറന്ന മുടി മാടിയൊതുക്കി, കലങ്ങിയ കണ്ണുകളിൽ കരിയെഴുതി, കുപ്പിവളയിട്ട് കൈ പിടിക്കാൻ ആളില്ലാഞ്ഞിട്ടും ഉറച്ചകാൽവെയ്പോടെ അവൾ പുറത്തേയ്ക്കിറങ്ങി. മഴമേഘം വകഞ്ഞുമാറ്റി പ്രതീക്ഷയുടെ കിരണം വീണ്ടും ഒഴുകിയെത്തി.തുമ്പിയും തുമ്പയും പൊട്ടിചിരിച്ചുകൊണ്ടവളെ മാടിവിളിച്ചു. കുഞ്ഞികൈയിൽ കാറ്റാടിയുമായി അവൾ പാടവരമ്പിലൂടെ ഓടിനടന്നു. പ്രകൃതി അവൾക്കു കളിത്തട്ടൊരുക്കി, ഉണരാൻ വെളിച്ചവും ഉയരാൻ ചിറകുകളും നൽകി. അവിടെയും പക്ഷെ കാലം കാമവും കടാരയും ഏന്തിയ കൈകൾ ഒളുപ്പിച്ചു വച്ചിരുന്നു.

 

അമ്മേ..ആ കൈകൾ എന്റെ നേരെ ആണല്ലോ വരുന്നത്. വർണ്ണ പെൻസിലുകൾ തരാമെന്നു പറഞ്ഞിട്ട്. എനിക്ക് വേദനിക്കുന്നു. അമ്മയും കുട്ടേട്ടനും അപ്പൂപ്പനുമൊക്കെ എവിടെ. ആരെയും കാണാൻ പറ്റുന്നില്ലല്ലോ. പിന്നാമ്പുറത്തെ ഇരുട്ടുള്ള പൊട്ടകിണറിൽ കാൽതെറ്റി വീണോ.. താഴേക്കു താഴേക്ക് പോകുവാണോ. ഇല്ല... ദൂരത്തു വെളിച്ചം കാണുന്നുണ്ട്. എനിക്ക് കുഞ്ഞിച്ചിറകുകൾ മുളച്ചിരിക്കുന്നല്ലോ. പൊങ്ങിപ്പറക്കാൻ കഴിയുന്നു,  തൂമഞ്ഞുമേഘങ്ങൾക്കിടയിലൂടെ. അതാ ദൂരത്തു കാണാം, എന്റെ മാളുചേച്ചി...ചിറകുകൾ വിടർത്തി കൈകൾ നീട്ടി വിളിക്കുന്നു. അതെ..മാളുചേച്ചി പുഞ്ചിരിക്കുവാണ്. ഇനി ഞാനും പുഞ്ചിരിക്കട്ടെ, വേദനിക്കുന്നില്ല എനിക്കും.

 

ഇനിയാര്? എന്റെ മകളോ.. അതോ നിങ്ങളുടെയോ. ഇല്ല, ഇനിയിതനുവദിക്കാനാകില്ല. എന്റെ കുട്ടിയെ ഞാൻ കുരുതികൊടുക്കില്ല. ഇനിയും തിരിനാളങ്ങൾ തെളിയിക്കാൻ എനിക്ക് കഴിയില്ല. എന്റെ കുട്ടിയെ കൂട്ടിലിടാൻ കഴിയില്ല. അവളെ ഞാൻ തുറന്നു വിടുന്നു. അവൾ പറക്കട്ടെ..ഉയരങ്ങളിലേക്ക്. ഈ ആകാശവും ഭൂമിയും നക്ഷത്രങ്ങളും അവൾക്കും സ്വന്തമാകട്ടെ. തടുക്കുന്ന കൈകളാണ് വെട്ടിമാറ്റേണ്ടത്.ഈ വാക്കുകളാണ്, ഈ ശബ്‌ദമാണ് എന്റെ ആയുധം. ഈ മാറ്റൊലിയിൽ വിറക്കണം,  ഒടുങ്ങണം നരാധമന്മാർ. ഇതിൽ ഇനിയുമൊരായിരം നാവുകൾ ചേരുമെങ്കിൽ...