Skip to main content
Srishti-2022   >>  Short Story - Malayalam   >>  കാത്തിരിപ്പ്

Amal Jose

UST Global

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരു മിന്നലും ഒരു പുകയും മാത്രമേ ഉള്ളു.

ചത്തു...

അച്ചിമാരുടെ മൂട്ടിൽ മണപ്പിച്ചു കിടന്നുറങ്ങുന്ന ആൺമക്കളും, വിഷുവിന്റെ അന്ന് പടക്കം പൊട്ടുമ്പഴും കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യയും ഒന്നും, എന്റെ വെടി തീർന്നതറിഞ്ഞില്ല. ഒരല്പം റീലീജിയസ് ആയി പറഞ്ഞാൽ

"ദേഹി ദേഹം വിട്ടു കണ്ടം വഴി ഓടി"

 

രാവിലെ കടും കാപ്പി കിട്ടാഞ്ഞിട്ടാണോ എന്തോ അവൾ എന്നെ വിളിച്ചെണീപ്പിക്കാൻ നോക്കി. അടി നാഭിക്കിട്ടു ഒരു തൊഴി കൊണ്ടിട്ടും അനങ്ങാഞ്ഞപ്പോൾ മക്കൾ വന്നു. രാത്രി പന്ത്രണ്ടിനു മരിച്ച തന്നെ രാവിലെ 8 നു ആശുപത്രിയിൽ കൊണ്ടു പോകുന്നത് കണ്ടു ഞാൻ ചിരിച്ചു...

 

ചിരിച്ചു..ചിരിച്ചു..ചിരിച്ചു..അയ്യോ.

 

ഞാൻ എന്നു പറഞ്ഞാൽ ആത്മാവ്. നേരെ പറഞ്ഞാൽ കല്ലേക്കുഴി സക്കറിയ മരിച്ചപ്പോൾ പുറത്തു വന്ന ആത്മാവ്. ഇയാള് ചത്തത് മുതൽ പുറത്തു

 

ഇരിക്കുകയാണ്. മാലാഖമാർ വന്നു കൂട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞിട്ടു ഒന്നിനെയും കാണുന്നില്ല. ബോഡി വീട്ടിൽ വെച്ചിട്ട് സകല എരപ്പകളും വന്നു കാണുന്ന സമയം ആണ്. ഈ ഷോ കാണാൻ വയ്യ.ഇവിടെ ആണോ എല്ലാം?

 

ക്രിസ്ത്യൻ ദൈവ പ്രതിപുരുഷന്മാർക്കു പണ്ട് തൊട്ടേ ഉള്ളതാണ് ഈ ജാഡ. ഉണ്ണിയേശുവിനെ കൊല്ലാൻ ആള് വരുമ്പോൾ വരെ അവസാന സെക്കൻഡിൽ ആണ് മാലാഖ ജോസഫിന് വിവരം കൊടുക്കുന്നത്. ജെസ്റ്റിക്കാണ് അന്ന് അവര് രക്ഷപെട്ടത്. കാലനെ ഒക്കെ കാണണം, ഇന്നലെ തന്നെ വന്നു പുള്ളിയുടെ കാറ്റഗറി ആണോന്നു ചോദിച്ചു പോയി. ഈ കാത്തിരിപ്പു മിഡിൽ ക്ലാസ് പയ്യൻമാർ ലഡാക്കിന് ട്രിപ്പ് പ്ലാൻ ചെയ്തത് പോലെ ആവും എന്നു തോന്നുന്നു(പോക്ക് നടക്കില്ല). എന്തായാലും ചുമ്മാ ഇരിക്കുവല്ലേ അടക്കു കണ്ടു കളയാം.

 

1979 ഇൽ ഇടവകപ്പള്ളിയിൽ വെച്ചു ഏറ്റുവാങ്ങിയ ട്രോഫി ആണ് അവിടെ ഇരുന്നു കരയുന്നത്. ഈ താടകയെ കെട്ടാൻ അമ്മച്ചിക്കാർന്നു നിർബന്ധം. എന്തിനു  വേണ്ടി, കെട്ടി 8 ആം പക്കം തള്ളയെ അവള് ചവിട്ടി വെളിയിൽ ചാടിച്ചു.

