Skip to main content
Srishti-2022   >>  Short Story - Malayalam   >>  അയാൾ

Sreejith Sachidanandan

QBURST TECHNOLOGIES

അയാൾ

അയാൾ

അയാൾ ഒരു ചുവരെഴുത്തുകാരനായിരുന്നു. പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ലാത്ത, മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരു മലയാളിയായിരുന്നു അയാൾ. വരയ്‌ക്കാൻ മാത്രം അറിയുന്ന ഒരു മലയാളി. പേപ്പറിൽ എഴുതിക്കൊടുക്കുന്നത് നോക്കി ചുവരിൽ വരച്ചു വെക്കുന്നവനെ എന്നിട്ടും എഴുത്തുകാരൻ എന്ന് അവനു ചുറ്റുമുള്ളവർ വിളിച്ചു.

 

ദിനം ദിനം പുതുമയുമായി ഓടിക്കൊണ്ടിരിക്കുന്ന ലോകത്തിനുമുന്നിൽ ഓടാൻ കഴിയാതെ നടന്നു നടന്നു പകച്ചു ക്ഷീണിച്ചു നിൽക്കുന്ന പഴഞ്ചനായ ചുവരെഴുത്തുകാരൻ എന്ന് അയാളെ നാട്ടിലെ ബുദ്ധിജീവികൾ വിളിച്ചു. ചുവരെഴുത്തിന്റെ ബാല്യവും കൗമാരവും കടന്ന് യൗവ്വനത്തിലെത്തിയപ്പോഴേക്കും അയാൾ എണ്ണിയാലൊടുങ്ങാത്തത്ര അക്ഷരങ്ങൾ വരച്ചു കഴിഞ്ഞിരുന്നു. കവിതകളും, മുദ്രാവാക്യങ്ങളും, പരസ്യങ്ങളും, രാഷ്ട്രീയ സൂക്തങ്ങളും, പാർട്ടി ചിഹ്നങ്ങളായും അങ്ങനെ ഒരുപാട് ചിത്രങ്ങൾ.
അക്ഷരങ്ങളുടെ മേൽ ഇത്രെയേറെ അഭ്യാസം നടത്തിയിട്ടും അയാൾ മലയാളം വായിക്കാനും, നോക്കാതെ എഴുതാനും പഠിച്ചില്ലേ എന്ന ഒരു സംശയം നാട്ടിലെ ബുദ്ധിജീവികൾക്കും, സാധാരണക്കാർക്കും വന്നു തുടങ്ങി.

വൈകിട്ടത്തെ പതിവുള്ള ഉഴുന്നുവട കഴിക്കാനായി കയ്യിൽ പുരണ്ട നീലം കഴുകിക്കളഞ്ഞു കൊണ്ട് നില്ക്കുംമ്പോഴാണ് ചായക്കടയ്ക്ക് പുറത്തെ ബഞ്ചിലിരുന്ന ആസ്ഥാന ബുദ്ധിജീവി ബാലൻ നാട്ടുകാർക്ക് വേണ്ടി ആ സംശയം അയാളോട് ചോദിച്ചത്.

“നിനക്കിപ്പോഴും എഴുതാനും വായിക്കാനും ഒന്നും അറിയില്ലേടാ? വേറെയാരെങ്കിലും ആയിരുന്നേൽ ഈ കാലംകൊണ്ട് വല്ല എഴുത്തുകാരനുമായി സാഹിത്യ അക്കാദമി അവാർഡും വാങ്ങി വീട്ടിൽ വെച്ചേനെ”

കൈക്കുമ്പിളിൽ വെള്ളം പിടിച്ചു വായിലൊഴിച്ചു കുലുക്കുഴിഞ്ഞു നീട്ടിതുപ്പിയിട്ടു അയാൾ ബാലനെ നോക്കി ഒന്ന് ചിരിച്ചു. അവിടെ നിന്ന് കഴിക്കാതെ പതിവുള്ള വടയമെടുത്തു അയാൾ വേഗത്തിൽ നടന്നു.

