Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചിതയിലെരിഞ്ഞ സ്വപ്നം

ചിതയിലെരിഞ്ഞ സ്വപ്നം

ചിതയിലെരിഞ്ഞ സ്വപ്നം

മനോരോഗിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കയ്യിൽ ഇരിക്കുന്ന പത്രവാർത്തയിൽ ഞാൻ കണ്ട ഈ മുഖം.. എനിക്ക് നല്ല പരിചയം ഉണ്ട്. അതെ നാളുകൾക്കു മുൻപ് ഒരു ട്രെയിൻ യാത്രയിൽ ആണ് ഞാൻ ഈ മനുഷ്യനെ കണ്ടത്. അസ്ഥികുടം പോലെ മെലിഞ്ഞ ഒരാൾ.. പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അയാൾ ഞങ്ങളെ ഇടയ്ക്കിടെ നോക്കിയിരുന്നു. സിഗരറ്റ് എരിയുന്ന ചുണ്ടിൽ ചിലപ്പോയൊക്കെ പുഞ്ചിരി വിടരുന്നതു ഞാൻ ശ്രദ്ധിച്ചു. എന്റെ പ്രിയപ്പെട്ടവളെ അവളുടെ സ്റ്റേഷനിൽ ഇറക്കിയശേഷം ഞാൻ വീണ്ടും വന്നിരുന്നു.

 

"തന്റെ കാമുകി ആണോ അത്?".. അയാൾ എന്നോട് ചോദിച്ചു.. "ആഹ് അതെ അവൾ എന്റെ പെണ്ണാ"... ഞാൻ പറഞ്ഞു. അതിനു മറുപടി എന്നൊന്നും അയാൾ പൊട്ടിചിരിച്ചു.. എന്തെ?? ഞാൻ ചോദിച്ചു... ദേഷ്യം വന്നെങ്കിലും എന്തോ ഒരു കൗതുകം എനിക്ക്  തോന്നി..പ്രണയിച്ചു പരാജയപെട്ടവന്റെ ചിരി ആയിരുന്നു അത്. അയാൾ ഒരു ദീർഘനിഷ്വാസം എടുത്തു. പ്രാണന്നായി സ്നേഹിച്ചവളെ കൈവിട്ടു കളഞ്ഞിട്ടുണ്ടോ??.. അയാൾ തുടർന്നു.. ഞാൻ കളഞ്ഞിട്ടുണ്ട്.. ആറു മാസങ്ങൾക്കുമുന്നെ  അവളുടെ  കല്യാണം കഴിഞ്ഞു. 

വളരെ കുറഞ്ഞ നാളത്തെ പ്രണയം ആയിരുന്നു ഞങ്ങളുടെത്. എന്നാൽ മുൻജന്മങ്ങളിൽ എങ്ങോ കാണാൻ കൊതിച്ച മുഖം ആയിരുന്നു അത്. ജാതി, മതം ഇതൊക്കെ പ്രണയിക്കുന്ന നേരം ഒരു പ്രശ്നം അല്ലല്ലോ. സ്വന്തം പ്രാണനെക്കാലേറെ അവളെ സ്നേഹിച്ചു..അവൾ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നുട്ടൊ.. ഒരുമിച്ചു ഒരുപാട് സ്വപ്നങ്ങൾ കണ്ടു..ആരും അസൂയപ്പെടും വിധം അവളെ സ്നേഹിക്കണം  എന്നത് എന്റെ ഭ്രാന്തൻ  സ്വപ്നം ആയിരുന്നു. ഒരു പനിനീർ പൂവിനുപോലും ഇത്രയും സൗന്ദര്യം ഉണ്ടന്ന് ഞാൻ അറിഞ്ഞത്, അത് അവളുടെ കൈയിൽ ഇരുന്നപ്പോഴാണ്. ആകാശത്തെ നക്ഷത്രങ്ങളും, വർഷകാലത്ത് പെയ്ത മഴയും, കടലിലെ തിരമാലകളും, ചൂളം വിളിച്ചു പായുന്ന തീവണ്ടിയുമെല്ലാം ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു. 