 

സ്വതസിദ്ധമായ ശൈലിയിൽ അമ്മായിയമ്മ പോരു ഇറക്കാൻ പുളിങ്കറിക്കു ഉപ്പു കുറവാണെന്നു പറഞ്ഞ തള്ളയുടെ തലയിൽ കടകോലു കൊണ്ട് ഒരു അടിയായിരുന്നു. ഉടുത്തിരുന്ന ഒറ്റ മുണ്ടിന്റെ കൊന്തലയിൽ പിടിച്ചു കുതിര ചാടിക്കുന്നത് പോലെ രണ്ടു ചാടിക്കലും. അന്ന് മിസ്സിങ് ആയ മൂപ്പത്തി പിന്നെ മകളുടെ വീട്ടിൽ ആരുന്നു.

 

"തള്ളയുടെ മൂട്ടിൽ ഒരു പന്നിപ്പടക്കം കൂടി വെച്ചു വിടേണ്ടതാരുന്നു"എന്ന ഡയലോഗ് കൂടി കേട്ടപ്പോഴേക്കും ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

"എന്റെ ജീവിതം...അതു വെള്ളത്തിൽ വിട്ട വളി പോലെ ആയി"

 

എന്റെ വിവാഹ ശേഷം ...കുരിശിൽ കിടക്കുന്ന കർത്താവ് പലപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്. സഹതാപം കൊണ്ടാവണം.

 

ഇതൊക്കെ കഴിഞ്ഞു ചത്തു കിടക്കുന്ന എന്റെ ചോട്ടിൽ ഇരുന്നുള്ള കഴുവേർടെ മോളുടെ കരച്ചില് കാണുമ്പഴാ..

 

"കാണുമ്പോ"

 

"കാണുമ്പോ ഒന്നും ഇല്ല"

 

അവളുടെ അടുത്തു ദേഷ്യം ഒക്കെ വിലപ്പോവുമോ.

 

മൂത്ത സൽപുത്രൻ അവിടെ നിൽപ്പുണ്ട്.  ഇത്ര ഗൗരവം കാണിക്കാൻ ഇവൻ എന്താ..ആധാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നോ. ജനിച്ച അന്ന് തൊട്ടു നാറി എനിക്ക് നാണക്കേട് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.

 

കഞ്ഞിയും ചുട്ട പപ്പടവും മാത്രം കഴിച്ചു മുണ്ടു മുറുക്കി ഉടുത്തിട്ടാണ്  അവനെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടത്. എന്നിട്ടു അവൻ 12 കഴിഞ്ഞപ്പോൾ ഏതോ അന്യജാതിക്കാരിയെ ഇഷ്ടം ആണെന്നു പറഞ്ഞു വന്നു. നഖശിഖാന്തം എതിർത്ത എന്നെ പട്ടിയാക്കി തള്ളയുടെ അനുഗ്രഹത്തോടെ 21 ആം ജന്മദിനത്തിൽ കെട്ടി വീട്ടിൽ കൊണ്ടുവന്നു.ഇപ്പോൾ ഞാൻ അതിനും ചിലവിനു കൊടുക്കുന്നു.

 

രണ്ടാമത്തവൻ എവിടെ ആണോ? 

 

അച്ഛന്റെ മരണത്തിലെ ദുഃഖ ഏലമെന്റ് ആസ്വദിക്കാൻ രണ്ടെണ്ണം അടിക്കുവാരിക്കും

 

"അതേ അടുത്ത വീട്ടിൽ ഇരുന്നു മക്കുണൻ സെലിബ്രേഷൻ റം പ്ലാഞ്ചി പ്ലാഞ്ചി അടിക്കുന്നു.

 

"സ്നേഹിച്ചു തീരും മുൻപേ എന്റെ അച്ഛൻ പോയല്ലോ"സൽപുത്രൻ പൊട്ടിക്കരയുന്നു.

 

2006 ഇൽ പത്തിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി  അവൻ എന്റെ  താടക്കു തട്ടുന്നത്. അന്ന് തൊട്ടു ഉപദേശവും ശിക്ഷണവും ഞാൻ നിർത്തി. എന്തിനു  വേണ്ടി , നാട്ടിലെ നല്ല ഒരു തല്ലു കൊള്ളി ആയി അവൻ വളർന്നിരിക്കുന്നു.

 

കഴിഞ്ഞയാഴ്ച ആണ് അവസാനമായി വീതം ചോദിച്ചു കുത്തിന് പിടിച്ചത്.മക്കളുടെ ഓരോരോ കാര്യങ്ങളെ

 

അടക്കിന്‌ ആള് വരുന്നുണ്ട്. മലബാറിലെ പഴയ സുഹൃത്ത് അവിര വന്നു.അവന്റെ ഒപ്പം ആണ് ആദ്യമായി  താമരശ്ശേരിക്കു വണ്ടി കയറുന്നത്. നാട്ടിലും മലബാറിലും ആയി പത്തമ്പതേക്കർ സ്ഥലം ഉണ്ട്. പക്ഷെ കുടുംബം അതുണ്ടാക്കാൻ എനിക്ക് കഴിഞ്ഞോ?