അന്ന് രാത്രിയിൽ വീട്ടിലെത്തിയ അയാൾ അമ്മയുറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പുവരുത്തി തന്റെ ട്രങ്ക് പെട്ടി തുറന്നു ഒരു കെട്ട് വെള്ളക്കടലാസുകൾ പുറത്തെടുത്തു വെച്ചു.ചേർത്തുവെച്ചാൽ രണ്ടുനോട്ടുബുക്കോളം വരുന്ന കടലാസുകൾ. തറയിൽ ചമ്രം പാഞ്ഞിരുന്ന് നടുവളച്ചു കുനിഞ്ഞിരുന്ന് അയാൾ ആ കടലാസുകെട്ടിലേക്ക് നോക്കിയിരുന്നു. കെട്ടഴിച്ചു ഏറ്റവും മുകളിലിരുന്ന് കടലാസെടുത്തു നോക്കുമ്പോ അയാളുടെ കണ്ണുകളും ചുണ്ടുകളും വിരിഞ്ഞിരുന്നു. കണ്ണിൽ നിന്നും പുറപ്പെട്ട പ്രകാശത്തിലെന്നോണം കടലാസിലെ അക്ഷരങ്ങൾ തെളിഞ്ഞു വന്നു

“….അരിവാളോ? അതെന്തെന്നു ചോദിച്ചൂ ചെറുമകൾ,
ചെങ്കൊടിയിൽ പാറുന്നൊരാ സൂത്രമെന്ന് ചൊന്നു മുത്തശ്ശി
…..”

പതിഞ്ഞ താളത്തിൽ, പതിഞ്ഞ ശബ്ദത്തിൽ ആ വരികൾ ചൊല്ലുമ്പോ അയാൾ നിലത്തുനിന്നും ഉയർന്നു ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറിയിരുന്നു.

താനെഴുതിയ കവിതകൾ, താൻ മാത്രം കണ്ട കവിതകൾ ഇതൊക്കെ താനെഴുതിയതാണെന്ന് ലോകത്തോട് വിളിച്ചു കൂവണമെന്ന് തോന്നി. താനെഴുതിയെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ.

“……ദൈവമല്ലാതെ മറ്റൊന്നും സത്യമല്ലെന്ന് വിശ്വസിക്കുന്നവരാണ്
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവരാണ്
ഇന്നലെ കണ്ടത് ഇന്ന് കണ്ടില്ലെന്നു പറയുന്നവരാണ്
പറയരുതേ അവരോടൊന്നും…..”

ആ രാത്രി മുഴുക്കെ അയാൾ ഉണർന്നിരുന്നു. കടലാസുകൾ ഒന്നൊന്നായി വായിച്ചുകൊണ്ടിരുന്നു. വായിച്ചവ വീണ്ടും വീണ്ടും വന്നതും അയാളറിഞ്ഞില്ല. രാത്രി മാറി പകലായപ്പോൾ കടലാസ്സുകളൊക്കെ ഭദ്രമായി പെട്ടിയിൽ തിരിച്ചുവെച്ചു.

പഞ്ചായത്തു വഴിക്കിണറിൽ എം എൽ എ യുടെ പേര് വരയ്ക്കാനുള്ള പണിയായിരുന്നു അന്ന്. വൈകുന്നേരം കിണറു കാണാൻ വന്ന മെംബർ വറീതാണ് ആദ്യം ആളെക്കൂട്ടിയത്

എന്ത് തോന്ന്യാസമാണ് ഈ കാണിച്ചുവെച്ചേക്കുന്നത്, പഞ്ചായത്തീന്നു കാശ് കൊടുത്തു അവനെ പണിക്കു നിർത്തിയത് അവനു തോന്നിയത് എഴുതിവെക്കാനാണോ. വറീത് ഉറഞ്ഞു തുള്ളുകയായിരുന്നു.
വന്നവർ വന്നവർ കിണറിനു ചുറ്റും കറങ്ങി നടന്ന് വായിച്ചു

“ബന്ദിയാക്കിവന്റെ മതം നോക്കാൻ ഞരമ്പ്
മുറിച്ചു രക്തത്തിന്റെ നിറം നോക്കിയവരെ,
രക്തത്തിനു ചുവപ്പു പോരെന്നു പറഞ്ഞവരെ,
തൊട്ടാൽ കറുപ്പ് പുരളുമെന്നു പറഞ്ഞവരെ നിങ്ങൾ കുടിക്കാതിരിക്കാൻ
തുപ്പിയിട്ടുണ്ട് ഈ കിണറ്റിൽ, കോരികുടിച്ചോളൂ”

