Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഉണ്ണിയപ്പം

Durgadas V

Good methods global

ഉണ്ണിയപ്പം

ഉണ്ണിയപ്പം

"കുട്ടിപ്പാവാടായിട്ടു നടന്ന അച്ഛന്റെ കുട്ടി അല്ല ഞാനിപ്പോ...!! ഇങ്ങനെ ഇടയ്ക്കിടെ പാഞ്ഞു വന്നെന്നെ നാണം കെടുത്തല്ലേ അച്ഛാ..."
അല്ലേലും അവളങ്ങനെയാ... നാക്കിന് എല്ലു ഇല്ലാത്ത കൊറവ് എപ്പഴും കാണിക്കും... ഉടുമുണ്ടിന്റെ കോന്തലയിൽ കണ്ണിൽ വീഴാത്ത കരട് തുടച്ചെടുത്തു അച്ഛൻ. ഹോസ്റ്റലിന്റെ പടി കടന്നു പുറത്തേതും മുൻപേ കണ്ടു താഴെ റോഡിൽ താനിപ്പോൾ കൊണ്ട് വന്ന് മകളെ ഏല്പിച്ച പൊതി...അതിന്റെ പുറത്ത് എണ്ണവലിച്ച് കുടിച്ച് ഇന്നലത്തെ പത്രം...
വിറകു തീർന്നു എന്ന പരാതിയുണ്ടെങ്കിലും കൊപ്ര ആട്ടിയ വെളിച്ചെണ്ണയും ഒരല്പം മൈദയും പിന്നെ കുന്നൻ കായ പഴുത്തതും ഒത്തു വന്നപ്പോൾ ആദ്യം ഭവാനിയുടെ മനസ്സിൽ തെളിഞ്ഞത് ഉണ്ണിയപ്പം വേണമെന്ന് വാശി പിടിച്ച് കരഞ്ഞ അമ്മൂന്റെ കലങ്ങിയ കണ്ണുകളാണ്.... മണ്ണെണ്ണ വിളക്കിന്റെ തിരി അല്പം കൂടെ ഉയർത്തി വച്ച് അവസാനത്തെ വിറകു കൊള്ളിയിലേക്ക് തീ പകരുമ്പോൾ നാളെ എങ്ങനെ കഞ്ഞി വെക്കും എന്നവൾ ചിന്തിച്ചില്ലെന്നു തനിക്കറിയാം...
പുകയിൽ നീറിയ കണ്ണ് തന്റെ തോളിലെ തോർത്തിൽ തുടയ്യ്ക്കുമ്പോൾ അവളുടെ മുഖം പ്രസന്നമായിരുന്നു...
റോഡിൽ കിടന്ന പൊതി കുനിഞ്ഞെടുക്കവേ താഴെ വീണത് വിയർപ്പ് തുള്ളികളാണെന്നു അയാൾ സ്വയം ആശ്വസിച്ചു...
"എനിക്കൂടെ വരായര്ന്നു... അതിനാ ജാനൂനെ ഇന്ന് കണ്ടതേ ഇല്ല. അല്ലേൽ അവളീ വഴി വരാറുള്ളതാ.." നിരാശ പടർന്നു കരിയിൽ കലങ്ങിയ കണ്ണുകളിൽ.
ഇടയ്ക്ക് അഞ്ചും പത്തുമായി ഇപ്പൊ ഒരുപാട് കൊടുക്കാൻ ഉണ്ട് ജാനൂന്.
"നമ്മുടെ അമ്മു പഠിച്ച് വല്ല്യ ഡോക്ടർ ആയി വരുമ്പോ ജാനൂന്റെ സൂക്കേട് മാറ്റിത്തരാൻ പറഞ്ഞാ മതി" അർബുദം ബാധിച്ച തൊണ്ടയുമായിട്ടവൾ ചിരിച്ചു.
തനിക്കൊരിക്കലും ആ കടം മടക്കി നൽകാനാവില്ലെന്ന് ഭവാനിയ്ക്കറിയാം..
തന്റെ അസുഖം ഒരിക്കലും മാറില്ലെന്നു ജാനുവിനും....
അയാൾ ആ പൊതി തന്റെ നെഞ്ചോട് ചേർത്തു.... പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ചൂട് അയാൾക്കനുഭവപ്പെട്ടു...
ഇനി എന്ത് വേണമെന്ന് തനിക്ക് അറിയില്ല എന്നയാൾ തിരിച്ചറിഞ്ഞു...
ഭവാനിയുടെ മുഖം  പലതവണ മനസ്സിൽ കയറി വന്നു. മകളുടെ വിശേഷങ്ങളറിയാൻ കാത്തിരിപ്പാണ് അവർ എന്നയാൾക്കുറപ്പായിരുന്നു...
തന്റെ നേർക്ക് നീണ്ട യാചക ബാലന്റെ കയ്യിൽ ആ പൊതി വച്ച് കൊടുത്ത ശേഷം ഒരിക്കൽക്കൂടി മുണ്ട് മുറുക്കി ഉടുത്ത് അയാൾ ബസ്റ്റോപ് ലക്ഷ്യമാക്കി നടന്നു. സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട അയാൾക്കൊപ്പം, ചൂട് നഷ്ടപ്പെട്ട പൊതിയ്ക്കുള്ളിൽ ഉണ്ണിയപ്പം കാറിത്തുടങ്ങി.