Skip to main content
Srishti-2022   >>  Short Story - Malayalam   >>  അനർഹ ലോകം

Praveen Surendranath

IBS Software

അനർഹ ലോകം

അനർഹ ലോകം

 

"ഞായർ ദിവസങ്ങളിൽ ഈ പാലത്തിലുള്ള ഗേറ്റ് അടച്ചു പൂട്ടി ഇടും, അങ്ങോട്ട് കടത്തി വിടില്ലെന്ന്."

 

ആ ചെറുപ്പക്കാരൻ തൻ്റെ ഭാര്യയോട് നിരാശയോടെ പറഞ്ഞു.

 

"അത് അവർക്കു ഇപ്പോളാണോ മനസ്സിലായത്?" സങ്കടത്തെക്കാൾ കൂടുതൽ ദേഷ്യം ആയിരുന്നു ഭാര്യക്ക്.

 

"നമ്മൾ പതിവിലും ഒരു ദിവസത്തോളം കൂടുതൽ സമയമെടുത്തു എന്നാണു അവർ പറയുന്നത്"

 

"സ്ത്രീകളും കുട്ടികളും ഉള്ളപ്പോൾ ഇതിലും വേഗത്തിൽ എങ്ങനെ സാധിക്കും?"

 

അയാൾ മറ്റുള്ളവരെ ഒന്ന് നിരീക്ഷിച്ചു.എല്ലാവരും തണൽ അന്വേഷിച്ചു പുറകോട്ടു നടക്കാൻ തുടങ്ങി.

 

"നമുക്കും എങ്ങനെയെങ്കിലും ഒരു ദിവസം കൂടി കഴിച്ചുകൂട്ടണം."

 

"അച്‌ഛാ, വിശക്കുന്നു"

 

ആദ്യമായിട്ടാണ് ഈ ആവശ്യം അവൾ അച്ഛനോട് ചോദിച്ചത്. ഇനിയും അമ്മയോട് ചോദിച്ചാൽ തല്ലുമോ എന്ന് ഭയന്നിട്ടാകണം.

 

"ഒരു കഷ്ണം ബ്രഡ് പോലും ഇനിയില്ല, എത്ര നേരം കൂടെ ഇവളെ പറഞ്ഞു പറ്റിക്കാൻ പറ്റും?" അവളുടെ അമ്മ അയാളോട് ചോദിച്ചു.

 

"അത് നമുക്ക് മറ്റുള്ളവരുടെ കൈയിൽ നിന്നും മേടിക്കാം."

 

"അവർക്കും ഇല്ലേ കുട്ടികൾ. അവർക്കും ആവശ്യം വരില്ലേ?"

 

"അല്ലെങ്കിൽ പിന്നെ..." അയാൾ രണ്ടാം വട്ടം ആലോചിച്ചു.

 

"അല്ലെങ്കിൽ പിന്നെ?"

 

"ഈ പുഴ നീന്തി കടക്കണം"

 

പുഴ ഒന്ന് നിരീക്ഷിച്ചു. ഇപ്പോൾ ശാന്തമായാണ് ഒഴുകുന്നത്.

 

"എനിക്ക് നീന്തി അപ്പുറത്തു എത്താൻ പറ്റില്ല. നിങ്ങൾ അച്ഛനും മോളും പൊയ്ക്കോളൂ. ഞാൻ മറ്റുള്ളവരുടെ കൂടെ നാളെ അവിടെ എത്താം."

 

"കൂട്ടം തെറ്റിയാൽ പിന്നെ കാണാൻ പറ്റുമോ എന്ന് തന്നെ സംശയമാണ്. നീ വെള്ളത്തിൽ പൊങ്ങി കിടന്നാൽ മതി, ഞാൻ വലിച്ചുകൊണ്ടു പൊയ്ക്കോളാം. പക്ഷെ നിങ്ങൾ രണ്ടു പേരെയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല."

 

അമ്മ മോളെ നോക്കി എന്താണൊരു പോംവഴി എന്നാലോചിച്ചു. തന്നോട് അമ്മക്ക് ദേഷ്യം കൂടി വരുകയാണെന്നും മകൾ തെറ്റിദ്ധരിച്ചു അച്ഛന്റെ അടുത്തേക്ക് നീങ്ങി.