അയാളെ അവിടെയെങ്ങും കണ്ടില്ല. മെമ്പറും കൂട്ടരും അയാളുടെ വീട്ടിലേക്ക് ചെന്നു . അയാളെ വിളിച്ചു പുറത്തിറക്കി തെറിപറഞ്ഞു, ശകാരിച്ചു. പഞ്ചായത്ത് വക മുതലുകളിലൊന്നും ഇനി മേലാൽ സ്വന്തം സൃഷ്ടികൾ പാടില്ല എന്ന നിയമം അയാളെ അറിയിച്ചു. എല്ലാം മായ്ച്ചു കളഞ്ഞു സ്വന്തം ചിലവിൽ എം എൽ എയുടെ പേരെഴുതാൻ ആജ്ഞാപിച്ചിട്ട് വറീതും കൂട്ടരും പിരിഞ്ഞുപോയി.

പിന്നീടുള്ള ദിവസങ്ങളിൽ നാട്ടാർക്ക് വഴിമരങ്ങളിലും, മതിലുകളിലും, ചായപ്പീടികയുടെ ചുവരുകളിലും, ദേവീ ക്ഷേത്രത്തിലെ ചുവരുകളും ആൽത്തറയിലുമൊക്കെയായി അയാളുടെ കവിതകൾ കാണാൻ കഴിഞ്ഞു. പ്രണയവും, വിശപ്പും, ആവേശവും, ആദർശവും, ഭക്തിയുമെല്ലാം അയാൾ വരച്ചുവെച്ചു.

ക്ഷേത്ര ചുവരുകളിൽ കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തുകൾ എഴുതിയതിനെ വിശ്വാസികൾ ആൽത്തറയിലിട്ട് ചോദ്യം ചെയ്തു. ഇനി മേലാൽ ക്ഷേത്രത്തിൽ കയറിപ്പോകരുതെന്ന് ഒരു വിഭാഗം വിശ്വാസികൾ വിലക്കേർപ്പെടുത്തി. ക്ഷേത്രത്തിൽ കയറിക്കോട്ടെ, പക്ഷെ ദേവീ സ്തുതികൾ ചുവരുകളിൽ എഴുതിക്കോളൂ എന്ന് ഒരു കൂട്ടം പുരോഗമന ചിന്താഗതിക്കാരായ വിശ്വാസികൾ അലിവുകാട്ടി. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് അയാൾക്ക് ക്ഷേത്ര വിലക്കേർപ്പെടുത്തി.

ചായക്കടയുടെ ചുവരുകളിൽ കവിതയെഴുതിയത് തോന്ന്യാസമാണെന്ന് ചായകുടി സംഘങ്ങൾ വിലയിരുത്തി. അയാൾക്ക് ചായയും വടയും വിലക്കി!

വഴിമരങ്ങളിൽ കവിതയെഴുതുന്നത് നിയമവിരുദ്ധമാണെന്ന് വില്ലേജ് ഓഫീസർ രമണൻ നാട്ടുകാരെ അറിയിച്ചപ്പോഴാണ് തങ്ങൾ വിട്ടുപോയ പഴുത് തിരിച്ചറിഞ്ഞത്. വഴിമരങ്ങളുടെ തണൽ അയാൾക്ക് നിഷേധിക്കപ്പെട്ടു.

ചിത്രം വരക്കാനുള്ള ചുവരുകൾ തേടി അയാൾ നടന്നു. കൃത്യമായ നിർദേശങ്ങളുടെയും, കൃത്യമായ മേൽനോട്ടത്തിന് കീഴിലും അയാൾക്ക് ചെറിയ ചെറിയ ചുവരുകൾ കിട്ടി. പട്ടിണി കിടക്കേണ്ടി വന്നില്ലല്ലോ എന്ന ആശ്വാസം അയാളെ സന്തോഷിപ്പിച്ചു. പിന്നെയെന്താ ഉച്ചക്കത്തെ ഊണ് പൊതിഞ്ഞു കൊണ്ടാണ് പണിക്കു വരേണ്ടത്. വൈകിട്ടത്തെ ചായയും വടയും അമ്മയുണ്ടാക്കിയത് കഴിക്കാം, അത് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ട്. താൻ ഭാഗ്യവാനാണ് ലോകം മുഴുവൻ തന്നെ വിലക്കിയിട്ടില്ല. ലോകത്തിനു വിലക്കാൻ കഴിയാത്ത കൂടാണല്ലോ വീട്, അവിടുത്തെ നിയമം അമ്മയാണല്ലോ.