 

കവിതകൾ ഒളിപ്പിച്ചുവച്ചേക്കുന്ന അവളുടെ ഉണ്ടകണ്ണുകളിൽ നോക്കിയിരികുമ്പോൾ അവൾ പറയുമായിരുന്നു.."ദേ ചെക്കാ കള്ള നോട്ടം വേണ്ടട്ടോ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്".. ഓ എന്നാപ്പിന്നെ ഇയ്യാളെ ഞാൻ നോക്കുന്നില്ല എന്ന് പറഞ്ഞു മാറിയാൽ എന്നെ  പിടിച്ചു മടിയിൽ കിടത്തി നെറ്റിൽ ചുണ്ടമർത്തി കാതിൽ പതിയെ പറയും.. "ഈ ജന്മത്തിൽ എന്നെ അല്ലാതെ വേറെ ആരേലും നോക്കിയാൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കുമെടാ പട്ടി.."

 

അയാൾ ഉറക്കെ ചിരിച്ചു.. നിരാശ നിറഞ്ഞുനിന്നിരുന്ന കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടു. "കുറുമ്പി ആയിരുന്നല്ലെ ആൾ" ഞാൻ ചോദിച്ചു... അതെ എന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി കുറുമ്പി ആയിരുന്നു.. അയാൾ തുടർന്നു. വഴക്കിടുബോൾ ആയിരുന്നു അവൾക് കൂടുതൽ ഭംഗി..എന്നും ഞാൻ അത് അനുഭവികുന്നതാ. ഒരു പൊട്ടി പെണ്ണ്. അങ്ങനെ ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ ആണ് ഇടുതീ  പോലെ അവൾടെ വീട്ടിൽ വേറെ കല്യാണലോചന വന്നത്. എല്ലാ കാമുകി കാമുകൻമാരെ പോലെ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും എല്ലാം വീട്ടിൽ പറയാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വർഷങ്ങൾക്ക്  മുന്നേ അനാർക്കലി സിനിമ  കണ്ട് കണ്ണ് നിറഞ്ഞ എന്റെ അമ്മ ഞാൻ ഒരു മുസ്ലിം പെൺകുട്ടിയും ആയി പ്രണയത്തിൽ ആണെന്ന് കേട്ടപ്പോൾ വീടിന്റെ വാതിൽ എനിക്ക് മുന്നിൽ അടച്ചു. സ്നേഹിച്ച പെണ്ണിനെ മറക്കാൻ പറ്റുന്നില്ല എന്ന് ഉള്ളു നൊന്ത് കരഞ്ഞു പറഞ്ഞിട്ടും സിനിമ കണ്ട് നിറഞ്ഞ കണ്ണുകളിൽ വെറുപ്പല്ലാതെ വേറെ ഒന്നും കണ്ടില്ല. പെറ്റമ്മ അല്ലേ പതുക്കെ എന്നെ മനസ്സിലാകും എന്ന് ഓർത്തു സമാധാനിച്ചു. ഉള്ള് വിങ്ങി ഇരിക്കുമ്പോൾ ആണ് അവളുടെ വിളി വന്നത്.. "ടാ വീട്ടിൽ സമ്മതിക്കുനില്ല.. എത്ര കരഞ്ഞു പറഞ്ഞിട്ടും പപ്പ അലിയുന്നില്ല".. 

"സാരമില്ല പതിയെ അവർ സമ്മതിക്കും"ഞാൻ അവളെ സമാധാനിപ്പിച്ചു. നൊന്തു പെറ്റ മകന്റെ കണ്ണീർ കണ്ടിട്ടാകും അമ്മ മനസില്ലാമനസോടെ സമ്മതം മൂളിയത്.