 

"എന്നാൽ മോളെ ആദ്യം അക്കരെ ആക്കിയിട്ട് എന്നെ കൊണ്ടുപോകാൻ പറ്റുമോ?"

 

"അധികം വീതിയും ഒഴുക്കും ഇല്ലാത്തതുകൊണ്ട് സാധിക്കുമായിരിക്കും, ശ്രമിച്ചു നോക്കാം" എന്നയാൾ മറുപടി പറഞ്ഞു.

 

പുഴയിലേക്ക് ഇറങ്ങാൻ പറ്റിയ സ്ഥലം നോക്കി അവർ മൂന്നു പേരും അരികിലൂടെ നടന്നു. തണൽ തിരഞ്ഞു നടക്കുകയാണെന്ന് മറ്റുള്ളവരും ധരിച്ചു.

 

കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ മറുവശത്തു അള്ളി കയറാൻ പറ്റുന്ന ഒരു സ്ഥലം അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ അവിടെ നിന്നു.

 

തിരിഞ്ഞു മുട്ടേൽ കുത്തി നിന്ന് മോളുടെ മുഖത്തേക്ക് നോക്കി.

 

"വിശക്കുന്നച്ചാ.." അവൾ അച്ഛനോട് പറഞ്ഞു.

 

"ഇനി നമുക്കുള്ള ഭക്ഷണം അപ്പുറത്താണ്. നമുക്ക് അപ്പുറത്തു പോകണം. നമ്മൾ വീട്ടിനടുത്തുള്ള കുളത്തിൽ കളിക്കാറുള്ളത് പോലെ അച്ഛന്റെ പുറത്തു മുറുകെ പിടിച്ചിരിക്കാമോ? എങ്കിലേ നമുക്ക് അപ്പുറത്തു പോകാൻ പറ്റുവുള്ളു."

 

അവൾ തല കുലുക്കി സമ്മതിച്ചു.

 

"അച്ഛന്റെ ഉടുപ്പിനകത്ത് കയറണം. അച്ഛന്റെ കഴുത്തു ചുറ്റി കൈ മുറുകെ പിടിക്കണം. അപ്പുറത്തു എത്തുന്നത് വരെ ഒരിക്കലും പിടി വിടരുത്."

 

അവൾ അതും സമ്മതിച്ചു.

 

ഉടുപ്പിന്റെ കഴുത്തിലൂടെ അവളുടെ തല പുറത്തെടുക്കാൻ അവളുടെ അമ്മയും സഹായിച്ചു. അയാൾ എണീറ്റു നിന്നു. അവൾ അച്ഛന്റെ കഴുത്തിന് ചുറ്റി കൈകൾ മുറുക്കി പിടിച്ചു.

 

അയാൾ ചെരിഞ്ഞു ഊർന്നു പുഴയിലേക്ക് ഇറങ്ങി. ഒരു ദീർഘ ശ്വാസമെടുത്തു മുൻപോട്ടു നീന്തി നീങ്ങി. അവളുടെ തല വെള്ളത്തിൽ മുങ്ങാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

 

ഒഴുക്കിനെതിരെ നീന്തി അയാളുടെ പരിശ്രമം പകുതി വിജയിച്ചു. കുറച്ചു ക്ഷീണിച്ചെങ്കിലും അപ്പുറത്ത് അള്ളി പിടിച്ചു കര കയറി. മോളെ താഴെ ഇറക്കി നിർത്തി.

 

വീണ്ടും മുട്ടേൽ കുത്തി നിന്ന് മോളോട് പറഞ്ഞു."മോള് മിടുക്കിയാണ് കേട്ടോ. ഇത് പോലെ അച്ഛൻ പറയുന്നത് എപ്പോഴും അനുസരിക്കണം."

 

അവളുടെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം.

 

"ഇനി മോള് ഇവിടെ തന്നെ നിൽക്കണം. എങ്ങോട്ടും പോകരുത്. അച്ഛൻ പോയി അമ്മയെ വിളിച്ചുകൊണ്ടു ഇവിടെ വരുന്നത് വരെ ഇവിടെ നിന്ന് അനങ്ങരുത്."

 

അവളുടെ കണ്ണുകൾ പിന്നെയും വാടി.

 

"അയ്യോ, അച്ഛൻ പോകല്ലേ."

 

"അമ്മയെ വിളിച്ചുകൊണ്ടു വരണ്ടേ?"

