Skip to main content
Srishti-2022   >>  Short Story - Malayalam   >>  കൊഴിഞ്ഞു വീണ പൂക്കൾ

Rita Maria Abraham

TataElxsi

കൊഴിഞ്ഞു വീണ പൂക്കൾ

കൊഴിഞ്ഞു വീണ പൂക്കൾ

പ്രിയപ്പെട്ട ജോ,

നമ്മൾ തമ്മിൽ ഒരു മുഖവുരയുടെ ആവശ്യമുണ്ടോ?  ഇങ്ങനെ ഒരു കത്ത് എഴുതാൻ പോലും കഴിയാത്തവിധം മനസ് അസ്വസ്ഥമായിരുന്നു.  എല്ലാം ഒന്നു കലങ്ങിതെളിയണമെന്ന് കരുതി കാത്തിരുന്നതാണ്.  മൂന്നു വർഷത്തെ മൗനവ്രതം ഞാൻ തന്നെ അവസാനിപ്പിക്കുകയാണ് ജോ.

നിന്നെ പരിചയപ്പെട്ടത് മുതൽ നമ്മൾ അവസാനം കണ്ടത് വരെയും  ഞാൻ തന്നെയാണ് പിണക്കം മാറ്റാൻ മുൻകൈ എടുത്തത്, അല്ലെന്നു പറയാൻ നിനക്ക് കഴിയുമോ?  ആദ്യമായിട്ടാണ് ഇത്രെയും ഒരു ഇടവേള..

എന്താണ് നമുക്കിടയിൽ സംഭവിച്ചത് ജോ.. പരസ്പരമെല്ലാം  പറയാതെ അറിഞ്ഞ നമ്മുടെ സൗഹൃദത്തിൽ പ്രണയത്തിന്റെ ചുവപ്പ് മഷി വീണത് എപ്പോഴാണ്.. എന്നും ജയിച്ചു മാത്രം ശീലമുള്ള നമ്മുടെ സൗഹൃദം തോറ്റു തുടങ്ങിയത് എപ്പോഴാണ്.. അസ്തമയസൂര്യന്റെ കടുംചുവപ്പിൽ സ്വയം മറന്ന് നിന്ന എന്റെ ഹൃദയത്തിൽ നീ എന്തിനാണ് ജോ നിന്റെ പ്രണയം കോറിയിട്ടത്..

ചോരവാർന്നു തുടങ്ങിയ ആ  മുറിവിന്റെ മരുന്ന് നിന്റെ പ്രണയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞുതുടങ്ങിയപ്പോൾ തന്നെ നിന്നിലേക്ക്‌ ഓടിയെത്താൻ കൊതിച്ചതാണ്.. തടസങ്ങൾ ഓരോന്നും സ്വയം നീക്കി നിന്റെയും എന്റെയും പ്രണയത്തിന്റെ കടലിൽ ഒന്നിച്ചു മുങ്ങിനിവരാൻ ഞാൻ ഓടിയെത്തിയപ്പോഴേക്കും എനിക്ക് സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിരുന്നു..

അതെ ജോ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നു.. നീ എന്നോട് മനസ് തുറക്കുന്നതിനും ഒരുപാട് മുമ്പ് തൊട്ട്.. നിന്നോളം പ്രിയപ്പെട്ട എന്റെ പപ്പയെകൂടി എന്റെ ഇഷ്ടം മനസിലാക്കി എടുക്കാൻ എനിക്ക് സമയം വേണമായിരുന്നു.. നീ എന്നോട് പ്രണയം തുറന്നു പറഞ്ഞിരുന്നിലെങ്കിൽ കൂടിയും ഞാൻ അതു പറഞ്ഞിരുന്നേനെ..