ഇങ്ങനെ ദിവസങ്ങൾ പകലുകളായും രാവുകളായും കൊഴിഞ്ഞുകൊണ്ടിരുന്നു. വീടിന്റെ ചുമരുകളിലെല്ലാം കരിയിൽ തീർത്ത കവിതകൾ പിറന്നുകൊണ്ടിരുന്നു. മകന്റെ അവസ്ഥയിൽ അമ്മക്ക് നല്ല മനോവിഷമം ഉണ്ടായി. മകന് പറ്റിയ ഒരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ദല്ലാൾ കൃഷ്ണനെ ഏർപ്പാടാക്കി.

“എന്റെ കൃഷ്ണൻ കുട്ടി, ഒരു പെണ്ണൊക്കെ കെട്ടി സ്വസ്ഥമായാൽ അവന്റെ മനസ്സിനൊരു സമാധാനം കിട്ടും. കരയ്ക്കു പിടിച്ചിട്ട മീനിനെ പോലെയുള്ള അവന്റെ ഈ പിടച്ചിൽ എനിക്ക് കാണാൻ വയ്യ. നീ എങ്ങനെങ്കിലും ഒരു പെണ്ണിനെ കണ്ടുപിടിക്കണം” അമ്മ തന്റെ ആധി കൃഷ്ണൻ കുട്ടിയോട് പറഞ്ഞു സമാധാനം കണ്ടെത്തി.

ഒന്നരമാസത്തെ തിരച്ചിലിൽ അയാൾക്ക് പെണ്ണിനെ കണ്ടുപിടിച്ചു. പത്തുവരെ പഠിച്ച പെണ്ണിനെ പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നതിൽ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

അവനെ കെട്ടിയാൽ മൂന്നുനേരം ചോറുണ്ണാൻ പറ്റിയില്ലെങ്കിലും എന്റെ കുഞ്ഞിന് രണ്ടു നേരം കഞ്ഞികുടിച്ചു കിടക്കാല്ലോ എന്ന് പറഞ്ഞ് അവളുടെ അച്ഛൻ നാട്ടുകാരെ നിരാശരാക്കി.

ആദ്യരാത്രിയിൽ അയാൾ തന്റെ ട്രങ്ക് പെട്ടി തുറന്നു അവളെ കാണിച്ചു. താൻ കവിതയെഴുതും എന്ന് അവളോട് പറഞ്ഞു.

“ഞാൻ കണ്ടിട്ടുണ്ട്. ക്ഷേത്രത്തിലെയും, ആൽത്തറയിലെയും, വഴിയയിലെയും കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്.” അവൾ മുഖത്ത് നോക്കാതെ മുഖം കുനിച്ചിരുന്നു പറഞ്ഞു.

അയാൾ വീണ്ടും നിലത്തുനിന്നും ഉയർന്നു പൊങ്ങി, അങ്ങ് ദൂരെ ആകാശവീഥിയിൽ വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തായി മാറി.

ആയാളും അവളും ആ കടലാസുകൾ നോക്കിയിരുന്നു ആ രാത്രി വെളുപ്പിച്ചു.

അടുത്ത ദിവസം മുതൽ അയാൾക്കുള്ള പൊതിച്ചോർ അവൾ തയ്യാറാക്കി കൊടുത്തു. വൈകിട്ട് അവൾ ചായയും വടയുമായി അയാൾ ജോലികഴിഞ്ഞു വരുന്നതും കാത്തിരിക്കും. രാത്രിയിൽ ഉറങ്ങും മുൻപ് അയാൾ അവൾക് കവിതകൾ ചൊല്ലിക്കൊടുക്കും. അവൾ പാരിതോഷികമായി ചുംബനങ്ങൾ നൽകും. അവർ പരസ്പരം ശരീരവും മനസുംകൊണ്ട് കവിതയെഴുതും. എപ്പോഴോ ഉറങ്ങിപോകും.

അയാൾ അനുസ്യൂതം കവിതയെഴുതികൊണ്ടിരുന്നു.

ഇത് ആവർത്തിച്ചുകൊണ്ടേയിരുന്നു, വിലക്കുകളില്ലാതെ.

അയാളുടെ കവിത അവൾക്കും, അവളുടെ കവിത അയാൾക്കും വേണ്ടിയായിരുന്നതിനാൽ കവിതകൾക് താഴെ അവർക്ക് പേര് വെക്കേണ്ടിയിരുന്നില്ല. അങ്ങനെ അവർക്ക് പേരില്ലാതെയായി