 

"ഞാൻ അച്ഛന്റെ പുറത്തു കെട്ടിപിടിച്ചു കിടന്നോളാം."

 

"അച്ഛന്റെ പുറത്തു മോൾക്കും അമ്മയ്ക്കും ഒരുമിച്ചു കിടക്കാൻ സ്ഥലമില്ല മോളെ."

 

"സ്ഥലമുണ്ട്. എനിക്ക് ഒറ്റയ്ക്ക് പേടിയാണച്ഛ."

 

"മോള് പേടിക്കണ്ട, ഞങ്ങൾ ഇപ്പോൾ വരും" എന്ന് പറഞ്ഞു അയാൾ പുഴയിലേക്ക് എടുത്തു ചാടി.

 

"അച്‌ഛാ..." അവൾ ഉറക്കെ വിളിച്ചു.

 

അയാൾ മുങ്ങി പൊങ്ങാൻ സമയമെടുക്കുന്നു.

 

"അച്‌ഛാ....." അവൾ പിന്നെയും ഉറക്കെ വിളിച്ചു. ഓളങ്ങളുടെ ശക്തി കുറയുന്നത് കണ്ടപ്പോൾ അവളുടെ ഭയം കൂടി. അവളും കണ്ണടച്ച് എടുത്തു ചാടി.

 

അവൾക്കു വെള്ളത്തെ ഭയമില്ലായിരുന്നു.

 

അയാൾ പൊങ്ങി നിവർന്നതും കണ്ടത് മോള് പുഴയുടെ അടിയിലേക്ക് പോകുന്നതാണ്. അയാൾ പിന്നെയും മുങ്ങി അടിയിലേക്ക് പോയി. തെളിഞ്ഞ വെള്ളമല്ലെങ്കിലും അയാൾ തന്റെ മകൾ മരണ വെപ്രാളത്തിൽ പിടയുന്നത് കണ്ടു. അവളുടെ പുറകിലെത്തി അവളെ വെള്ളത്തിന് മുകളിൽ കൊണ്ടുവന്നു. ശ്വാസം കിട്ടിയതും അവൾ അയാളുടെ കഴുത്തിൽ മുറുകെ കെട്ടി പിടിച്ചു. ഇനി ആ പിടി വിടില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അയാൾ വീണ്ടും അവളെ ഉടുപ്പിനുള്ളിലാക്കി. എന്നിട്ടു അവളുടെ അമ്മയുടെ അടുത്തേക്ക് നീന്തി നീങ്ങി.

 

എപ്പോഴോ അയാളുടെ പേശികൾ തളർന്നു. ബോധം ചോർന്നു. ഒഴുക്കിനെ അയാൾക്ക് തോൽപ്പിക്കാനാകുന്നില്ല.

 

ഒഴുക്കിനു ശക്തി കൂടി. ഇക്കരെ നിന്ന അവളുടെ അമ്മ ഒഴുക്കിനൊപ്പം നടക്കാൻ തുടങ്ങി. അവർ കൺവെട്ടത്തു നിന്ന് മറയാതിരിക്കാൻ ഒഴുക്കിനൊപ്പം ഓടി ആവുന്നതും ശ്രമിച്ചു. ഒടുവിൽ ഒഴുക്കും ആ അമ്മയെ തോൽപ്പിച്ചു.

 

 

*****

 

കുറച്ചകലെ, മറുകരയിൽ, ഒരു കൂട്ടം ഭ്രാന്തന്മാരിലൊരാൾ മദ്യ ലഹരിയിൽ തന്റെ തോക്കു തുടച്ചു മിനുക്കി പറയുകയായിരുന്നു. "ഇന്ന് അവധി ദിനമായതു കൊണ്ട് ആകെ മടുപ്പാണ്. ബലാത്സംഗം ചെയ്യാൻ ഇരകളെ കിട്ടില്ലല്ലോ. ഒരു കൊച്ചു കുട്ടിയെ ബലാത്സംഗം ചെയ്തിട്ട് എത്ര നാളായി..."

 

 

*****

 

"മകളേ, നിനക്ക് ജീവിക്കാൻ ഈ ലോകം നല്ലതല്ല. ഈ ലോകത്തിനു അർഹത ഇല്ല. നിന്റെ അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമാണ്."