 

 

എന്നാൽ പെട്ടന്നുതന്നെ എല്ലാം ഞങ്ങളുടെ കൈ വിട്ടു പോയി..ഒരു അന്യ മതക്കാരനു  മകളെ വിവാഹം കഴിച്ചു കൊടുക്കാൻ അവളുടെ വീട്ടിൽ സമ്മതം അല്ലായിരുന്നു. ഒരിക്കലും അവളുടെ മതമോ വിശ്വാസമോ മാറ്റില്ല..എനിക്ക് തന്നാൽ പൊന്നു പോലെ നോക്കിക്കൊളാം എന്നൊക്ക കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല..നിറ കണ്ണുകളോടെ അവൾ എന്നെ കാണാൻ വന്നു. സുറുമ എഴുതിയ ഉണ്ട കണ്ണ് ഇന്നില്ല അവൾക്.. കരഞ്ഞു കലങ്ങിയ മിഴികൾ നൊമ്പരം മാത്രമേ ഉള്ളു.. ആശ്വാസവാക്കുകൾ ഒന്നും തന്നെ രണ്ടുപേർക്കും പറയാനില്ലായിരുന്നു. ഇടറിയ ശബ്ദത്തിൽ "പോട്ടെ ചെക്കാ"എന്ന് പറഞ്ഞു അവൾ ദൂരെക്ക് മഞ്ഞകന്നു. തിരികെ വിളിക്കാൻ എനിക്ക് തോന്നി.. എന്നാൽ അവളെ ഓർത്തു മാത്രം ജീവിക്കുന്ന അവളുടെ പപ്പയുടെ മുഖം എന്നെ അതിനു അനുവദിച്ചില്ല. 

എല്ലാം കൈ വിട്ടപ്പോൾ ഒരു ഭ്രാന്തനെ പോലെ ഞാൻ അലറി കരഞ്ഞു.. നെഞ്ച് പിടയുന്നപോലെ.. കണ്ണടക്കുബോഴും കണ്ണുതുറക്കുംബോഴും എല്ലാം ഒരു മുഖം മാത്രം.. അവളുടെ ഓർമകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു.

 

