Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഓറഞ്ച് മനുഷ്യർ

Jithin Saseendran

Tata Elxsi

ഓറഞ്ച് മനുഷ്യർ

ഓറഞ്ച് മനുഷ്യർ

അകലങ്ങളിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നു അയാൾ. പ്രത്യേകിച്ചൊന്നും ചിന്തകളില്ല. പക്ഷേ കണ്ണ് വല്ലാതെ ഈറനണഞ്ഞിരുന്നു. താൻ വളർന്നു വന്ന ജീവിത സാഹചര്യങ്ങളായിരിക്കാം അയാളെ വിഷാദമൂകനാക്കിയിരുന്നത്. ശ്വാസോച്ഛ്വാസം മന്ദഗതിയിലാണ്. മനസ്സിലേക്ക് പോയ് മറഞ്ഞ കാര്യങ്ങൾ ഓരോന്നായി കടന്നു വരാൻ തുടങ്ങി.

അതിന്റെ പാരമ്യതയിൽ ഒന്നു ഞെട്ടിയപ്പോൾ അയാൾക്ക് താൻ വലിയൊരു കൂട്ടത്തിന്റെ മുന്നിലാണെന്നു മനസ്സിലായി. അയാൾ തനിക്ക് മുന്നിലായി നടന്നു നീങ്ങുന്ന മനുഷ്യരെ നിരീക്ഷിക്കാൻ തുടങ്ങി. അസ്തമയ സൂര്യന്റെ ഇളം ഛായയിൽ എല്ലാവർക്കും ഒരു ഓറഞ്ച് നിറം. അയാളുടെ മനസ്സിൽ കൗതുകം നിറഞ്ഞു. ഓരോരുത്തരേയും മനസ്സു കൊണ്ട് പിന്തുടരാൻ ആരംഭിച്ചു. തന്റെ സഹോദരങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ അവരെ മാറ്റി. ഊർജസ്വലരായിരുന്ന അവർ ക്ഷീണിതരായി. ഒരാളെയും മുൻപ് പരിചയമില്ലെങ്കിലും അയാൾക്കറിയാം പകലുറക്കങ്ങളാണ് അവർ ഏറെ ആഗ്രഹിക്കുന്നതെന്ന്. എല്ലാവരും വളരെ തിടുക്കത്തിലാണ് നടന്നു നീങ്ങുന്നത്. വൈകുന്നേരങ്ങൾ വീടണയാൻ ഉള്ളതാണ്. ഇതെല്ലാം വെറും തോന്നലുകളാണ്. ചിതറിയ ചിന്തകൾ. പക്ഷേ ഒന്നുറപ്പാണ്. ശരീരം മുഴുവൻ ഒരു ഓറഞ്ച് നിറം കലർന്ന് കൂട്ടിമുട്ടി ഒരു തരം മുറുമുറുപ്പോടെ നടന്നു നീങ്ങുന്ന, താഴേക്കും വശങ്ങളിലുമായി മാത്രം നോക്കി സഞ്ചരിക്കുന്ന അവരെ കാണാൻ നായ്ക്കളെപ്പോലെയുണ്ട്. എന്തിന്റേയോ അദൃശ്യമായ തുടൽ കഴുത്തിൽ വീണവർ. അയാളുടെ ഉള്ളിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു. "മനുഷ്യ ജന്മങ്ങൾ നായ്ക്കളായി മാറുകയാണോ". ആ ചിന്തകൾ അയാളെ നിശ്ചലമാക്കി. പെട്ടെന്നെവിടെ നിന്നോ ഒരു കല്ല് പറന്നുവന്നു. അടിവയറ്റിൽ കൃത്യമായി വന്നു പതിച്ചു. കൂടെ ഒരു അശരീരിയും. "നായിന്റെ മോനേ, മനുഷ്യന്മാർക്ക് ഇരിക്കാൻ വച്ചടുത്താണോടാ വന്നിരിക്കുന്നത് ഓടെടാ" പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരു ഓറഞ്ച് മനുഷ്യനെയായിരുന്നു. അയാൾ അയാളുടെ രണ്ടാമത്തെ കല്ലിനായുള്ള തിരച്ചിലിൽ ആയിരുന്നു. അതിനെന്തായാലും ഇടവരുത്തണ്ട. ഓടിക്കളയാം. നല്ല വേദനയുണ്ട്. കരച്ചിൽ വരുന്നു. വലിയ നാക്ക് തൊണ്ടയിൽ തങ്ങിക്കാണണം ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട പൊട്ടി ഇറ്റു വീഴുന്ന ഉമിനീരിനൊപ്പം അയാൾ കുരച്ചു. ദൈന്യമായി ഓരിയിട്ടു. എന്നിട്ട് എവിടേക്കോ ഓടിമറഞ്ഞു. സൂര്യൻ അസ്തമിച്ചു. അവിടാകെ ഇരുട്ടു പരന്നു.                                          

                                 ശുഭം

 സമർപ്പണം: " എന്നും ഞാൻ തേടുന്ന എന്നെ തേടുന്ന ആ കണ്ണുകൾക്ക്..പിന്നെ മറ്റുള്ളവർക്ക് പ്രയോജനമാകുന്ന ജീവിതങ്ങൾക്ക്"