 

മുകളിൽ പറഞ്ഞ കഥകൾ ഒക്കെ കേട്ടു കഴിയുമ്പോൾ നിങ്ങൾ പറയും ..ഇല്ല എനിക്ക് നല്ല കുടുംബം ഇല്ല എന്നു. പക്ഷെ അങ്ങനെ അല്ല

 

"ഇപ്പൊ എന്റെ ബോഡീടെ അടുത്തേക്ക് നോക്ക്.."

 

ആ കയറി വരുന്നതാണ്, ശോഭനയും മകൾ ശ്രീവിധ്യയും. കൂടെ എന്റെ വക്കീലും ഉണ്ട്. ശോഭയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.. പാവം.

 

അവൾ ഓടി എന്റെ ശവശരീരത്തിന് അടുത്തെത്തി പൊട്ടിക്കരഞ്ഞു.എന്നെ കെട്ടി പിടിച്ചു ആർത്തലച്ചുള്ള കരച്ചിൽ ആയിരുന്നു..ഇതു കേട്ടു നാട്ടിലെ ഭാര്യ ഞെട്ടിത്തരിച്ചു..ചുറ്റും നിന്നിരുന്ന മനുഷ്യരും, പ്രാർത്ഥിച്ചോണ്ടിരുന്ന കന്യസ്ത്രീകളും എല്ലാം പരസ്പരം നോക്കാൻ തുടങ്ങി. 

 

പണ്ട്..നാട്ടിലെ അഞ്ചേക്കറിൽ നിന്നു ഒരു പൂച്ചാക്കയും കിട്ടാതിരുന്ന കാലത്താണ് ആവിരച്ഛന്റെ കൂടെ മലബാറിനു വണ്ടി കേറുന്നത്. അച്ചാറു ചോദിച്ചാൽ അന്ന നാളത്തിനിട്ടു  തൊഴി ക്കുന്ന പെണ്ണുംപിള്ളായിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു ഹൈ ലൈറ്

 

താമരശ്ശേരിയിൽ ബസ് ഇറങ്ങി അവിരായടെ കൂടെ മല കയറുമ്പോൾ ഞാൻ ആലോചിച്ചില്ല ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്നിടത്തേക്കാണ്  എത്തിപ്പെടാൻ പോകുന്നത് എന്നു. അകിലും ആഞ്ഞിലിയും ഒക്കെ വെട്ടി നിരത്തി ഏലവും കുരുമുളകും ഒക്കെ കാച്ചിയപ്പോഴേക്കും കുറച്ചു വർഷങ്ങൾ കഴിഞ്ഞിരുന്നു.

 

മക്കള് പഠിക്കുന്നത് കൊണ്ട് കുടുംബം നാട്ടിൽ തന്നെ, ഞാൻ ഭൂരിഭാഗവും മലബാറിലും.ഏലക്ക എടുക്കാൻ വന്ന ശോഭനയെ എങ്ങനെ കണ്ടില്ലെന്നു നടിക്കും.ഞാൻ ഒന്ന് മനസ്സിരുത്തി കണ്ടു, കേട്ടു.കൊച്ചൊന്നുണ്ടായി.

സത്യങ്ങൾ ഒന്നും മറച്ചു വെച്ചിരുന്നില്ല.അവൾക്കും ഒരു കഥ ഉണ്ടായിരുന്നു.മദ്രാസ് ലെ പഠനം കഴിഞ്ഞു നാടുഭരിക്കാൻ പാർട്ടി സമരം നയിക്കാൻ വന്നു.കുട്ടി തീപ്പൊരി സഖാവിന്റെ മുദ്രാവാക്യത്തിൽ വീണു പോയി.സംഗതി കാര്യത്തോട് അടുത്തപ്പോൾ സഖാവ് മാടമ്പി ആയി, പെണ്ണ് പെഴയും. 

