Skip to main content

മഹാപ്രളയ ദുരന്തത്തിൽ ആയിരങ്ങളെ രക്ഷിച്ച കേരള ആർമിക്കു സ്വീകരണം; പ്രതിധ്വനിയുടെ വക ഓണക്കോടി

Fishermen gave Onakkodi

പ്രളയദുരന്തത്തിലകപ്പെട്ട ആയിരക്കണക്കിനാളുകളെ സ്വജീവൻ തൃണവൽഗണിച്ച്, വള്ളത്തിലെത്തി രക്ഷിച്ച തീരദേശ മത്സ്യതൊഴിലാളി വീരന്മാരെ തുമ്പ പോലീസ്‌ സ്റ്റേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. രക്ഷാപ്രവർത്തകരായി പോയ 57 മത്സ്യത്തൊഴിലാളികൾ , വള്ളങ്ങൾ കൊണ്ട് പോകാൻ സഹായിച്ച ലോറി ഡ്രൈവേഴ്സ്, സി എസ്‌ എഫ് ജവാൻസ്, രക്ഷാ പ്രവർത്തനത്തിൽ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രശസ്തി പത്രവും പൊന്നാടയും ഓണക്കോടിയും നൽകി ആദരിച്ചു. കഴക്കൂട്ടം എ സി പി ശ്രീ. അനിൽകുമാർ അധ്യക്ഷനായിരുന്ന ചടങ്ങ് സിറ്റി പോലീസ് കമ്മീഷണർ ശ്രീ പി പ്രകാശ് IPS ഉത്ഘാടനം ചെയ്തു. ഐ എസ് ആർ ഒ ഡയറക്ടർ ശ്രീ എസ് സോമനാഥ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ ടെക്ക്നൊപാർക്കിലെ‌ മുഴുവൻ ഐ ടി ജീവനക്കാർക്കും വേണ്ടി മത്സ്യ തൊഴിലാളികൾക്കും അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തി. നൂറിലധികം വരുന്ന മുഴുവൻ രക്ഷാപ്രവർത്തകർക്കും പ്രതിധ്വനിയുടെ വക ഓണക്കോടി സമ്മാനിച്ചു.

പ്രളയത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴക്കൂട്ടത്തിനു സമീപമുള്ള ക്യാമ്പുകളിൽ കിടക്കയും പുതപ്പും ആഹാരവും നൽകിയതിന് പ്രതിധ്വനിയെ എ സി പി അനിൽകുമാർ അഭിനന്ദിച്ചു. പ്രതിധ്വനിയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചറിഞ്ഞ, ആദരിക്കപ്പെട്ട രക്ഷാപ്രവർത്തകരിലൊരാളായ ജാക്സൺ പത്രോസ് തനിക്ക് ലഭിച്ച ഓണക്കോടിയും ഷാളും പ്രതിധ്വനിയുടെ ടെക്‌നോപാർക്കിലെ കളക്ഷൻ ക്യാമ്പിലേയ്ക്ക് നൽകാനായ് സെക്രട്ടറി രാജീവ് കൃഷ്ണനു കൈമാറി.

പ്രളയ രാത്രി തന്നെ മത്സ്യതൊഴിലാളികളെ വിളിച്ചുണർത്തി ഇന്ധനവും വണ്ടിയും ബോട്ടുകളും സംഘടിപ്പിച്ചു രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തുമ്പ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ശ്രീ പ്രതാപചന്ദ്രന് പ്രതിധ്വനിയുടെ അഭിവാദ്യങ്ങൾ.

ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ ആർ IPS, ACP പ്രമോദ് കുമാർ, കോർപ്പറേഷൻ വാർഡ് കൗൺസിലർമാർ, മതമേലദ്ധ്യക്ഷന്മാർ എന്നിവർ ആശംസയർപ്പിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു ജനാവലി ചടങ്ങിൽ സന്നിഹിതരായിരുന്നു.