എല്ലാം മറക്കണം എന്ന് എല്ലാരും പറഞ്ഞു.. ചങ്കിൽ തറച്ചിരിക്കുന്നവളെ എങ്ങനെ മറക്കാൻ ആണ്. ഒറ്റക്കിരിക്കുബോൾ  ഉള്ളിൽ ഒരു പിടച്ചില്ലാ.. ജീവന്റെ പാതിയാണ് അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഓടി മറഞ്ഞത്. കരയാതെ ഒരു ദിവസം പോലും ഇല്ലായിരുന്നു എനിക്ക്.. അത്രമേൽ ആഴത്തിൽ സ്നേഹിച്ചത്കൊണ്ടാകും ഓരോ നിമിഷവും ഉരുകി തീരുന്നതു പോലെ തോന്നി. മദ്യത്തിനും മയക്കു മരുന്നിന്നും അടിമപ്പെട്ടിട്ടും അവൾ തന്നെ ഓർമകൾ എന്നെ വിട്ടുപോയില്ല. അവൾ എനിക്ക് സമ്മാനിച്ച ചുംബനങ്ങൾ എല്ലാം എനിക്ക് പൊള്ളുന്നപോലെ തോന്നി. ഒരു പെണ്ണാണോ നിനക്ക് ജീവിതത്തിൽ വലുത് എന്ന് എല്ലാരും ചോദിച്ചു.. "തനിക്കും എന്നോട് ഇങ്ങനെ ചോദിക്കാൻ തോനുന്നുടോ??"..അയാൾ നിറകണ്ണുകളോടെ എന്നോട് ചോദിച്ചു.. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. മറക്കാൻ പറ്റുന്നില്ലടോ എനിക്ക്.. അയാൾ എന്റെ മുന്നിൽ ഇരുന്നു പൊട്ടിക്കരഞ്ഞു...എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ചുടെ?.. ഞാൻ ചോദിച്ചു.. "മം.. എല്ലാത്തിനും ഒരു പരിഹാരം കാണണം.. രക്ഷപെടണം".. അയാൾ പറഞ്ഞു. കാലിൽ എന്താ?..ഞാൻ ചോദിച്ചു. വലത്തെ കാലിലെ വൃണം ഞാൻ അപ്പോഴാണ് കണ്ടത്. കുറച്ചുനാൾ ചങ്ങലക്കിട്ടതിന്റെ പാട.. അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..പ്രണയിച്ചു പരാജയപെട്ടപ്പോൾ മനസ്സിന്റെ സമനില തെറ്റി.. ഇരുന്നു പിച്ചും പേയും പറയാൻ തുടങ്ങിയപ്പോൾ വീടിന്റെ ഉമ്മറത്തു വന്നിരുന്നു ലക്ഷണക്കേട് ഉണ്ടാക്കണ്ട എന്ന് തോന്നിയിട്ടാകും അവർ എന്നെ മുറിയിൽ കെട്ടിയിട്ടെ. അയാൾ  ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ പുറത്തേക്കു നോക്കി.. ആ കഴക്കൂട്ടം ആയി..ഞാൻ ഇറങ്ങുവാ..ഞാൻ അയാളോട് പറഞ്ഞു. അയാൾ തലയാട്ടി. ബാഗ് എടുത്തു ഞാൻ ഇറങ്ങാൻ നേരം അയാളോട്  ചോദിച്ചു.."ആ കുട്ടിടെ പേരെന്താ?.. . അതു പറഞ്ഞില്ലല്ലോ?"...ഒരു "മാക്കാച്ചി" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ  വെറുതെ തലയട്ടികൊണ്ട് ഇറങ്ങി പോന്നു. പാവം മനുഷ്യൻ, ഒരുപാട് സ്നേഹിച്ചുകാണും ആ പെണ്ണിനെ എനിക്ക് എന്തോ സഹതാപം തോന്നി. കുറെ നാൾ ആ മുഖം എന്റെ ഓർമകൾ നിന്നു. അതിനു ശേഷം ഞാനും അയാളെ കാണുന്നത് ഈ പത്ര വാർത്തയിലാണ്. എന്തിനോ എന്റെ കണ്ണുകളിൽ കണ്ണീർ വന്നു. അയാളുടെ മുഖം ഓർത്തെടുകാൻ ഞാൻ ശ്രമിച്ചു..എന്റെ കൈയിൽ ഇരുന്ന പത്ര കടലാസ് ആരോ എറിഞ്ഞുടച്ച പഴയ കണ്ണാടിയാണ് എന്ന് തിരിച്ചറിയും വരെ.

 

 

എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.. കാലിൽ കിടന്ന ചങ്ങല വലിച്ചു പൊട്ടിച്ചു ഞാൻ വെളിയിലേക്കോടി.. ഉമ്മറതിണ്ണയിൽ കരഞ്ഞു തളർന്നു കിടക്കുന്ന പെറ്റമ്മയുടെ കണ്ണീർ തുടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അ കൊച്ചു കൂരയുടെ തെക്കേതൊടിയിൽ  ഒരു ചിത എറിഞ്ഞുതീരുന്നുണ്ടായിരുന്നു.. വിറക്കുന്ന കാലുകൾ ആയി ഞാൻ ചിതക്കരികിലേക്കുചെന്നു. കെട്ടൊടുങ്ങിയ  ചിതക്കരികിൽ എന്റെ "മാക്കാച്ചിയെ" ഞാൻ കണ്ടു..

 

"ജീവിക്കാൻ മടിയായിരുന്നോ നിനക്ക്.. അതോ ജീവിക്കാൻ മറന്നുപോയോ??" അവൾ ചോദിച്ചു.. "മടിയല്ല പെണ്ണേ, മറന്നതാകും"..പ്രാണൻ നൽകിയവരോടും  പ്രാണനായവളോടും ക്ഷമ ചോദിച്ചുക്കൊണ്ട് അവിടന്നു വിടവാങ്ങിയപ്പോൾ ഒരു ചെറുപുഞ്ചിരിയുമായി അയാൾ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.