Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഇതൾ

ഇതൾ

ഇതൾ

തീയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവൻ തന്റെ വാച്ചിലേക്കൊന്നു കണ്ണോടിച്ചു..സമയം 11.30..വീട്ടിലേക്കുള്ള ലാസ്‌റ് ബസ്സിനായി അവൻ തിരക്കിട്ട് സ്റ്റാൻഡിലേക്കോടി..തെരുവ് വിളക്ക് ഇല്ലാത്തതിനാൽ നേരം ഇരുട്ടിയാൽ പിന്നെ കവലയിലേക്ക് ഓട്ടോറിക്ഷ കിട്ടാനും വഴി ഇല്ല..

 

തിക്കി നിറഞ്ഞു മുന്നോട്ടെടുത്ത ചുവന്ന ആനവണ്ടിയുടെ പുറകിലെ കോണിപ്പടി ലക്ഷ്യമിട്ട് അവൻ ചീറിപ്പാഞ്ഞു..സാഹസികമാം വിധം അവൻ അതിൽ ചാടിക്കയറി..യാത്രയിലുടനീളം അവൻ സിനിമയിലെ ഓരോ രംഗങ്ങൾ ചികഞ്ഞെടുത്തു മന്ദഹസിച്ചു!

 

ഇരട്ടമണി മുഴക്കി ബസ് പാഞ്ഞകന്നു..ആനവണ്ടിയുടെ പുകപടലങ്ങക്കിടയിലൂടെ അകലെ ഒരു വെളിച്ചം അവൻ കണ്ടു..അത് വാര്യത്തെ നാരായണൻ ചേട്ടന്റെ പീടികയാണ്..അവിടെ നല്ല നാരങ്ങാമിട്ടായി കിട്ടും..അമ്മുക്കുട്ടിക് അത് വലിയ ഇഷ്ടമാണ്..രണ്ടു രൂപക്ക് നാരങ്ങാമിട്ടായി മേടിച് കീശയിൽ തിരുകിയ അവൻ കയ്യിൽ കരുതിയ ടോർച് തെളിച് വീട് ലക്ഷ്യമാക്കി നടന്നു...

 

ഇരുട്ടിന്റെ നിഴലിനെ കീറിമുറിച്ചു നടന്നുനീങ്ങുമ്പോൾ ബ്രിട്ടീഷ് കമ്പനിയുടെ ഇഷ്ടിക ചൂളയിൽ നിന്നും ചെറു ഞരക്കം അവൻ കേട്ടു..മുണ്ട് മടക്കി കുത്തി അവൻ ടോർച് തെളിച് ചുറ്റും നോക്കി..നിശബ്ദത..

 

അവൻ വീടിനടുത്തേക്ക് നടന്നടുത്തു..

 

വീട്ടിൽ ആകപ്പാടെ ഒരു ഒച്ചയും ബഹളവും..അമ്മയും മുത്തശ്ശിയും ഉമ്മറത്തിരുന്ന് പരസ്പരം പിറുപിറുക്കുകയാണ്..മുറ്റത്ത് എത്തിയ അവൻ അല്പം ശബ്ദമുയർത്തി ചോദിച്ചു " എന്താ മുത്തശ്ശിയെ?" മെഴുകുതിരി മേടിക്കാൻ കവലയിലേക്ക് അമ്മുക്കുട്ടിയെ പറഞ്ഞുവിട്ട് കാത്തിരിക്കയാണ് അവർ..ഒന്ന് ആഞ്ഞു നടന്നാൽ ഇന്നേരം വീട്ടിൽ എത്തേണ്ട സമയമായി..അവരാകെ വേവലാതിപ്പെട്ടിരികയാണ്..വരുന്ന വഴിയിലൊന്നും അമ്മുക്കുട്ടിയെ കണ്ടതുമില്ല...അവൻ ഓർത്തു ..

 

കീശയിലെ മിട്ടായിപ്പൊതി അമ്മയെ ഏല്പിച്ച് അവൻ മുറ്റത്ത് നിന്നിറങ്ങി പുറത്തേക്കോടി..ആ രാത്രിയിലുടനീളം അവൻ തന്റെ കുഞ്ഞനുജത്തിയെ തിരക്കി വീടിനു ചുറ്റും കവലയിലും തിരച്ചിൽ തുടർന്നു..അവന്റെ മനസ്സ് പിടഞ്ഞു..നഷ്ടബോധത്തോടെ അവൻ തന്റെ വീട്ടിലേക്ക് പിൻനടന്നു..കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയും മുത്തശ്ശിയും ഉമ്മറത്തിരുപ്പുണ്ട്..വരാന്തയിലേക്ക് കയറിച്ചെന്ന് അവരെ രണ്ടുപേരെയും നെഞ്ചോട് ചേർത്ത് പൊട്ടിക്കരയാനേ അവനായുള്ളു..

 

നിഷയുടെ പൊയ്‌മുഖത്തെ മറികടന്നു പകൽവെളിച്ചം പരക്കുകയാണ്..ഉമ്മറത്തെ ചുമരിൽ ചാരി കിടന്നിരുന്ന അവർ മുറ്റത്തെ ഒച്ച കേട്ട് ഉണർന്നു..കാക്കിയിട്ട രണ്ടു കൊമ്പൻ മീശക്കാരുടെയും ഒരു പറ്റം നാട്ടുകാരുടെയും അകമ്പടിയോടെ അവൻ പച്ച പട്ട് വിരിച്ച പാടത്തിനു നടുവിലൂടെ കവലയിലേക്ക് അമാന്തം നടന്നു..

 

തടിച്ചു കൂടിയ ആൾക്കൂട്ടത്തെ കണ്ട് ഇഷ്ടിക ചൂളയുടെ അടുത്തെത്തിയ അവൻ നിന്നു..കൊമ്പൻ മീശക്കാർ അവനു ചൂളയിലേക്ക് വഴി തെളിച്ചു..അവൻ എന്തെന്നറിയാതെ മുന്നോട്ട് നടന്നു..അകലെ ഒരു മനുഷ്യനെ വലിയൊരു വടവൃക്ഷത്തിൽ പിടിച്ചുകെട്ടിയിരിക്കുകയാണ്..ചുറ്റും നടക്കുന്നത് എന്താണെന്നറിയാൻ അവൻ തിടുക്കം കാട്ടി..

 

കുറച്ച് മാറി ചൂളയിൽ നിന്നും രണ്ടു പേർ ചേതനയറ്റ ഒരു ശരീരം പുറത്തേക്ക് വലിച്ചെടുത്തു...മൃഗങ്ങളെക്കാൾ നീചനായ ആ ഇരുകാലി പിച്ചിച്ചീന്തിയ ശരീരം ഒറ്റ നോട്ടത്തിൽ കണ്ട അവനു, നീലപ്പരവതാനി വിരിച്ച ആകാശത്തെ നോക്കി വാവിട്ട് കരയാനേ സാധിച്ചുള്ളൂ!!!