 

പക്ഷെ എനിക്ക് കാര്യങ്ങൾ ബോണസായിരുന്നു. നാലാം ക്ലാസും ഗുസ്തിയും ആയി വിദ്യാലയം വിട്ട ഞാൻ, പക്ഷെ നല്ല ഇളവൻ കള്ളു കുടിച്ചു അവളുടെ മടിയിൽ കിടന്നു സോനെറ്റുകൾ കേൾക്കാൻ തുടങ്ങി. വിശ്വ വിഖ്യാതമായ കാവ്യം, പ്രണയം..ഒക്കെ ഞാൻ അനുഭവിച്ചു. സന്തോഷം ഇരട്ടിയാക്കി മകളും. മലബാറിലെ കാര്യങ്ങൾ ഒതുക്കിയപ്പോൾ അവിടെ അവർക്കൊരു വലിയ വീട് വെച്ചു കൊടുത്തു നാട്ടിലേക്ക് മടങ്ങി.പിന്നെ മാസത്തിൽ രണ്ടു തവണ യാത്ര.The so called escape  to love.

 

വീതം ചോദിച്ചു മകൻ കുത്തിന് പിടിച്ചതിനു പിറ്റേന്ന് ഞാൻ വക്കീലിനെയും കൂട്ടി താമരശ്ശേരി പിടിച്ചു, എന്നിട്ടൊരു വിൽപത്രം അങ്ങു പെടച്ചു.മലബാറിലേതു  മുഴുവൻ ശോഭനയ്ക്കും മകൾക്കും.നാട്ടിലെത്തു താടകയ്ക്കും മക്കൾക്കും.

 

ശവത്തിന് അടുത്തുള്ള കരച്ചിലുകൾ വലിയ സംഘർഷം ആയി മാറി.ആദ്യമായി എന്റെ നാട്ടിലെ ഭാര്യ എനിക്ക് വേണ്ടി ഒച്ച ഉണ്ടാക്കുന്നു.ശോഭനയുടെ മുടിക്കെട്ടിൽ പിടിച്ചു അവള് തള്ളി. വക്കീൽ ഇടപെട്ടു.

 

തൃത്താപ്പൊരി പോങ്ങൻ എന്നു അവര് കരുതിയ അവരുടെ തന്ത ഒരു ജഗജാല കില്ലാടി ആണെന്ന് അറിഞ്ഞപ്പോൾ എന്റെ  ഭാര്യയുടെ ബോധം പോയി.നാട്ടുകാര് അന്താളിച്ചു നിന്നു പോയി.ചിലര് കൂവി..ഒരു മനസുഖം.കന്യാസ്ത്രീമാര് സ്ഥലം വിട്ടു.മക്കള് രണ്ടും ഇടി വെട്ടിയ തെങ്ങു പോലെ നിന്ന് പോയി.

 

പക്ഷെ കാര്യങ്ങൾ കൈ വിട്ട പോലെ  ആണ് ഇപ്പോ.സഭാ നിയമങ്ങൾക്ക് എതിരെ ജീവിച്ച എന്നെ പള്ളിപ്പറമ്പിൽ അടക്കില്ല എന്നു വികാരി പറഞ്ഞു. ശോഭന അങ്ങേരുടെ കാലിൽ വീണു കരഞ്ഞു..ഒന്നും നടന്നില്ല.കുറച്ചു കഴിഞ്ഞു മകൻ കുറെ പണവും ആയി പള്ളി മേടയി ൽ എത്തി. പാരീഷ് ഹാളിന്റെ സംഭാവന ആയി 5 ലക്ഷം കൊടുക്കാം അത്രേ. വികാരി ആലോചനാ നിമഗ്നനായി. ഇത്തവണ എന്തു സംഭവിക്കും എന്നു ഞാൻ ആകാംഷയോടെ നോക്കി. പെട്ടന്ന് അതാ മുന്നിൽ മാലാഖ. 

 

നല്ല ചിറകൊക്കെ ആയിട്ടു, കുറു നിര ഒക്കെ ഉള്ള ഒരു സുന്ദരി കൊച്ചു

 

"അടക്കു നടക്കുവോ എന്നറിഞ്ഞിട്ടു പോയാൽ പോരെ"

 

"അറിയേണ്ടതൊക്കെ അറിഞ്ഞു...അതാണ് ഞാൻ താമസിച്ചു വന്നത്..ഇനി സമയം ആയി"

 

ഒകെ..മതിയെങ്കിൽ മതി.

 

മാലാഖയുടെ ഒപ്പം പറന്നുയർന്നു.മേഖരാജികൾക്കു ഇടയിലൂടെ അങ്ങനെ പറന്നു പറന്നു സഹാറ കടന്ന്, ഗൾഫ്‌ കടന്ന് ജോർദാൻ ന്റെ മറു കരയിലേക്ക് ഞങ്ങൾ പറന്നു പോയി