എന്റെ പുറകെ നടന്നു മനസ് മടുത്തിട്ടാണോ നീ അഭിയെ സ്നേഹിച്ചു തുടങ്ങിയത്.. തെറ്റ് എന്റെ ഭാഗത്തു മാത്രമാണ് ജോ.. എന്റെ കണ്ണിൽ തെളിയുന്ന, നിന്നോടുള്ള എന്റെ പ്രണയത്തിന്റെ ആഴകടൽ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ നിന്റെ വേദന ഞാൻ കണ്ടില്ലെന്ന് നടിച്ചു..  നീ എന്നെ വേണ്ടെന്ന് പറഞ്ഞ അന്ന്  എല്ലാവരിലും നിന്ന്  ഒളിച്ചോടിയതാണ്.. എന്തിന് എന്നെ വേദനിപ്പിച്ചു എന്ന് ചോദിക്കാൻ അവകാശമില്ലെന്നു തോന്നി.. നിന്റെ മനസ് വായിക്കാൻ കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾക്കു കഴിയുമായിരുന്നില്ല..  എന്നെ സ്നേഹിക്കുന്നു എന്ന് എനിക്കു ഉറച്ച ബോധ്യമുണ്ടായിരുന്ന രണ്ടേ രണ്ടു വ്യക്തികളെ ഈ ലോകത്തു ഉണ്ടായിരുന്നുള്ളൂ ജോ.. അതിൽ ഒരാൾ എന്റെ പപ്പായും മറ്റേത്....

നിന്നെ എന്നിൽ നിന്നും പൂർണമായി പിഴുതെറിയാൻ കഴിയില്ല.. ഒരിക്കലും.. മറ്റൊരാളുടെ സ്വന്തമാണെന്ന്  സ്വയം പഠിപ്പിച്ചു, പരാജയമായിരുന്നു ഫലം. കാലം കുറെയായില്ലേ, തോൽവി എനിക്കു ശീലമായി.. വാടി കൊഴിഞ്ഞു വീണ ആദ്യപ്രണയത്തിന്റെ പൂക്കൾ എന്റെ ഹൃദയത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.. നാളെ എന്റെ വിവാഹമാണ് ജോ.. വരൻ കഴിഞ്ഞ മൂന്നു വർഷവും എനിക്കു താങ്ങായി നിന്ന സൈക്കാട്രിസ്റ് ഡോക്ടർ അരുൺ ശിവദാസ്. കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു നിശ്ചയം. അഭിയോട് നീ തന്നെ പറഞ്ഞാൽ മതി.. എന്തുകൊണ്ടോ നിന്റെ കാര്യങ്ങൾ അഭിയോട് ചോദിക്കാൻ മടിയായിരുന്നു.. അഭി പറഞ്ഞ് നിങ്ങളുടെ മകളുടെ കാര്യങ്ങൾ അറിഞ്ഞിരുന്നു.. എന്താ നീ അവളെ  'മഴ' എന്ന് വിളിക്കാത്തത്.. നിനക്ക് ഒരുപാട് ഇഷ്ടമായിരുന്നില്ലേ ആ പേര്.. അഭിയോട് പറയാമായിരുന്നില്ലേ നിന്റെ ഇഷ്ടം.. ഒന്നും മനസ്സിൽ സൂക്ഷിക്കാത്തതാണ് നല്ലത് ജോ.. മനസ്സിൽ സൂക്ഷിക്കുന്ന ഓർമ്മകൾ വെറുതെ മുറിവേല്പിക്കും.. ഞാൻ എന്റെ മോളെ മഴ എന്ന് വിളിച്ചോളാം.. എന്റെ ഈ കത്ത് വായിച്ചു നിനക്ക് ചിരി വരുന്നുണ്ടാകും അല്ലെ.. എന്റെ എഴുത്തിനെ പണ്ടും നീ ചിരിയിലൂടെ അല്ലേ വിമർശിച്ചിരുന്നത്‌.. പഴയ പ്രിയ ആകാൻ ഞാൻ ശ്രമിക്കുന്നുണ്ട് ജോ.. പ്രിയംവദ ദേവ്,  ജോൺ ഇമ്മാനുവേലിനു ഉള്ളതെന്ന് ഒരുകാലത്തു മനസിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു.. അത് തിരുത്താൻ ഇന്ന് എന്റെ കൈയിൽ അലിഞ്ഞു ചേർന്ന മൈലാഞ്ചിചുവപ്പ് മതിയാകുമോ എന്ന് നിശ്ചയമില്ല..

മറുപടി പ്രതീക്ഷിക്കുന്നില്ല.. എങ്കിലും ഈ ചോദ്യം നിന്നോട്  ചോദിക്കാൻ ഒരു  ആഗ്രഹം..

എന്നെ ഒരിക്കലും പ്രണയിച്ചിരുന്നില്ലേ ജോ.. നിന്റെ കണ്ണിലെ തിളക്കം അത് എനിക്കു മാത്രമുള്ളതെന്ന് ഞാൻ തെറ്റിദ്ധരിച്ചതോ..

നീ ഉത്തരം തരേണ്ട ജോ.. നിന്റെ മനസ് വായിക്കാൻ എനിക്കു ഇപ്പോഴും കഴിയും.. എന്നോളും നിന്നെ മനസിലാക്കാൻ വേറെ ആർക്കു കഴിയും ജോ.. ചില ചോദ്യങ്ങൾക്കു ഉത്തരമുണ്ടാവില്ല.. എന്റെ ജീവിതത്തിലെ ഉത്തരമില്ലാത്ത ചോദ്യമായി ജോൺ ഇമ്മാനുവേൽ ഉണ്ടാകും.. മറ്റാർക്കും ഇടമില്ലാത്ത എന്റെ ഹൃദയത്തിന്റെ ആ കോണിൽ..കുറിച്ച അക്ഷരങ്ങൾക്ക്  ഒന്നും നിനക്ക് ഞാൻ നിഷേധിച്ച  പ്രണയം തരാൻ കഴിയില്ല..എന്റെ ഹൃദയം ഞാൻ കുറിച്ചില്ലെങ്കിൽ നീ കോറിയിട്ട ആ മുറിവിൽ നിന്നും ചോരവാർന്നു ഞാൻ  ഇല്ലാതെയാകും ജോ..

                                  എന്ന് സ്വന്തം,

                                        പ്രിയ


അഭി ഒരു നെടുവീർപ്പോടെ അവന്റെ തോളിലേക്ക് ചാഞ്ഞു.. "ജോച്ചാ.. നമ്മുടെ പ്രിയ.. അവൾ..അവളെന്നെ ശപിക്കുണ്ടാകും..അല്ലെ ജോച്ചാ".  അവൻ അഭിയെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.  "അവളുടെ നന്മക്കു വേണ്ടിയല്ലേ എല്ലാം നമ്മൾ ചെയ്തത്.. അങ്ങനെ വിചാരിക്കൂ.. അവനു വേണ്ടി..എന്റെ കൂടപ്പിറപ്പിന്  വേണ്ടി ഇതെങ്കിലും ഞാൻ ചെയ്യേണ്ടിയിരുന്നില്ലേ"


ഒരു വയസ്സ്കാരി ഇസബെൽ  ബേബി ബെഡിൽ കിടന്നിരുന്നു.. തുറന്നു കിടന്ന വാതിലിലൂടെ എത്തിയ  ഇളംകാറ്റിൽ അന്നത്തെ പത്രത്താളുകൾ പാറിനടന്നു.  ഒരു ചെറിയ കോളത്തിൽ ഇങ്ങനെ എഴുതിയിരുന്നു..

 

“പ്രിയമുള്ളൊരു ഓർമയായി കർത്താവിന്റെ സന്നിധിയിൽ ഇന്ന് രണ്ടു വയസ്സ്"

ജോൺ ഇമ്മാനുവേൽ (24)
ജനനം: 5 ജൂൺ 1993
മരണം: 31 ഓഗസ്റ്റ്  2017

എന്ന് സന്തപ്ത കുടുംബം,
ജോസഫ് ഇമ്മാനുവേൽ, അഭിരാമി ശ്രീകുമാർ & ഇസബെൽ ജോസഫ് ഇമ്മാനുവേൽ